തമിഴ്പുലികളെ കെട്ടുകെട്ടിച്ച ഗോതബയ രാജപക്ഷെ ഇനി ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ- ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനും തമിഴ്പുലികള്‍ക്കെതിരായ യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഗോതബയ രാജപക്ഷെ പുതിയ പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ടു. 50.7 ശതമാനം വോട്ടു നേടി ഗോതബയ മഹിന്ദ രാജക്ഷെയുടെ എസ്.എല്‍.പി.പി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സജിത് പ്രേമദാസയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. 43.8 ശതമാനം വോട്ടാണ് പ്രേമദാസ നേടിയത്. നിലവിലെ സര്‍ക്കാരില്‍ മന്ത്രിയാണ് പ്രേമദാസ. ഇടതു പക്ഷ സ്ഥാനാര്‍ത്ഥി അണുര കുമാര ദിസനായകെ മൂന്നാമതെത്തി. 

എല്‍ടിടിഇയുടെ നേതൃത്വത്തിലുള്ള തമിഴ് വിഘടനവാദികളെ ശ്രീലങ്കയില്‍ നിന്നും തൂത്തെറിഞ്ഞ ആഭ്യന്തര യുദ്ധ കാലത്ത് പ്രസിഡന്റായിരുന്ന സഹോദരന്‍ മഹിന്ദയോടൊപ്പം പ്രതിരോധ സെക്രട്ടറിയായ ഗോതബയയും തമിഴ്പുലികളെ ഒതുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ്. സമീപ കാലത്ത് ശ്രീലയങ്കയിലുണ്ടായ 250ലേറെ പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണ പരമ്പര ചൂണ്ടിക്കാട്ടി സുരക്ഷാ വീഴ്ചകളെ പ്രധാന ആയുധമാക്കിയാണ് ഗോതബയ പ്രചാരണം നടത്തിയത്. ഗോതബയ ശ്രീലങ്കയുടെ ഏഴാമത് പ്രസിഡന്റായി അധികാരമേല്‍ക്കും.

കടുത്ത ദേശീയവാദിയായ രാജപക്ഷെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ഭൂരിപക്ഷ സമുദായത്തിന്റെ രോഷവും ആശങ്കയും മുതലെടുത്താണ് വോട്ടു നേടിയത്. സിംഹള വംശജര്‍ക്ക് ആധിപത്യമുള്ള തെക്കന്‍ ശ്രീലങ്കയില്‍ വന്‍ഭൂരിപക്ഷമാണ് രാജപക്ഷെയുടെ പാര്‍ട്ടി നേടിയത്. പോസ്റ്റല്‍ ബാലറ്റുകളിലും മുന്നിട്ടുനിന്നു. 

തമിഴ് പാര്‍ട്ടികള്‍ രാജപക്ഷെയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. തമിഴ്പുലികള്‍ക്കെതിരായ യുദ്ധകാലത്ത് രാജപക്ഷെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിയെന്ന് കാലങ്ങളായി ഇവര്‍ ആരോപിക്കുന്നു. തമിഴ് ന്യൂനപക്ഷങ്ങള്‍ കേന്ദ്രീകരിച്ച വടക്ക്, കിഴക്കന്‍ മേഖലകളില്‍ പ്രേമദാസയാണ് മുന്നിട്ടു നിന്നത്. ദരിദ്രരെ സഹായിക്കാനുള്ള നയങ്ങളിലൂന്നിയായിരുന്നു പ്രേമദാസയുടെ പ്രചാരണം.
 

Latest News