Sorry, you need to enable JavaScript to visit this website.

അനാഥയാക്കി സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ചു; സങ്കടപ്പെടുന്ന മാതാപിതാക്കളെ കണ്ടില്ല

ഹൈദരാബാദ്- കാലിപ്പാത്രവും കൈയില്‍ പിടിച്ച് സ്‌കൂളിലേക്ക് എത്തിനോക്കിയതിനെ തുടര്‍ന്ന് സ്‌കൂളില്‍ പ്രവേശനം ലഭിച്ച അഞ്ചു വയസ്സുകാരിയുടെ ഫോട്ടോ മുഴുവന്‍ കഥകളും പറഞ്ഞില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്.

മറ്റുകുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലേക്ക് എത്തിനോക്കുന്ന ദിവ്യ എന്ന അഞ്ചുവയസ്സുകാരിയുടെ ഫോട്ടോ തെലുഗ് പത്രം പ്രസിദ്ധീകരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതാണ് പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ കാരണമായത്.

ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് കുട്ടികളുടെ അവകാശ പ്രവര്‍ത്തകനാണ് ഫോട്ടോ ഫേസ് ബുക്കില്‍ പങ്കുവെച്ചത്. തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ ഇത് കാരണമായി.

എന്നാല്‍ ഫോട്ടോയും വിവാദവും അനാവശ്യമായിരുന്നുവെന്ന് ദിവ്യയുടെ പിതാവ് എം. ലക്ഷ്മണനും തൂപ്പുജോലി നോക്കുന്ന ഭാര്യ യശോദയും പറയുന്നു. കുട്ടിയെ അനാഥയായി ചിത്രീകരിച്ചതിലാണ് മാതാപിതാക്കള്‍ക്ക് സങ്കടം. ഫോട്ടോ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നിയെന്നും അവളെ വളര്‍ത്താനും നല്ല ഭാവി ഉറപ്പുവരുത്താനും കഠിനാധ്വാനം ചെയ്യുന്ന തങ്ങളെ ആരും കണ്ടില്ലെന്ന് ലക്ഷ്മണന്‍ ബിബിസിയോട് പറഞ്ഞു.

സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ദിവ്യക്ക് ആറു വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് വിശന്ന അനാഥയായി ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആറു വയസ്സായാല്‍ മറ്റ് രണ്ട് പെണ്‍മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലില്‍ അവളെയും ചേര്‍ക്കാനായിരുന്നു.  ദമ്പതികളുടെ ഒരു മകന്‍  സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി  കോളേജ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കയാണ്. ഇപ്പോള്‍ ആക്രി ശേഖരിക്കുന്ന പിതാവിനെ സഹായിക്കുന്നു.  

ഹൈദരാബാദിന്റെ ഹൃദയഭാഗത്തുള്ള ചേരിയിലെ ഒറ്റമുറി കുടിലിലാണ് ദിവ്യയും മാതാപിതാക്കളും താമസിക്കുന്നത്. ചേരിയില്‍നിന്ന് 100 മീറ്റര്‍ അകലെയാണ് ദിവ്യയുടെ ഫോട്ടോ എടുത്ത സര്‍ക്കാര്‍ സ്‌കൂള്‍. ചേരിയില്‍ താമസിക്കുന്ന 300 കുടുംബങ്ങളില്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്.

തനിക്കും  ഭാര്യക്കും മാസം 10,000 രൂപയുണ്ടാക്കാന്‍ കഴിയുമെന്നും ഭക്ഷണത്തിനും വസ്ത്രത്തിനും ഇത് മതിയെന്നും സര്‍ക്കാര്‍ സ്‌കൂളുകളിലായതിനാല്‍ മക്കളുടെ പഠനം സൗജന്യമാണെന്നും ലക്ഷ്മണന്‍ പറഞ്ഞു.
മാതാപിതാക്കളില്ലാതെയാണ് താന്‍ വളര്‍ന്നതും കഠിനാധ്വാനത്തിലൂടെയാണ് മാന്യമായ  ജീവിതം നയിക്കുന്നതെന്നും കുട്ടികള്‍ക്ക് തന്റെ അനുഭവം ഇല്ലാതിരിക്കാനാണ് അവരെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്റെ അഞ്ച് മക്കളുടെ കാര്യങ്ങള്‍ കൂടി നോക്കുന്ന തനിക്ക്  മകളുടെ ഫോട്ടോ പ്രചരിച്ചത് വലിയ വേദനയാണ് ഉണ്ടാക്കിയതെന്നും ലക്ഷ്മണന്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിനു ചുറ്റും താമസിക്കുന്ന കുട്ടികള്‍ സ്‌കൂളിലേക്ക് വരാറുണ്ടെന്നും ഉച്ചഭക്ഷണത്തില്‍ ബാക്കി വരുന്നവ അവര്‍ക്ക് നാല്‍കാറുണ്ടെന്നും അധ്യാപകര്‍ പറയുന്നു. ഇങ്ങനെ ഉച്ചഭക്ഷണം വാങ്ങാന്‍ പാത്രവുമായി വന്ന ദിവ്യ ക്ലാസ് മുറിയിലേക്ക് എത്തിനോക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ വൈറലാക്കിയത്.

 

Latest News