Sorry, you need to enable JavaScript to visit this website.

ഫാത്തിമയുടെ മരണം; ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിക്കും

ചെന്നൈ- മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ ചെന്നൈ സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അന്വേഷണം തുടങ്ങി.

സി.സി.ബി അഡീഷണല്‍ കമ്മിഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഫാത്തിമയുടെ പിതാവ് ലത്തീഫില്‍നിന്ന് മൊഴിയെടുത്തു. ലഭ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി  ലത്തീഫ് പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തിനായി ഫാത്തിമ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മറ്റു ഉപകരണങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി കൊല്ലത്തുള്ള വീട്ടിലേക്ക് പോകാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ കണ്ടെത്തുമെന്നും അന്വേഷണസംഘം ഉറപ്പുനല്‍കിയതായി ലത്തീഫ് പറഞ്ഞു. ഫാത്തിമയെ മാനസികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ്‌ചെയ്യണമെന്നാണ് ലത്തീഫിന്റെ ആവശ്യം. നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് ലത്തീഫ്  ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥനെയും കണ്ടു. സ്വന്തം മകള്‍ക്ക് സംഭവിച്ച ദുരന്തമായിക്കണ്ട് അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ ഉറപ്പുനല്‍കി. കേരള ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ചെന്നൈ കമ്മിഷണറെ ടെലിഫോണില്‍ വിളിച്ചിരുന്നു.

ഐ.ഐ.ടി.യിലെ ഉന്നത ഉദ്യോഗസ്ഥരും തുടക്കത്തില്‍ കേസന്വേഷിച്ച കോട്ടൂര്‍പുരം പോലീസും ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചുവെന്ന് സംശയിക്കുന്നതായും ലത്തീഫ് ആരോപിച്ചു. ഓരോ ദിവസത്തെയും സംഭവങ്ങള്‍ കൃത്യമായി എഴുതിവെക്കുന്ന ശീലം ഫാത്തിമയ്ക്കുണ്ടായിരുന്നു. മരിക്കുന്നതിനുമുമ്പ് 28 ദിവസത്തെ കാര്യങ്ങള്‍ കൃത്യമായി മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ സി.സി.ബി.യ്ക്ക് കൈമാറിയിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. ഫാത്തിമ താമസിച്ച ഹോസ്റ്റല്‍മുറി സിറ്റി പോലീസ് പോലീസ് കമ്മിഷണറും സി.സി.ബി. അഡീഷണല്‍ കമ്മിഷണറും വ്യക്തമായി പരിശോധിച്ചിരുന്നു.

ഫാത്തിമാ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി  ചെന്നൈയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

 

 

Latest News