റിയാദ് - യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ വിഘടനവാദികളും തമ്മിൽ റിയാദിൽ ഒപ്പുവെച്ച സമാധാന കരാർ നടപ്പാക്കാൻ തുടങ്ങിയതായി യെമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽഇർയാനി പറഞ്ഞു. താൽക്കാലിക തലസ്ഥാനമായ ഏദനിലും സ്വതന്ത്രമാക്കപ്പെട്ട പ്രവിശ്യകളിലും സമാധാന കരാർ സ്ഥിതിഗതികൾ ഭദ്രമാക്കുകയും ഇറാൻ പദ്ധതിയെയും അതിന്റെ ഉപകരണമായ ഹൂത്തി മിലീഷ്യകളെയും ചെറുക്കുകയും ചെയ്യുന്നു.
യെമനിലെ മുഴുവൻ കക്ഷികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ പുനർനിർമാണത്തിൽ ഗവൺമെന്റ് വൻ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. റിയാദ് കരാറിൽ വിജയികളും തോറ്റവരുമില്ല. രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുകയും അട്ടിമറി അവസാനിപ്പിക്കുന്നതിനും രാഷ്ട്രത്തിന്റെ വീണ്ടെടുപ്പിനുമുള്ള ശ്രമങ്ങൾ ഏകീകരിക്കുകയുമാണ് റിയാദ് കരാർ ചെയ്തത്.
പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും മടക്കത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏദനിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏദൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മന്ത്രിസഭ സർക്കാർ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുകയും സുരക്ഷാ ഭദ്രതയുണ്ടാക്കുകയും സിവിൽ, സൈനിക മേഖലകളിലെ സർക്കാർ ജീവനക്കാരുടെ വേതന വിതരണം പുനരാരംഭിക്കുകയും സ്വതന്ത്രമാക്കിയ പ്രവിശ്യകളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുകയും ചെയ്യും.
ഹൂത്തികളെ പിന്തുണക്കുന്ന മാധ്യമ പ്രചാരണം നിർത്തിവെക്കണമെന്ന് ലബനോൻ ഗവൺമെന്റിനോട് യെമൻ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശം കേന്ദ്രീകരിച്ചാണ് ഹൂത്തി അനുകൂല മാധ്യമ പ്രചാരണം നടക്കുന്നത്. ലബനോനിൽനിന്ന് ഇറാൻ സാമ്പത്തിക സഹായത്തോടെയും പിന്തുണയോടെയും ഹിസ്ബുല്ല വിദഗ്ധരുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് ഹൂത്തി ചാനലുകളും വെബ്‌സൈറ്റുകളും പ്രവർത്തിക്കുന്നത്. യെമൻ ദേശീയ സുരക്ഷക്ക് ഭംഗം വരുത്തുകയും യെമനും ലബനോനും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടിക്കുകയും ചെയ്യുന്ന ഈ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ ലബനീസ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കത്തുകളയച്ചിട്ടുണ്ട്. ലബനീസ് ഗവൺമെന്റിൽ ഹിസ്ബുല്ലക്കുള്ള സ്വാധീനത്തിന്റെയും ലബനോനിലെ സങ്കീർണമായ രാഷ്ട്രീയ സ്ഥിതിഗതികളുടെയും ഫലമായി ഇക്കാര്യത്തിൽ അനുകൂലമായ ഒരു പ്രതികരണവും ലബനോന്റെ ഭാഗത്തു നിന്ന് ഇതുവരെയുണ്ടായിട്ടില്ല.
ഹൂത്തികളും ഭീകര ഗ്രൂപ്പുകളും തമ്മിൽ വളരെ ശക്തമായ ബന്ധമാണുള്ളത്. ഹൂത്തി അട്ടിമറിയും ഇതിന്റെ ഫലമായി സുരക്ഷാ വകുപ്പുകൾ ദുർബലമായതും യെമനിലെ പ്രവിശാലമായ പ്രദേശങ്ങളിൽ ഭീകര ഗ്രൂപ്പുകളുടെ വ്യാപനത്തിന് ഇടയാക്കി. സഖ്യസേനയുടെ പിന്തുണയോടെ യെമൻ സൈന്യം ഈ പ്രദേശങ്ങൾ വീണ്ടെടുക്കുകയും ഭീകര ഗ്രൂപ്പുകൾക്ക് കനത്ത പ്രഹരമേൽപിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ നിയന്ത്രണത്തിൽ പെട്ട 80 ശതമാനം പ്രദേശങ്ങളും ഹൂത്തികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. യെമന്റെ 18 ശതമാനം പ്രദേശങ്ങൾ മാത്രമാണ് ഇപ്പോൾ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ളത്. ഇവ ദുർഘടമായ മലമ്പ്രദേശങ്ങളും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളുമാണ്. ജനവാസ കേന്ദ്രങ്ങളിൽ കഴിയുന്ന ഹൂത്തികൾ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും മുഅമ്മർ അൽഇർയാനി പറഞ്ഞു.