Sorry, you need to enable JavaScript to visit this website.

സൗദി ഇലക്ട്രിസിറ്റി കമ്പനിക്കെതിരെ പതിനായിരത്തിലേറെ പരാതികൾ

റിയാദ്- കഴിഞ്ഞ വർഷം സൗദി ഇലക്ട്രിസിറ്റി കമ്പനിക്കെതിരെ ഉപയോക്താക്കളിൽ നിന്ന് 10,597 പരാതികൾ ലഭിച്ചതായി വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി വെളിപ്പെടുത്തി.

പരാതികളിൽ 57 ശതമാനം ബില്ലുകളുമായി ബന്ധപ്പെട്ടവയും അവശേഷിക്കുന്നവ വൈദ്യുതി കണക്ഷൻ, പോസ്റ്റ് മാറ്റി സ്ഥാപിക്കൽ, വൈദ്യുതി സ്തംഭനം എന്നിവയുമായി ബന്ധപ്പെട്ടവയുമായിരുന്നു. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മധ്യസൗദിയിലെ ഉപയോക്താക്കളിൽ നിന്നാണ്. ഈ മേഖലയിൽ നിന്ന് 3463 പരാതികൾ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള പശ്ചിമ സൗദിയിൽ നിന്ന് 2870 പരാതികളും ദക്ഷിണ സൗദിയിൽ നിന്ന് 2754 പരാതികളും കിഴക്കൻ സൗദിയിൽ നിന്ന് 1510 പരാതികളും ലഭിച്ചു. 


ബില്ലുകളുമായി ബന്ധപ്പെട്ട് 6093 പരാതികളും കണക്ഷനുമായി ബന്ധപ്പെട്ട് 1750 പരാതികളും വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട് 1559 പരാതികളും പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 296 പരാതികളും കഴിഞ്ഞ വർഷം ഉപയോക്താക്കളിൽ നിന്ന് അതോറിറ്റിക്ക് ലഭിച്ചു. മറ്റിനങ്ങളിൽപെട്ട 909 പരാതികളും ലഭിച്ചു. 


പരാതികളിൽ നിയമ, നിർദേശങ്ങൾക്ക് അനുസൃതമായി അതോറിറ്റി നടപടികൾ പൂർത്തിയാക്കി. ഉപയോക്താക്കൾ ആദ്യം ഇലക്ട്രിസിറ്റി കമ്പനിക്കാണ് പരാതി നൽകേണ്ടത്. ബില്ലുകളുമായി ബന്ധപ്പെട്ട പരാതികൾക്ക് പത്തു ദിവസത്തിനകവും മറ്റു സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് മുപ്പതു ദിവസത്തിനകവും കമ്പനി പരിഹാരം കാണാതിരിക്കുകയോ പരിഹാരം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഉപയോക്താക്കൾക്ക് ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റിക്ക് പരാതികൾ നൽകാവുന്നതാണ്. ഇലക്ട്രിസിറ്റി കമ്പനിക്ക് നൽകിയ പരാതിയുടെ നമ്പർ സഹിതമാണ് അതോറിറ്റിക്ക് പരാതി സമർപ്പിക്കേണ്ടത്.

 

Latest News