Sorry, you need to enable JavaScript to visit this website.

കോംപറ്റീഷൻ അതോറിറ്റി ഉദ്യോഗസ്ഥർക്ക്  കൈക്കൂലി നൽകിയാൽ 20 ലക്ഷം പിഴ

റിയാദ്- അന്വേഷണത്തെയും നിയമ നടപടികളെയും സ്വാധീനിക്കും വിധം, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയോ സംഭാവനകളോ ദാനങ്ങളോ നൽകുന്ന സ്ഥാപനങ്ങൾക്ക് 20 ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുമെന്ന് പുതുക്കിയ ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ നിയമാവലി മുന്നറിയിപ്പ് നൽകുന്നു. സ്ഥാപനങ്ങളുടെ രഹസ്യ ഇൻവോയ്‌സുകൾ, മറ്റു രേഖകൾ, ഉപകരണങ്ങൾ, ഡാറ്റാ ബേസുകൾ, പ്രോഗ്രാമുകൾ, ആപ്പുകൾ എന്നിവയുടെ കോപ്പികൾ എടുക്കുന്നതിന് കോംപറ്റീഷൻ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിയമാവലി അധികാരം നൽകുന്നു. 
അതോറിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകളും വിവരങ്ങളും സ്ഥാപനങ്ങൾ കൈമാറൽ നിർബന്ധമാണ്. സേഫുകൾ തുറന്ന് നൽകിയും കംപ്യൂട്ടർ പാസ്‌വേഡുകൾ കൈമാറിയും ഏൽപിക്കപ്പെട്ട ദൗത്യങ്ങൾ നിർവഹിക്കുന്നതിന് ഉദ്യോഗസ്ഥരെ സ്ഥാപനങ്ങൾ സഹായിക്കണമെന്നും നിയമാവലി അനുശാസിക്കുന്നു.
വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തകവൽക്കരണം, വിപണി പങ്കിടൽ, പരസ്പര ധാരണയോടെ വില ഉയർത്തൽ, തങ്ങളുമായി മത്സരത്തിലുള്ള കമ്പനിയുമായി ഇടപാടുകൾ നടത്തരുതെന്ന് ഉപാധി വെക്കൽ പോലുള്ള നിഷേധാത്മക പ്രവണതകൾ തടയുകയുമാണ് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷന്റെ ചുമതല. പരസ്പര ധാരണയോടെ വില ഉയർത്തിയതിനും വിപണികൾ പങ്കിട്ടെടുക്കുന്നതിന് ധാരണയുണ്ടാക്കിയതിനും പ്രമുഖ അരി ഇറക്കുമതി കമ്പനികൾക്കും ശീതള പാനീയ കമ്പനികൾക്കും ദശലക്ഷക്കണക്കിന് റിയാൽ സമീപ കാലത്ത് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ പിഴ ചുമത്തിയിരുന്നു. 

 

Latest News