Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിലമ്പൂർ-ഷൊർണൂർ പാത ഇനി 24 മണിക്കൂറും 

നിലമ്പൂർ- നിലമ്പൂർ-ഷൊർണൂർ പാത ഇനി 24 മണിക്കൂറും തുറക്കും. സംസ്ഥാനത്ത് രാത്രി പൂട്ടിക്കിടക്കുന്ന ഒരേയൊരു പാതയാണ് നിലമ്പൂർ-ഷൊർണൂർ പാത. രാത്രി പത്തു മുതൽ പുലർച്ചെ ആറു വരെ പാത അടച്ചിടുകയാണ്. 
യാത്രക്കാരുടെയും നിരവധി സംഘടനകളുടെയും നിവേദനത്തെ തുടർന്നു പി.വി അബ്ദുൾ വഹാബ് എം.പി ഇടപെട്ട് തിരുവനന്തപുരത്ത് എം.പിമാരുമായി റെയിൽവേ ഉന്നത അധികൃതർ നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ചെന്നൈ സതേൺ റെയിൽവേ സീനിയർ ഓപ്പറേഷൻ മാനേജർ അനന്തരാമനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നു അറിയിക്കുകയും ചെയ്തിരുന്നു. ഇന്നലെ നിലമ്പൂരിൽ നടന്ന ചടങ്ങിന് മുമ്പ് പി.വി അബ്ദുൽ വഹാബ് എംപി നേരിട്ടു സീനിയർ ഓപ്പറേഷൻ മാനേജരെ വിളിച്ച് ഉറപ്പുവാങ്ങുകയും ചെയ്തു. 
രാത്രി യാത്ര അനുമതി നൽകിയതായി സീനിയർ ഓപ്പറേഷൻ മാനേജർ അറിയിച്ചു. നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ടു പ്ലാറ്റ്‌ഫോം ഷെൽട്ടർ ഉടനടി നിർമിക്കാൻ റെയിൽവേ തയാറാണെന്നു പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ പ്രതാപ് സിംഗ് ഷമി എം.പിക്ക് ഉറപ്പു നൽകി. 
ഒരു ഷെൽട്ടർ നിർമിക്കാൻ ഒരുക്കമാണെന്നു പി.വി അൻവർ എം.എൽ.എയും എം.പിക്ക് ഉറപ്പു കൊടുത്തു. നിലവിലെ രണ്ടാം പ്ലാറ്റ്‌ഫോം ഉയർത്തണമെന്ന ആവശ്യവും അനുഭാവപൂർവം പരിഗണിക്കുമെന്നു ഡിആർഎം ഉറപ്പു നൽകി. ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്നു രണ്ടാം പ്ലാറ്റ്ഫാമിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യവും എം.പി അറിയിച്ചു. 
രാത്രിയാത്ര അനുമതിയായതോടെ രാജ്യറാണി എക്‌സ്പ്രസ് ഷൊർണൂരിൽ പിടിച്ചിടുന്നത് ഒഴിവാക്കി പുലർച്ചെ അഞ്ചരയോടെ നിലമ്പൂരിൽ സ്റ്റേഷനിലെത്തിക്കാവുന്ന തരത്തിൽ ക്രമീകരണം നടത്തണമെന്ന ആവശ്യവും പരിഗണിക്കാമെന്നു ഡി.ആർ.എം ഉറപ്പു നൽകിയിട്ടുണ്ട്. നിലമ്പൂരിലേക്കു നിലവിൽ രണ്ടര മണിക്കൂറിലധികം രാജ്യറാണി ഷൊർണൂരിൽ പിടിച്ചിടുകയാണ്. രാത്രി യാത്രക്ക് അനുമതി ലഭിച്ചതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും. നിലവിൽ 7.30 ന് നിലമ്പൂരിൽ പകൽ നിർത്തിയിടുന്ന രാജ്യറാണി രാത്രി 8.50നാണ് കൊച്ചുവേളിയിലേക്ക് പുറപ്പെടുന്നത്. രാത്രിയാത്ര അനുമതിയാകുന്നതോടെ പകൽ നിർത്തിയിടുന്നതിനു പകരം രാവിലെ ഏഴിനു ഒരു ഡേ എക്‌സ്പ്രസ് ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. നേമം ടെർമിനൽ വരുന്നതോടെ രാജ്യറാണി കൊച്ചുവേളിക്ക് പകരം നേമം വരെ ദീർഘിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. 
രാജ്യറാണിയിൽ ഒരു അധിക സ്ലീപ്പർ കോച്ച്, ലേഡീസ് കംപാർട്ട്‌മെന്റ് എന്നിവ അനുവദിക്കാനും ആവശ്യപ്പെട്ടു. നിലമ്പൂർ-ഷൊർണൂർ റൂട്ടിലെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ വീതി കൂട്ടലും ഉടനടി നടപ്പാക്കണമെന്നും പി.വി. അബ്ദുൾ വഹാബ്  ആവശ്യപ്പെട്ടു. രാമംകുത്ത് അടിപാതക്ക് വേണ്ടി ഫണ്ടുകൾ അനുവദിച്ച ജനപ്രതിനിധികളെയും സംഘടനകളെയും നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ ഭൂതകാലത്തിൽ നിന്നൊരു പുകവണ്ടി ചിത്രീകരിച്ച് ചുടുമൺ കൊത്തിയ ഷരീഫ് നിലമ്പൂരിനെയും  എം.പി അഭിനന്ദിച്ചു.

നിലമ്പൂർ സ്റ്റേഷനിൽ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു 

നിലമ്പൂർ- പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിർമിച്ച രണ്ടാമത്തെ പ്ലാറ്റ്‌ഫോം ഷെൽട്ടർ ഉദ്ഘാടനം എം.പി നിർവഹിച്ചു. 
നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് അധ്യക്ഷയായിരുന്നു, പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ പ്രതാപ് സിംഗ് ഷമി മുഖ്യാതിഥിയായിരുന്നു. പി.വി അൻവർ എംഎൽഎ, ഡോ. ബിജു നൈനാൻ, ജില്ലാ പഞ്ചായത്തംഗം ടി.പി അഷ്‌റഫ് അലി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഗോപിനാഥ്, പ്രതിപക്ഷ നേതാവ് എൻ. വേലുക്കുട്ടി, പ്രഭാകരൻ, സീനിയർ കൊമേഴ്‌സ്യൽ മാനേജർ ജെറിൻ ജി. ആനന്ദ്, സീനിയർ ഓപ്പറേഷൻ മാനേജർ അശോക് കുമാർ, സീനിയർ എൻജിനീയർ കോ-ഓർഡിനേറ്റർ അനന്ത രാമൻ, റെയിൽവേ സൗത്ത് സോൺ കമ്മിറ്റി അംഗം ഷിജു ഏബ്രഹാം, വിനോദ് പി.മേനോൻ, യു. നരേന്ദ്രൻ, ഷേർളി തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൾ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഷെൽട്ടർ നിർമാണം പൂർത്തീകരിച്ചത്. 
രണ്ട് പ്ലാറ്റ്‌ഫോം ഷെൽട്ടർ കൂടി നിർമിക്കാൻ റെയിൽവേക്ക് പദ്ധതിയുണ്ട്. പി.വി അൻവർ എം.എൽ.എയുടെ ഫണ്ടിൽ നിന്നു ഒരു പ്ലാറ്റ്‌ഫോം ഷെൽട്ടർ നിർമിക്കുമെന്നു എം.എൽ.എ അറിയിച്ചിട്ടുണ്ട്. നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽ എംപിയുടെ പ്രാദേശിക ഫണ്ടിൽ 11.50 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഒന്നാം പ്ലാറ്റ്‌ഫോറം 2017 ജൂണിൽ സമർപ്പിച്ചിരുന്നു. 
 

Latest News