Sorry, you need to enable JavaScript to visit this website.

വധഭീഷണി: മുഖ്യമന്ത്രിക്ക് ദല്‍ഹിയില്‍  ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളും

ന്യൂദല്‍ഹി-മാവോയിസ്റ്റ് വധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ. സഞ്ചിരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തി. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷക്കായുണ്ട്. 
സാധാരണ മുഖ്യമന്ത്രിക്ക് രണ്ട് കമാന്‍ഡോസിനേയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നു.
പോളിറ്റ്ബ്യൂറോ യോഗത്തിനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി വന്നത്. അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനീ ദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാം ആണ് ഭീഷണി കത്തില്‍ ഒപ്പിട്ടത്. 
വടകര പൊലീസ് സ്‌റ്റേഷനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ കേരള മുഖ്യന് ശിക്ഷ തങ്ങള്‍ നടപ്പാക്കുമെന്നാണ് കത്തിലുള്ളത്.അര്‍ബന്‍ ആക്ഷന്‍ ടീമിന്റെ പേരിലാണ് കത്ത്. ലഘുലേഘകളും കത്തിനൊപ്പമുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചത്.
ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കാണ് കമ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ നിന്ന് വധഭീഷണി ഉണ്ടായിയിരിക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്തു ഏഴ് മാവോയിസ്റ്റുകളാണ് പോലീസ് വെടിവയ്പ്പില്‍ മരിച്ചത്. മാവോയിസ്റ്റുകളുടെ കൊലയെ സിപിഐ രൂക്ഷമായി വിമര്‍ശിച്ചപ്പോഴും മുഖ്യമന്ത്രിയും സിപിഎമ്മും ഭിന്ന നിലപാടാണ് സ്വീകരിച്ചത്.

Latest News