Sorry, you need to enable JavaScript to visit this website.

അയോധ്യ മുതൽ ശബരിമല വരെ

രാജ്യമാകെ ഉത്ക്കണ്ഠയോടും ലോകമാകെ അതിശയത്തോടും ഇന്ത്യൻ സുപ്രിംകോടതിയിലേക്ക് ഉറ്റുനോക്കിയ ഒരു വാരമാണ് കടന്നുപോയത്. നവംബർ 9ന് അയോധ്യയിലെ തർക്കഭൂമി സംബന്ധിച്ച കേസിലെ വിധിപ്രസ്താവത്തോടെ അതിനു തുടക്കമായി. ശബരിമല കേസിലെ വിധി വിശാലബെഞ്ചിന് സമർപ്പിച്ചും റഫാൽ വിമാന ഇടപാടിൽ അന്വേഷണം വേണ്ടെന്ന മുൻ നിലപാട് ആവർത്തിച്ചും വ്യാഴാഴ്ച അത് ഉച്ചസ്ഥായിയിലെത്തി.
കർണാടകയിലെ വിമത എം.എൽ.എമാരുടെ കൂറുമാറ്റം സംബന്ധിച്ച സ്പീക്കറുടെ തീരുമാനം ഭാഗികമായി ശരിവെച്ചും ചീഫ് ജസ്റ്റിസിന്റെ ഓഫീസുകൂടി ആർ.ടി.ഐ നിയമത്തിന്റെ പരിധിയിലേക്ക് വിട്ടുകൊണ്ടും വ്യാപക രാഷ്ട്രീയ മാനങ്ങളുള്ള തീർപ്പുകളും  ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുണ്ടായി. 
ഇന്ത്യൻ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതിനിർണ്ണായകമായ വഴിത്തിരിവു സൃഷ്ടിച്ചു ഈ വിധിപ്രസ്താവങ്ങൾ. അതിൽ ആശങ്ക പങ്കുവെക്കുന്നവരുമുണ്ട്. ഏതായാലും അതിനുപിറകെയാണ് മറ്റൊരു ചീഫ് ജസ്റ്റിസും നിർവ്വഹിച്ചിട്ടില്ലാത്ത ദൗത്യം പൂർത്തിയാക്കി അത്യുന്നത നീതിപീഠത്തിന്റെ നേതൃപദവിയിൽനിന്ന് രഞ്ജൻ ഗൊഗോയ് ശനിയാഴ്ച വിടപറയുന്നത്.  
ഈ  കേസുകളിൽ അയോധ്യാകേസും ശബരിമലകേസും മതവും വിശ്വാസവും ആചാരവും ഒരുവശത്തും ഭരണഘടന മറുവശത്തും നിലകൊള്ളുന്നു.  അയോധ്യകേസിൽ ഹിന്ദു വിശ്വാസികളും മുസ്ലിം വിശ്വാസികളും തമ്മിലുള്ള തർക്കപ്രശ്‌നമാണെങ്കിൽ ശബരിമലയിൽ ഹിന്ദുവിഭാഗത്തിലെ ആചാരവും ഭരണഘടനാപരമായ ലിംഗതുല്യതയും സംബന്ധിച്ച തർക്കമാണ് മൂർച്ഛിച്ചത്. ഇതിൽ തീർപ്പു കൽപിക്കുന്നതിന്റെ സങ്കീർണ്ണതയും വിശ്വാസ്യതയും പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. 
എങ്കിലും ആശങ്കകളും വിയോജിപ്പും മറച്ചുപിടിക്കാതെതന്നെ ഭരണഘടനയുടെയും ഉന്നത നീതിപീഠത്തിന്റെയും വിശ്വാസ്യതയും ചൈതന്യവും അംഗീകരിക്കാനും സമാധാനവും മതമൈത്രിയും നിലനിർത്താനും ഇന്ത്യ ലോകത്തിന് മാതൃക കാട്ടി.  സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഈ പരീക്ഷണഘട്ടത്തെ ഏറ്റവും സംക്ഷിപ്തമായി ഇങ്ങനെയേ കുറിക്കാനാകൂ. 
അയോധ്യാവിധി വരുന്നതിനു മുമ്പുതന്നെ വിധി എന്തായാലും അംഗീകരിക്കണമെന്ന അഭിപ്രായം രാജ്യത്താകെ ഉയർന്നിരുന്നു. മതനിരപേക്ഷതയേയും ഭരണഘടനയെതന്നെയും തകർക്കുന്ന നീക്കങ്ങൾ  ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നും ഭരണകക്ഷിയെ പിന്താങ്ങുന്നവരിൽനിന്നും ആസൂത്രിതമായി ഉണ്ടായപ്പോൾ. ഈ സമ്മർദ്ദപശ്ചാത്തലത്തിലും അയോധ്യാകേസ് സംബന്ധിച്ച ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്ഠമായി വിധി അംഗീകരിച്ചത്  രാജ്യത്തിന്റെ ഐക്യവും ഭരണഘടനയും സമാധാനവും ഉറപ്പിക്കുന്നതായി. നൂറുകണക്കിൽ കുടുംബങ്ങളും ആയിരക്കണക്കിൽ നിരപരാധികളും വർഗീയ ആക്രമണത്തിന്റെയും കലാപത്തിന്റെയും പേരിൽ കൊല്ലപ്പെട്ടിട്ടും. 
പാനിപ്പറ്റ് യുദ്ധ വിജയത്തെതുടർന്ന് 1528ൽ ബാബർ പണിയിച്ച അയോധ്യയിലെ ബാബ്‌റി മസ്ജിദിനെക്കുറിച്ച് ഹിന്ദുത്വ ശക്തികൾ ഇക്കാലമത്രയും പ്രചരിപ്പിച്ച വാദങ്ങളെല്ലാം ഭൂരിപക്ഷ സമുദായത്തിൽനിന്നു നാലുപേരും ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരാളും ഉൾപ്പെട്ട ഭരണഘടനാ ബഞ്ച് തള്ളി. ശ്രീരാമക്ഷേത്രം പൊളിച്ച് പള്ളി പണിതെന്നും അത് രാമന്റെ ജന്മസ്ഥാനത്തിനു മുകളിലാണെന്നും 1949 ൽ പള്ളിക്കകത്തുനിന്ന് വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും മറ്റുമുള്ള വാദങ്ങൾ. ഇവയ്ക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് വിധിയിൽ പറഞ്ഞു. അതേസമയം രാമന്റെ ജന്മസ്ഥലമാണ് അയോധ്യ എന്ന നിലയിൽ ഹിന്ദുക്കൾ പതിറ്റാണ്ടുകളായി  അവിടെ ആരാധന നടത്തിയിരുന്നു എന്നത് കോടതി അംഗീകരിച്ചു. എന്നാൽ ബാബ്‌റി മസ്ജിദിൽ വിഗ്രഹങ്ങൾ വെച്ചതും പള്ളിതന്നെ തകർത്തതും ഹീനമായ നിയമലംഘനമായി വിധി കുറ്റപ്പെടുത്തി.  
എന്നിട്ടും അതേ തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് ഏകകണ്ഠമായി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. ക്ഷേത്ര നിർമ്മാണത്തിന് മൂന്നുമാസത്തിനകം ട്രസ്റ്റ് നിർമ്മിക്കാൻ കേന്ദ്ര   ഗവണ്മെന്റിനോടും ആവശ്യപ്പെട്ടു. പള്ളി പണിയാൻ മുസ്ലിംങ്ങൾക്ക് അയോധ്യയിൽ അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകണമെന്നും.  
പള്ളി തകർത്തവർക്ക് തർക്കസ്ഥലം ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുത്തതും പള്ളി തകർക്കുന്നതിലേക്കു നയിച്ച രഥയാത്രയുടെ സംഘാടകരിൽ ഒരാളായിരുന്ന നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രഗവണ്മെന്റിനെ ക്ഷേത്രം പണിയുന്നതിനുള്ള ട്രസ്റ്റു രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതും ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രമല്ല വേദനിപ്പിച്ചിട്ടുള്ളത്. മുൻ സുപ്രിംകോടതി ജഡ്ജിമാരായ എ.കെ ഗാംഗുലി, മാർക്കണ്‌ഡെയ കട്ജു തുടങ്ങിയവർ ഇതിനെതിരെ ശക്തമായ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. 
ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിനും പ്രധാനമന്ത്രി മോഡിയുടെ വർഗീയ- രാഷ്ട്രീയ അജണ്ടയ്ക്കും അനുകൂലമായ വിധിയാണെന്ന് മാധ്യമങ്ങളും വിമർശിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഉന്നത നീതിപീഠ വിധികളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അമേരിക്കൻ പത്രങ്ങളായ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ തുടങ്ങിയവ ഹിന്ദു ദേശീയവാദികൾക്ക് അനുകൂലമായി വിധിയെന്ന് വിമർശിച്ചു. ആർക്കിയോളജിക്കൽ സർവ്വെയുടെ റിപ്പോർട്ട് തെളിവായി സ്വീകരിച്ച വിധി ഭൂമിതർക്കത്തിന്റെ പരിധിവിട്ടാണ് തീരുമാനം എടുത്തതെന്നും പല പാശ്ചാത്യ പത്രങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടി. ബാബ്‌റി പള്ളി നിലനിന്നേടത്താണ് ഹിന്ദുക്കൾക്ക് ക്ഷേത്രനിർമ്മിക്കാൻ അനുമതി നൽകിയതെന്നും.  
ഹിന്ദുത്വ തീവ്രവാദികൾക്കു മുമ്പിൽ തങ്ങൾ രണ്ടാംതരം പൗരന്മാരായി മാറുമെന്ന് ഇന്ത്യയിലെ പല മുസ്ലിങ്ങളും ഭയപ്പെടുന്നതായി 'ന്യൂയോർക്ക് ടൈംസ്' പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ  പ്രതികരണവും പത്രം ഉദ്ധരിച്ചു: ഒന്നിക്കുക, സഹകരിക്കുക, ഒന്നിച്ചുജീവിക്കുക എന്നതാണ് വിധിയുടെ സന്ദേശം. പുതിയ ഇന്ത്യയിൽ ഭയത്തിനോ ശത്രുതയ്‌ക്കോ നിഷേധാത്മകതയ്‌ക്കോ സ്ഥാനമില്ല.  
ഇത് ആരുടെയും ജയമോ തോൽവിയോ അല്ലെന്നും ബന്ധപ്പെട്ട ഭിന്നതകളെല്ലാം അവസാനിക്കണമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പ്രതികരിച്ചു. ആർ.എസ്.എസ് സമരസംഘടനയല്ലെന്നു പറഞ്ഞ സർ സംഘ് ചാലക് കാശിയും മഥുരയുമെന്ന ലക്ഷ്യത്തെക്കുറിച്ചു മൗനംപൂണ്ടു. 
ദേശീയതലത്തിൽ അറിയപ്പെടുന്ന സിദ്ധാർത്ഥ് ഭാട്ട്യയെപ്പോലുള്ള പത്രപ്രവർത്തകർ ഹിന്ദുത്വശക്തികളുടെ അനുരഞ്ജന മനോഭാവത്തെ തുറന്നുകാട്ടി: ഭൂരിപക്ഷത്തിന് എതിരായിരുന്നു വിധിയെങ്കിൽ ദേശീയ അനുരഞ്ജനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിനാളുകളെ പൗരത്വരഹിതരായി മാറ്റിയശേഷം അഞ്ചേക്കർ ഭൂമി അവർക്ക് ഭൂരിപക്ഷം  സമ്മാനമായി നൽകുന്ന നിലയാണ് അവർക്കുണ്ടായിരിക്കുന്നത്.  അനുരഞ്ജനവും പ്രായശ്ചിത്വവുംകൂടി വരുമ്പോഴേ ശരിയായ സാന്ത്വനമുണ്ടാകൂ എന്ന് സിദ്ധാർത്ഥ് ഭാട്ടിയ പറഞ്ഞു.     
ലോകപ്രശസ്തമായ ഫ്രഞ്ച് പത്രം 'ലെമോൻഡി'  മതവും രാഷ്ട്രീയവും ചേർന്നതാണ് സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ അയോധ്യാ വിധിയെന്നാണ് വിലയിരുത്തിയത്. 
അയോധ്യാ വിധിയിൽനിന്ന് ശബരിമല വിധിയിലേക്കെത്തുമ്പോൾ പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാകുന്നു. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പകരം വന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും നേരത്തെ ഭൂരിപക്ഷ വിധിക്കൊപ്പം നിന്ന ജസ്റ്റിസ് എ.എൻ ഖാൻവിൽക്കറും അന്നു ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയും യുവതീപ്രവേശം വിശാല ഭരണഘടനാബഞ്ചിനു വിടുന്നു. ആ തീർപ്പിനെതിരെ അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി നേരത്തെ ഭൂരിപക്ഷ വിധിയെഴുതിയ ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും ചീഫ് ജസ്റ്റിസിന്റെ വിധിക്കെതിരെ ശക്തമായി പ്രതികരിക്കുന്നു. ശബരിമല വിഷയത്തെ മറ്റു മതങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെടുത്തുന്നതിനെ അദ്ദേഹം ചോദ്യംചെയ്യുന്നു. ശബരിമല പ്രക്ഷോഭങ്ങളെ അതിരൂക്ഷമായി വിമർശിച്ച ചന്ദ്രചൂഡ് സംഘടിത സമ്മർദ്ദങ്ങളിലൂടെ കോടതിവിധികളെ അട്ടിമറിക്കാൻ അനുവദിക്കരുതെന്നും വ്യക്തമാക്കുന്നു.
അഞ്ചംഗ ഭരണഘടനാ ബഞ്ചിനുതന്നെ കേസിൽ തീർപ്പുകൽപിക്കാമായിരുന്നെന്നും വിശാല ബഞ്ചിനു വിടേണ്ട കാര്യമില്ലെന്നുമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്. ഭരണഘടനാ ബഞ്ച് ഒരിക്കൽ നിയമം വ്യാഖ്യാനിച്ചുകഴിഞ്ഞാൽ അത് അംഗീകരിക്കാനുള്ള ബാധ്യത നിയമനിർമ്മാണസഭയ്ക്കും എക്‌സിക്യൂട്ടീവിനുമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.  
പൊതു സമൂഹത്തിൽ ആത്മവിശ്വാസം പകർത്താൻ വിശാലബെഞ്ച് കേസ് പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങളെ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്നതാണ് ബെഞ്ചിനു മുമ്പിൽവന്ന പുനപരിശോധനാ ഹർജികളിൽ പലതും.  ഇത് മുസ്ലിം പള്ളി പ്രവേശനത്തിലും പാഴ്‌സികളുടെ കാര്യത്തിലും ദാവൂദിബോറ മുസ്ലിങ്ങളുടെ കാര്യത്തിലും നിലനിൽക്കുന്ന അതേ ആശങ്കകളാണ്. അതുകൊണ്ട് വിശാലബെഞ്ച് പരിഗണിക്കേണ്ട ഏഴ് വിഷയങ്ങൾ ഭൂരിപക്ഷവിധിയുടെ ഭാഗമായി അദ്ദേഹം മുന്നോട്ടുവെച്ചു. 
ഭരണഘടനയിലെ മതസ്വാതന്ത്ര്യവും മൗലികാവകാശവും സംബന്ധിച്ച വകുപ്പുകൾ തമ്മിലുള്ള ബന്ധം, അതിൽതന്നെ ക്രമസമാധാനം, ധാർമ്മികത എന്നീ പ്രയോഗത്തിന്റെ വ്യാപ്തി, ധാർമ്മികത - ഭരണഘടനാ ധാർമ്മികത, മതവിശ്വാസം സംബന്ധിച്ചതോ മൊത്തത്തിലുള്ള ധാർമ്മികതയോ എന്നത്, ആചാരവും മതവുമായുള്ള ബന്ധം, അതിൽ കോടതിക്ക് ഇടപെടാവുന്ന പരിധി, മതമേധാവികൾക്ക് വിട്ടുകൊടുക്കണോ എന്നത്, ഹൈന്ദവ വിഭാഗങ്ങൾ  എന്ന പ്രയോഗത്തിന്റെ അർത്ഥം, മതാചാരങ്ങൾക്ക് 26-ാം വകുപ്പിന്റെ സംരക്ഷയുണ്ടോ എന്ന പ്രശ്‌നം. മതപരമായ ആചാരത്തെ മതത്തിനു പുറത്തുനിന്നുള്ള വ്യക്തികൾ ചോദ്യംചെയ്യുന്നത് അനുവദിക്കാമോ എന്ന ചോദ്യവും. 
ഈ പൊതു പ്രശ്‌നങ്ങൾക്കു പുറമെ മറ്റൊന്നുകൂടി. ശബരിമലകേസിൽ മാത്രമായി 1965ലെ കേരളാ പൊതു ആരാധനാ സ്ഥല ചട്ടങ്ങൾ (പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട്) ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്ന വിഷയവും വിശാലകോടതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. 
വിയോജിപ്പോടെയാണെങ്കിലും ശബരിമലപ്രശ്‌നം വിശാലബെഞ്ചിനു മുമ്പിലേക്ക് എത്തിക്കുന്നതുകൊണ്ട് സംയമനത്തോടും പക്വതയോടുംകൂടി കേരളം അന്തിമവിധിവരെ ക്ഷമാപൂർവ്വം കാത്തിരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെക്കാൾ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് സുപ്രിംകോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് അഭിപ്രായസമന്വയമുണ്ടാക്കാൻ മുഖ്യമന്ത്രി തയാറാകാതിരുന്നതാണ് കഴിഞ്ഞവർഷം പ്രശ്‌നം വഷളായത്. അക്രമത്തിലേക്കും രാഷ്ട്രീയമായി  മുതലെടുപ്പിലേക്കും നീങ്ങിയത്. 
അതോടൊപ്പം വിശ്വാസി സമൂഹത്തെ ഉപയോഗിച്ച് അധികാര രാഷ്ട്രീയത്തിന്റെ വിളവെടുപ്പു നടത്താൻ സംഘ് പരിവാറും ബി.ജെ.പിയും ശ്രമംനടത്തി. പ്രളയകാലത്തെ നേരിട്ട കേരളത്തിന്റെ ഐക്യം തകർന്നത് അങ്ങനെയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെയും സംഘ് പരിവാറിന്റെ അജണ്ടയേയും ജനങ്ങൾ അംഗീകരിച്ചില്ല എന്നതാണ് ലോകസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് വ്യക്തമാക്കിയത്.  
ഇതിൽനിന്നു പാഠം പഠിച്ച് വിശാലബഞ്ചിന്റെ വിധിവരെ കാത്തിരിക്കാൻ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത് നന്നായി. ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തില്ലെന്ന വാദം ഉപയോഗിച്ച് സ്ഥിതിഗതികൾ വഷളാക്കാൻ ഇത്തവണ മുഖ്യമന്ത്രി മുതിരില്ലെന്ന് ന്യായമായും അനുമാനിക്കാം. 
സഹിഷ്ണുതയോടെ, ഉന്നത നീതിപീഠത്തിന്റെ അന്തിമവിധിവരെ എല്ലാവരും കാത്തിരിക്കുകയാണ് വേണ്ടത്. മതനിരപേക്ഷതയിൽ ഊന്നിയുള്ളതാണ് നമ്മുടെ ഭരണഘടന. 
അത് തകർക്കാൻ കാത്തുനിൽക്കുന്നവർ ചില്ലറക്കാരല്ല. കേന്ദ്രത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും സ്വാധീനമുള്ളവരാണ്. അവർക്കിടപെടാൻ പഴുതു നൽകാതെ രാജ്യതന്ത്രജ്ഞതയോടെ മുഖ്യമന്ത്രി അവസരത്തിനൊത്ത് ഉയരണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. 

Latest News