Sorry, you need to enable JavaScript to visit this website.
Monday , August   10, 2020
Monday , August   10, 2020

അയോധ്യ വിധി നൽകുന്ന പാഠങ്ങൾ 

1.3 ബില്യൺ ഇന്ത്യക്കാർ അയോധ്യ വിധിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യണം. നമ്മുടെ മതമോ രാഷ്ട്രീയമോ മറ്റു ഘടകങ്ങളോ അതിന് തടസ്സമായിക്കൂടാ. പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസ് അടക്കമുള്ള ഉന്നത ജഡ്ജിമാർ ഒറ്റക്കെട്ടായി എടുത്തതാണീ വിധി. 
1870ൽ ബ്രിട്ടീഷ് ഐ.സി.എസ് ഓഫീസർ എച്ച്.ആർ നെവിലാണ് ആദ്യമായി ഇത് തർക്കഭൂമിയാണെന്ന് ഫൈസാബാദ് ഗസറ്റിൽ രേഖപ്പെടുത്തുന്നത്. ഇതിന് പിന്നിൽ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് നയം ഒളിഞ്ഞിരിപ്പുണ്ട്. പിന്നീടീവിഷയം പല സന്ദർഭങ്ങളിൽ ആളിക്കത്തിച്ചതും ഇതേ ഉദ്ദേശ്യത്താൽ തന്നെയായിരുന്നു. ഭിന്നിപ്പവസാനിപ്പിച്ച് സമഭാവനയും ഐക്യവും കെട്ടുറപ്പും വീണ്ടെടുത്ത ഒരു രാഷ്ട്രമായി ഇന്ത്യ മാറേണ്ടതുണ്ട്. ഭിന്നിപ്പിന്റെ ഫലം രാഷ്ട്രത്തിന്റെ തകർച്ചയാണ്; അതിലെ ജനതയുടെ തകർച്ചയാണ്. ലോകജനതയുടെ ആറിലൊന്നാണ് അതു വഴി നശിക്കുന്നതെന്ന് ഗൗരവതരമായ വിഷയമാണ്. ഹൃദയത്തിൽ തൊട്ട് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കട്ടെ, ഒരാരാധനാലയത്തിന്റെ പേരിലും തങ്ങളിനി  ഭിന്നിക്കില്ലെന്ന്. മതം സ്‌നേഹമാണ്, സഹനമാണ്, പങ്കുവെക്കലാണ്, ഉൾകൊള്ളലാണ്, ദയയാണ്; കൊള്ളയും കൊള്ളിവെപ്പും ദൈവികമല്ല, പൈശാചികമാണ്. ഇന്ത്യയെന്ന അനുഭവം സനാതനമാണ്. ഇന്ത്യയുടെ സാരാംശത്തെ ഹനിക്കുന്നതിൽനിന്നും ഗാന്ധിജിയുടെ മക്കൾ വിട്ടുനിൽക്കേണ്ടതുണ്ട്. ലോകം നമ്മിൽനിന്നും പ്രതീക്ഷിക്കുന്നതും മറിച്ചല്ല.
ദശരഥൻ ഭരിച്ച കോസല രാജ്യത്തിന്റെ തലസ്ഥാനമാണ് അയോധ്യയെന്ന് രാമായണത്തിൽ പറയുന്നു.  ഇവിടെയാണ് ശ്രീരാമൻ ജനിച്ചതെന്നും. അതിനാലാണ് ഹിന്ദുക്കൾക്ക് ഈ സ്ഥലം പുണ്യമാക്കപ്പെടുന്നത്. എന്നാൽ, അവധ് തന്നെയാണോ അയോധ്യ? അതിനൊന്നും തെളിവില്ലായിരിക്കാം. കുറച്ചുകാലം ശ്രീബുദ്ധൻ താമസിച്ച 'സകേത' എന്ന സ്ഥലവും ഇതാണെന്ന് പറയപ്പെടുന്നു. ചൈനീസ് ഭിക്ഷു ഫാക്‌സിയാൻ അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശം സന്ദർശിച്ചപ്പോൾ കുറെയേറെ ബുദ്ധവിഹാരങ്ങൾ ഉള്ളതായി പറയുന്നു. 11, 12 നൂറ്റാണ്ടുകളിൽ ഇവിടം ഭരിച്ചത് കനൂജ് രാജവംശമാണ്. അന്നതിന്റെ നാമം അവധ് എന്ന് തന്നെയാണ്. 
വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാക്ട്രിയയിൽനിന്നാണ് ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് മനുഷ്യ സഞ്ചലനം ആരംഭിച്ചത്. ഇതിൽ നല്ലൊരു പങ്കും ഗംഗാ തീരങ്ങളിലേക്കും ഇന്ത്യയുടെ പ്രദേശങ്ങളിലേക്കുമായിരുന്നു. അങ്ങനെ വന്നവരിൽ ശകന്മാർ, കുശന്മാർ, ശ്വേതഹൂണന്മാർ, തുർക്കികൾ, അറബികൾ, തിമൂറുകൾ മുതലായവരുണ്ടായിരുന്നു. സമ്പന്നവും സംസ്‌കൃതചിത്തവും, വരുന്നവരെയൊക്കെ ഉൾകൊള്ളുന്ന ഒരമ്മയുടേതായിരുന്നു ഭാരതത്തിന്റെ സ്ഥാനം. വന്നവരുടെ നന്മകൾകൂടി കൂട്ടിച്ചേർത്തുകൊണ്ട് ഒരു സനാതന സംസ്‌കൃതി രൂപം  കൊള്ളുകയായിരുന്നു. പാശ്ചാത്യരുടെ വരവോടെയാണ് നമ്മൾ പരസ്പരം സംശയാലുക്കളാകാൻ തുടങ്ങുന്നത്. ചെറിയ പിണക്കങ്ങൾക്ക് അവർ മതത്തിന്റെ നിറം പകർന്നു. രാഷ്ട്രീയമായിരുന്ന പടയോട്ടങ്ങളെ മതങ്ങൾക്കിടയിലുണ്ടായ വൈരങ്ങളായി ചരിത്രം ചമച്ചു.
രാജ്യം വലുതാക്കാൻ മറ്റുപ്രദേശങ്ങളിലേക്ക് പടനയിച്ചവർ ചരിത്രത്തിലൊരുപാടുണ്ട്. ഹിന്ദുക്കുഷ് പർവ്വത നിരകൾ കടന്നുവന്നവരിലും ചിലർ ആക്രമകാരികളായിരുന്നു. മാസിഡോണിയയിലെ അലക്‌സാണ്ടർ ഇന്ത്യയിലെത്തിയിട്ടുണ്ട്. മംഗോളിയന്മാർ തുർക്കിയിലേക്കും പേർഷ്യയിലേക്കും കൂട്ടക്കുരുതിയുടെ പരമ്പര സൃഷ്ടിച്ചു കടന്നു വന്നവരാണ്. ചെങ്കിഷ്ഖാന്റെ വംശ പരമ്പരയിലാണ് മുഗൾ ചക്രവർത്തി ബാബർ. ഉസ്‌ബെക്കിസ്ഥാന്റെയും ഫർഗാനയുടെയും ചക്രവർത്തിയായിരുന്ന അദ്ദേഹം അറബിയോ തുർക്കിയോ ഇസ്‌ലാമിന്റെ പ്രചാരകനോ ആയിരുന്നില്ല. ഇബ്രാഹിം ലോധിയെന്ന മുസ്‌ലിം  രാജാവിനെയാണ് അദ്ദേഹം പാനിപ്പത്തിൽ പരാജയപ്പെടുത്തിയത്. 1526ൽ ആരംഭിച്ച മുഗൾ സാമ്രാജ്യത്തിന്റെ തലവൻ 1530ൽ ആഗ്രയിൽ വെച്ച് മരിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പേരിൽ അയോധ്യയിൽ പള്ളി പണിയുന്നത് സേനാധിപന്മാരിൽ ഒരാളായ മീർ ബാഖിയാണ്. 
സരയൂ നദിക്കരയിൽ, ആർക്കിയോളജിക്കൽ ഭംഗിയും പ്രാധാന്യവും ഒത്തിണങ്ങിയതാവാം ഒരു ആരാധനാലയം പണിയാൻ ആ സ്ഥലം പരിഗണിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബാബറോ ഹുമയൂണോ അക്ബറോ ജഹാൻഗീറോ ഷാജഹാനോ ഔറംഗസീബോ മതവൈരമുള്ളവരായിരുന്നില്ല. എല്ലാവർക്കും ഉൾകൊള്ളുവാനാകുന്ന ഒരു മതം വേണമെന്ന് ചിന്തിച്ച, അങ്ങനെയൊരു മതം സൃഷ്ടിച്ച ചക്രവർത്തിയാണ് അക്ബർ. ഏറ്റവുമധികം തേജോവധം ചെയ്യപ്പെട്ട ഔറംഗസീബ് പോലും മതവൈരിയല്ലായിരുന്നു. ബ്രിട്ടീഷ് സൃഷ്ടിയാണ് ചരിത്രത്തിലെ വിഷലിപ്ത വ്യാഖ്യാനങ്ങൾ.
1853 വരെയുള്ള മൂന്നേകാൽ നൂറ്റാണ്ട് ശാന്തമായാണ് കടന്നുപോയത്. ഇതിനിടക്ക് അയോധ്യയിൽ ഭരണങ്ങൾ മാറിവന്നു. 1732ൽ സാദാത്ത് അലിഖാന്റെ നവാബ് ഭരണം ആരംഭിച്ചു. പാനിപ്പത്ത് യുദ്ധത്തിന്‌ശേഷം ഈസ്റ്റ്ഇന്ത്യ കമ്പനി 'ഭിന്നിപ്പിച്ച് ഭരിക്കൽ' തന്ത്രത്തിലൂടെ നാട്ടുരാജ്യങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയായിരുന്നു. അയോധ്യ സമ്പന്നമായിരുന്നു. 1764ൽ അവധിനെ ബ്രിട്ടീഷുകാർ ആശ്രിത നാട്ടുരാജ്യമാക്കി. 1801ൽ പുതിയ കരാറുണ്ടാക്കി. 1856ൽ നവാബ് വാജിദലിയെ ക്രമസമാധാന കാരണം പറഞ്ഞ് പുറത്താക്കി, ബ്രിട്ടീഷ് ഭരണത്തോട് കൂട്ടിച്ചേർത്തു. 
നീതിമാന്മാരും പ്രജാവത്സലരുമായ നവാബുമാരാണ് അയോധ്യയെ സജീവമാക്കിയത്. പല ക്ഷേത്രങ്ങളും നിർമ്മിക്കാനുള്ള ഫണ്ട് കൊടുത്തതും ഹൈന്ദവ തീർത്ഥാടനം പ്രോത്സാഹിപ്പിച്ചതും നവാബുമാരാണ്. വാജിദലി ഷായുടെ കാലത്താണ്, 1853ൽ നിർമ്മോഹി ആകാര ഭൂമിയുടെമേൽ അവകാശവാദമുന്നയിക്കുന്നത്. 1855ൽ ചില സംഘർഷങ്ങളുമുണ്ടായി. എന്നാൽ, ഹനുമാൻഘട്ട് എന്നൊരു ക്ഷേത്രം മുസ്ലിം പള്ളി പൊളിച്ചുപണിതതാണ് എന്ന് പറഞ്ഞുകൊണ്ട് സുന്നിമുസ്‌ലിംകൾ അവകാശവാദമുന്നയിച്ചതാണ് സംഘർഷത്തിലെത്തിയതെന്നും നവാബ് മുസ്ലിംകളുടെ വാദം തള്ളുകയും ഹിന്ദുക്കൾക്കനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തുവെന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. എന്തുതന്നെയായാലും, നവാബ് വാജിദലി ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ട, സാഹിത്യം, കല, സംഗീതം, ചിത്രരചന, എന്നിവയിൽ തൽപരനായ ഭരണ കർത്താവായിരുന്നുവെന്നത് നിസ്തർക്കമാണ്. ക്ഷേത്രകലകളെ കൊട്ടാരത്തിലേക്ക് കൊണ്ടുവരികയടക്കം സഹവർത്തിത്വ സമൂഹജീവിതത്തിന് അനൽപമായ സംഭാവന നൽകിയയാളാണ് വാജിദലി ഷാ.
ഇതിനിടക്കാണ് ഒന്നാം സ്വാതന്ത്രസമരം പൊട്ടിപ്പുറപ്പെട്ടത്. അയോധ്യ/അവധ് സമരത്തിന്റെ ഇതിഹാസ കേന്ദ്രമായി. വാജിദലിയെ സ്വതന്ത്രനായി വിട്ടാൽ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ജനപിന്തുണ കാരണം പ്രക്ഷോഭം ആളിക്കത്തുമെന്നും ഭയന്ന് അദ്ദേഹത്തെ ജയിലിലടച്ചു.
 കലാപം ആറേഴുമാസം നീണ്ടുനിന്നു. ഡൽഹിയടക്കം ഉത്തരേന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗവും കലാപകാരികളുടെ പിടിയിലമർന്നു. ബ്രിട്ടീഷുകാരെ തുരത്തിയശേഷം അയോധ്യയുടെ പരിസരങ്ങളിലും ഉത്തർപ്രദേശിലൊന്നാകെയും  ഹിന്ദുക്കളും മുസ്ലിംകളും ചേർന്ന് അധികാരത്തിലേക്ക് ആനയിച്ചവരുടെ ലിസ്‌റ്റെടുത്താൽ ഒരുകാര്യം വ്യക്തമാണ്, ബ്രിട്ടീഷ് ആധിപത്യം പിടിമുറുക്കുംവരെക്കും ഇന്ത്യയുടെ പൊതുബോധം വർഗീയമുക്തമായിരുന്നു. 
ഇരവായിരുന്നു ജനങ്ങളുടെ ആ പ്രതിനിധികൾ- ബറേലിയിൽ ഖാൻ ബഹദൂർഖാൻ, ഫറൂക്കാബാദിൽ നവാബ് തഫസ്സുൽ ഹുസൈൻ, ഫത്തഹ്പൂരിൽ ഹിക്മത്തുള്ളാഹ്, ബിജ്‌നോറിൽ നവാബ് മഹ്മൂദ്ഖാൻ, അമ്രോറയിൽ സയ്യിദ് ഗുൽസാറലി, മൊറാദാബാദിൽ മുജുഖാൻ, ഷാജഹാൻപൂരിൽ ബാദർഅലി ഖാൻ, അക്ബറാബാദിൽ നസീമുള്ളാഹ്, അയോധ്യയുൾക്കൊള്ളുന്ന അവധിൽ ബിർജിസ് ഖദ്ർ. വാജിദലിയുടെ 12 വയസുമാത്രം പ്രായമായ പുത്രൻ ഖദ്‌റിനെ വാഴിക്കാൻ അയോധ്യയിലെ ഹിന്ദുക്കൾ മനസു കാണിച്ചുവെങ്കിൽ അതുതന്നെയല്ലേ ഇന്ത്യയുടെ നന്മ? മേൽ പറയപ്പെട്ട മുസ്‌ലിം ഭരണാധികാരികൾ ആദ്യം കൈകൊണ്ട നടപടി നമുക്കൊക്കെ പാഠമാണ്; ഗോവധ നിരോധനം! ഹിന്ദുക്കളാൽ തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ഭരണാധികാരികൾ; അവർക്ക് ഇതല്ലാതെ മറ്റെന്ത് സുകൃതമാണ് തിരിച്ചുകൊടുക്കാൻ കഴിയുക?
1857 ൽ ബ്രിട്ടൻ അപകടം മണത്തു. ഹിന്ദുക്കളും മുസ്ലിംകളും ഒരു മെയ്യായിപ്പോയാൽ ഇന്ത്യയെന്ന സ്വപ്‌നം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും. പിന്നീടവർ കൈകൊണ്ട നടപടികളാണ് ഈ രണ്ടു മതങ്ങളെയും പരസ്പരമകറ്റിയത്. ഒന്നാം സ്വാതന്ത്യസമരം അടിച്ചമർത്തി ഏറെക്കഴിയും മുമ്പ് അയോധ്യയിൽ മുസ്‌ലിംകൾക്ക് പള്ളിക്കുള്ളിൽ പ്രാർത്ഥിക്കുവാനും ഹിന്ദുക്കൾക്ക് പുറത്ത് പൂജ നടത്താനും ബ്രിട്ടീഷുകാർ അനുമതി നൽകി.  വിഭാഗീയതക്ക് വിത്തിട്ടു. ഫൈസാബാദ് ഗസറ്റിൽ തർക്കഭൂമിയാണെന്ന് രേഖപ്പെടുത്തി. പിന്നീടങ്ങോട്ട് സംഘർഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു.        
സ്‌നഹമാണഖിലസാരമൂഴിയിലെന്ന് പാടി, ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ പാറിനടന്ന സന്ന്യാസിമാരും സൂഫിവര്യന്മാരും ഉഴുതുമറിച്ച മണ്ണാണിത്. ഇന്ന്, സ്‌നേഹം അന്യം നിന്നുപോയി. ബാബ്‌രി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തിൽ അസ്വസ്ഥമാകാതെ നമുക്കൊന്നിച്ച് കെട്ടിപ്പുണർന്ന് ജീവിക്കാം.