ഈ പയ്യന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി

ആംസ്റ്റര്‍ഡാം- പാതി ബെല്‍ജിയംകാരനും പാതി ഡച്ചുകാരനുമായി ഒമ്പതു വയസ്സുകാരന്‍ ലോറന്റ് സിമോന്‍സ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന നേട്ടം കൈവരിക്കാനൊരുങ്ങുന്നു. നെതര്‍ലാന്‍ഡിലെ ഇന്‍ദോവെന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ലോറന്റിന്റെ ബിരുദം ഡിസംബറില്‍ പൂര്‍ത്തിയാകും. ഈ മിടുമിടുക്കന്റെ ഐക്യൂ 145 ആണ്. എട്ടാം വയസ്സില്‍ വെറും 18 മാസത്തതെ പഠനം കൊണ്ട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നേരത്തെ ശ്രദ്ധ നേടിയിട്ടുണ്ട് ഇവന്‍. ഒരു വര്‍ഷം മുമ്പ് ബിരുദ പഠനത്തിന് ചേരുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദ വിദ്യാര്‍ത്ഥി എന്ന ഖ്യാതിയും ലോറന്റിന് സ്വന്തമായിരുന്നു. 

ബിരുദത്തിനു ശേഷം ഇലക്ട്രിക്കല്‍ എന്‍ജീനീയറിങില്‍ പിഎച്ഡി എടുക്കാനാണ് ലോറന്റിന്റെ പദ്ധതിയെന്ന് അച്ഛന്‍ അലക്‌സാണ്ടര്‍ സിമോന്‍സ് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം മെഡിസിന്‍ ബിരുദം എടുക്കാനും ലോറന്റിന് താല്‍പര്യമുണ്ടത്രെ.

ലോകത്തെ പല പ്രശസ്ത യൂണിവേഴ്‌സിറ്റികളും ലോറന്റിനെ പഠിപ്പിക്കാന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ടെന്നും അച്ഛന്‍ വെളിപ്പെടുത്തി. തിരഞ്ഞെടുക്കാന്‍ നിരവധി ഒപ്ഷനുകളുണ്ടെങ്കിലും ഒരു തീരുമാനത്തിലെത്തണം. ഇതാലോചിച്ച് കൂടുതല്‍ തലപുണ്ണാക്കാന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ അവന് ഇഷ്ടമുള്ളത് എന്തും ചെയ്യുന്നു. ഒരു കുട്ടിയായിരിക്കുക എന്നതിനും അവന്റെ പ്രതിഭയ്ക്കുമിടയില്‍ ഒരു ബാലന്‍സ് കണ്ടെത്തുക എന്നതാണ് ചെയ്യാനുള്ളത്- അച്ഛന്‍ പറയുന്നു. ലോറന്റിന്റെ ഈ സവിശേഷ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത് മുത്തച്ഛനും മുത്തശ്ശിയുമാണെന്ന് അമ്മ ലിഡിയ പറഞ്ഞു.
 

Latest News