അസമിലെ പൗരത്വ പട്ടിക മുസ്‌ലിംകളെ രാജ്യത്തിനു പുറത്താക്കാൻ ലക്ഷ്യമിട്ടെന്ന് യുഎസ് കമ്മീഷന്‍

വാഷിങ്ടണ്‍- തീവ്രവലതുപക്ഷ ഹിന്ദുത്വവാദികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടിക മതന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്നും മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഉപകരണമാണെന്നും അമേരിക്കയുടെ രാജ്യാന്തര മതസ്വാതന്ത്ര്യ കമ്മീഷന്‍. അസമിലെ ഇന്ത്യന്‍ പൗരന്മാരെ വേര്‍ത്തിരിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതി വഴി 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതു അസമിലെ ബംഗാളി മുസ്‌ലിം ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതും പൗരത്വം അനുവദിക്കുന്നതിന് മതത്തെ ഒരു ഘടകമായി സ്ഥാപിച്ചെടുക്കാനും അതുവഴി വലിയൊരു ശതമാനം മുസ്‌ലിംകളേയും രാജ്യമില്ലാത്തവരാക്കി മാറ്റാനുമുള്ള സംവിധാനമാണെന്നും നിരവധി രാജ്യാന്തര സംഘടനകള്‍ ആശങ്കപ്പെട്ടിട്ടുണ്ടെന്നും യുഎസ് കേന്ദ്ര കമ്മീഷന്‍ പറയുന്നു.

യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്. ദേശീയ പൗരത്വ പട്ടിക ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന് മറ്റൊരു ഉദാഹരം കൂടിയായി മാറിയിരിക്കുകയാണെന്നും റിപോര്‍ട്ട് പറയുന്നു. നയ വിശകലന വിദഗ്ധന്‍ ഹാരിസണ്‍ ആകിന്‍സ് ആണ് ഈ റിപോര്‍ട്ട് തയാറാക്കിയത്. 2019 ഓഗസ്റ്റില്‍ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ മുസ്‌ലിം വിരുദ്ധ മുന്‍വിധി പ്രതിഫലിക്കുന്ന മറ്റൊരു നടപടികൂടി ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുയാണെന്നും റിപോര്‍ട്ട് ആരോപിക്കുന്നു.

ഇന്ത്യന്‍ പൗരത്വത്തിന് മതം പരിശോധിക്കുന്ന രീതി നടപ്പിലാക്കാനുള്ള നീക്കം ബിജെപി നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇതു ഹിന്ദു മതക്കാരേയും തിരഞ്ഞെടുത്ത മറ്റു മത ന്യൂനപക്ഷങ്ങള്‍ക്കും അനുകൂലമായപ്പോള്‍ മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കുകയാണ് ചെയ്തതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 

Latest News