Sorry, you need to enable JavaScript to visit this website.

കോൺഗ്രസിലെ തമ്മിലടി: യു.ഡി.എഫ്  യോഗത്തിൽ രൂക്ഷ വിമർശനം


തിരുവനന്തപുരം - കോൺഗ്രസിലെ തമ്മിലടിക്കെതിരെ യു.ഡി.എഫ് യോഗത്തിൽ രൂക്ഷ വിമർശനം. യു.ഡി.എഫ് ഘടകകക്ഷികളാണ് കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോയാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും. അത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ഘടകക്ഷികൾ പറഞ്ഞു. 
കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ തോൽവി കോൺഗ്രസിലെ അനൈക്യം കാരണമാണെന്ന് ഘടകകക്ഷികൾ കുറ്റപ്പെടുത്തി. ഇടതുമുന്നണി യുവാക്കളെ സ്ഥാനാർഥിയാക്കിയപ്പോൾ പ്രായമുളളവരെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. ഇവയെല്ലാം തിരിച്ചടിക്ക് കാരണമായി. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞത് കോൺഗ്രസിലെ തമ്മിലടി മൂലമാണെന്നും ഘടകകക്ഷി നേതാക്കൾ യോഗത്തിൽ പറഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടായില്ലെങ്കിൽ യു.ഡി.എഫിൽ വലിയ പ്രശ്‌നമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് മുന്നറിയിപ്പ് നൽകി. കോൺഗ്രസിലെ അനൈക്യം മാത്രമാണ് മുന്നണിയിലെ പ്രശ്‌നമെന്ന് ആർ.എസ്.പിയും തുറന്നടിച്ചു. പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് സമ്മതിച്ചു. പോരായ്മകൾ രണ്ടാഴ്ചക്കകം തിരുത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 
കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും അഭിപ്രായമുയർന്നു. പാലായിലെ തോൽവിയെ ഗൗരവമായി കാണണം. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കോൺഗ്രസ് സജീവമായി ഇടപെടണമെന്ന അഭിപ്രായവും യോഗത്തിൽ ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്കായി യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. എം.എം.ഹസനാണ് സമിതി കൺവീനർ. 14 ജില്ലകളിലെയും യു.ഡി.എഫ് ഏകോപന സമിതികൾ പുനഃസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 
ശബരിമല വിഷയത്തിൽ ഇടത് സർക്കാർ നൽകിയ സത്യവാംങ്മൂലം പിൻവലിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. സത്യവാംങ്മൂലം പിൻവലിച്ചില്ലെങ്കിൽ വിശാല ബെഞ്ചിൽനിന്ന് തിരിച്ചടിയുണ്ടാകുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വിധി തങ്ങളുടെ നിലപാടിന് ലഭിച്ച അംഗീകാരമാണ്. ആദ്യവിധി പൂർണമല്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ അത് പുനഃപരിശോധിക്കാൻ തീരുമാനിച്ചതിലൂടെ വ്യക്തമാകുന്നത്. സുപ്രീം കോടതിയുടെ തീരുമാനം സർക്കാരിന്റെ പക്കലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് സഹായത്തോടെ യുവതികളെ ശബരിമലയിൽ എത്തിക്കാനാണ് ശ്രമമെങ്കിൽ ഗുരുതര സ്ഥിതിവിശേഷമുണ്ടാകും. ശബരിമലയിൽ വിശ്വാസികൾക്ക് വരാനും ആരാധന നടത്താനുമുള്ള അവസരമൊരുക്കണം. അയോധ്യാ വിധി മാനിക്കുന്നു. ബാബ്‌രി മസ്ജിദ് പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തിൽ കേസ് വേഗം പൂർത്തിയാക്കി കുറ്റക്കാർക്ക് ശിക്ഷവാങ്ങിക്കൊടുക്കണം. വാളയാർ കേസിൽ സർക്കാരിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യു.എ.പി.എയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പോലും സർക്കാർ തള്ളിയിരിക്കുകയാണ്. അവരെ ഈ വകുപ്പിൽ അറസ്റ്റ് ചെയ്തതിന്റെ തെളിവുകൾ പുറത്ത് നൽകണം. അല്ലെങ്കിൽ അറസ്റ്റ് ചെയ്ത ശേഷം തെളിവുകൾ ഉണ്ടാക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

Latest News