ജിദ്ദ - സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് തന്ത്രപൂർവം ആളുകളെ വിളിച്ചുവരുത്തി ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും എ.ടി.എം കാർഡുകളും തട്ടിയെടുക്കുന്ന എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. 30 മുതൽ 40 വരെ വയസ് പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായത്. ഇരകളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പിൻ നമ്പർ വെളിപ്പെടുത്തുന്നതിന് നിർബന്ധിച്ചിരുന്ന സംഘം എ.ടി.എം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്തിരുന്നു. സമാന രീതിയിൽ 11 കുറ്റകൃത്യങ്ങൾ നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു.