Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കൈക്കൂലി കേസിൽ  പ്രതിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ജിസാൻ - കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ജിസാൻ പ്രവിശ്യയിലെ ബലദിയ പിരിച്ചുവിട്ടു. 500 റിയാൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനാണ് ജോലി നഷ്ടപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പ്രതിക്ക് കോടതി ഒരു വർഷം തടവും പിഴയും വിധിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നഗരസഭ പിരിച്ചുവിട്ടത്. 
നഗരസഭയിൽനിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകുന്നതിന് ഉദ്യോഗസ്ഥൻ ഓരോരോ കാരണങ്ങൾ പറഞ്ഞ് കരുതിക്കൂട്ടി കാലതാമസം വരുത്തുന്നതായും ഇതേ കുറിച്ച് അന്വേഷിച്ച തന്നോട് ഉദ്യോഗസ്ഥൻ 500 റിയാൽ കൈക്കൂലി ആവശ്യപ്പെടുന്നതായും സൗദി പൗരൻ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ വകുപ്പുകൾ പ്രത്യേകം കെണിയൊരുക്കിയാണ് പരാതിക്കാരനിൽനിന്ന് കൈക്കൂലി സ്വീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ കൈയോടെ അറസ്റ്റ് ചെയ്തത്. കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് തെളിയുന്ന സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനും ഭാവിയിൽ സർക്കാർ ജോലികൾ നിഷേധിക്കുന്നതിനും കൈക്കൂലി വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്. 

 

Latest News