Sorry, you need to enable JavaScript to visit this website.

സൗദിയിൽ 136 എണ്ണപ്പാടങ്ങൾ; ഒരു ബാരലിന് ഉൽപാദന ചെലവ് 2.8 ഡോളർ മാത്രം -അറാംകൊ

റിയാദ് - സൗദിയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയുൽപാദിപ്പിക്കുന്നതിന് 10.6 റിയാൽ (2.8 ഡോളർ) മാത്രമാണ് ചെലവ് വരുന്നതെന്ന് സൗദി അറാംകൊ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരമാണിത്. ലോകത്ത് ഏറ്റവും കുറഞ്ഞ എണ്ണയുൽപാദന ചെലവാണിത്. ഒരു ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നതിന് ഖനന, ഉൽപാദന മേഖലയിൽ കഴിഞ്ഞ വർഷത്തെ ശരാശരി മൂലധന ധനവിനിയോഗം 17.1 റിയാൽ (4.7 ഡോളർ) ആണ്. 
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളായ എക്‌സൺ മൊബൈൽ, ഷെൽ, ചെവ്‌റോൺ, ടോട്ടൽ, ബ്രിട്ടീഷ് പെട്രോളിയം അടക്കമുള്ള എണ്ണ, ഗ്യാസ് കമ്പനികളെ അപേക്ഷിച്ച് സൗദി അറാംകൊയുടെ എണ്ണയുൽപാദന ചെലവ് കുറവാണ്. 
201.4 ബില്യൺ ബാരൽ അസംസ്‌കൃത എണ്ണ ശേഖരവും 25.4 ബില്യൺ ബാരൽ ദ്രാവക രൂപത്തിലുള്ള പ്രകൃതി വാതക ശേഖരവും 185.7 ട്രില്യൺ ഘന അടി പ്രകൃതി വാതക ശേഖരവും സൗദി അറേബ്യയിലുണ്ട്. നിലവിലെ തോതിൽ ഉൽപാദനം തുടരുന്ന പക്ഷം 52 വർഷത്തേക്ക് മതിയായ എണ്ണ ശേഖരം സൗദിയിലുണ്ട്. ലോകത്തെ മറ്റേതൊരു കമ്പനിയുടെ പക്കലുമുള്ള എണ്ണ കരുതൽ ശേഖരത്തെക്കാൽ കൂടുതലാണിത്. ഒമ്പതു മുതൽ 17 വർഷം വരെ ഉൽപാദിപ്പിക്കുന്നതിനുള്ള എണ്ണ ശേഖരം മാത്രമാണ് മറ്റു കമ്പനികളുടെ പക്കലുള്ളത്. സൗദിയിൽ 136 എണ്ണപ്പാടങ്ങളുണ്ടെന്നും കമ്പനി വ്യക്തമാക്കി. 
അതേസമയം, സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതും കമ്പനി ഓഹരികൾ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതും ഉൽപാദനം കുറക്കുന്നതിനുള്ള കരാറിനെ  ബാധിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കഴിഞ്ഞ മാസം പ്രതിദിന ഉൽപാദനം 10.3 ദശലക്ഷം ബാരലായി ഉയർത്തിയ കാര്യം ഒപെക്കിനെ സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറിലെ പ്രതിദിന ഉൽപാദനത്തെ അപേക്ഷിച്ച് 11 ലക്ഷം ബാരൽ കൂടുതലാണിത്. സംഘടനക്കകത്ത് സൗദി അറേബ്യ വഹിക്കുന്ന പങ്കിനെയോ ഉൽപാദനം വെട്ടിക്കുറക്കുന്നതിനുള്ള കരാർ പാലിക്കുന്നതിലുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയെയോ അറാംകൊ ഓഹരി വിൽപന ബാധിക്കില്ലെന്ന് ഒപെക്കിലെ ഏറ്റവും വലിയ ഉൽപാദകരായ സൗദി അറേബ്യ സംഘടനയെ അറിയിച്ചിട്ടുണ്ടെന്ന് ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബാർകിൻഡോ പറഞ്ഞു. 
ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും തമ്മിൽ ഉൽപാദനം കുറക്കുന്നതിനുണ്ടാക്കിയ കരാർ അടുത്ത വർഷവും തുടരുമെന്ന കാര്യത്തിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഉൽപാദനം കുറക്കുന്നതിന് പ്രേരകമായ ആഗോള സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാന ഘടകങ്ങൾ ഇപ്പോഴും ശക്തമായി നിലനിൽക്കുകയാണ്. അമേരിക്കയിലെ ചില ഓയിൽ കമ്പനികൾ പ്രതിദിന എണ്ണയുൽപാദനത്തിൽ മൂന്നു ലക്ഷം മുതൽ നാലു ലക്ഷം വരെ ബാരലിന്റെ വർധനവ് വരുത്തിയേക്കുമെന്നാണ് കരുതുന്നതെന്നും ഒപെക് സെക്രട്ടറി ജനറൽ പറഞ്ഞു. 


 

Latest News