Sorry, you need to enable JavaScript to visit this website.

ശിവസേനയ്ക്ക് കോണ്‍ഗ്രസ് ബന്ധത്തില്‍  പാലമായത് ഏക മുസ്‌ലിം  എംഎല്‍എ

മുംബൈ- തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി ഉപേക്ഷിച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതും സാധാരണം. എന്നാല്‍ ഇത്തരമൊരു സീറ്റ് നിഷേധത്തിനും, രാജിക്കും ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യം നന്ദി പറയുന്നത് സേനയുടെ ഏക മുസ്ലീം അംഗത്തിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേക്കേറിയ അബ്ദുള്‍ സത്താറാണ് മഹാരാഷ്ട്രയില്‍ പഴയ ശത്രുക്കളെ മിത്രങ്ങളാക്കാന്‍ പാലമായി നിന്നത്.
ചിരവൈരികളായ ശിവസേനയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ചിന്തിക്കാവുന്ന കാര്യമായിരുന്നില്ല. എന്നാല്‍ മറ്റൊരു രീതിയിലും ശിവസേന സര്‍ക്കാര്‍ രൂപീകരണം സാധ്യമായിരുന്നില്ല. തീവ്ര ഹിന്ദുത്വം പുലര്‍ത്തുന്ന ശിവസേനയുമായി കൂട്ടുകൂടാന്‍ എന്ത് കാരണം ഉയര്‍ത്തിക്കാണിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ഉന്നയിച്ചു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുകൂലിച്ച നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച സത്താര്‍ ശിവസേനയില്‍ ചേര്‍ന്ന വിഷയം സഹായകമായി.
മറാത്ത്‌വാഡ മേഖലയിലെ സില്ലോദില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എ തെരഞ്ഞെടുപ്പിന് മുന്‍പാണ് ശിവസേനയില്‍ എത്തുന്നത്. ഔറംഗാബാദില്‍ നിന്നും സീറ്റ് നിഷേധിച്ചതോടെയാണ് നേതാവ് പാര്‍ട്ടി വിട്ടത്. ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ച സത്താര്‍ സേനയിലെത്തി. മണ്ഡലത്തില്‍ സത്താര്‍ മത്സരിക്കുകയും പതിനായിരത്തിലേറെ വോട്ടിന് ജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ, സാമൂഹിക രീതികള്‍ മാറുന്നതിന്റെ ഉദാഹരണമായാണ് സേനയിലെത്തിയ സത്താറിന്റെ വിജയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിയത്. 

Latest News