Sorry, you need to enable JavaScript to visit this website.

പേരിൽ പലതുമുണ്ട്

ഉണ്ണി ആർ എഴുതുകയും പിന്നീട് സനൽ ശശിധരൻ ദൃശ്യാഖ്യാനം നൽകുകയും ചെയ്ത 'ഒഴിവു ദിവസത്തെ കളി' എന്ന ചെറുകഥ, ജാതി, മതം, നിറം, സെക്‌സ് തുടങ്ങി പൊതുവ്യവഹാര മണ്ഡലത്തിൽ നമ്മെ ദിനേനയെന്നോണം സ്വാധീനിക്കുന്ന സാമൂഹിക ഘടകങ്ങളെ വിമർശനാത്മകമായി ചിത്രീകരിക്കുന്നു. ആധുനികൻ, പരിഷ്‌കൃതൻ തുടങ്ങിയ മറകൾക്കുള്ളിൽ നാം ഒളിപ്പിച്ചിരിക്കുന്ന പൊതുബോധത്തെ പുറത്തു കൊണ്ടുവരുന്നതാണ് ആ കളികൾ. ജാതിപരവും മതപരവുമായ വിവേചനങ്ങൾ എത്ര ആഴത്തിലും ദയാരഹിതവുമായാണ് നിഷ്‌കളങ്ക മനുഷ്യ ജന്മങ്ങളെ ഉടച്ചുകളയുന്നത് എന്നതിന് ഇന്ത്യയുടെ സമകാലീന ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങളുണ്ട്. ചെന്നൈ ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ ഒരു മുഴം തുണിയിൽ തൂങ്ങിയാടിയ ഫാത്തിമ ലത്തീഫയെന്ന പത്തൊമ്പതുകാരി ഈ നിരയിലെ അവസാനത്തേതാകാൻ തരമില്ല.
ഒഴിവു ദിവസത്തെ കളിയെന്ന ചിത്രത്തിൽ ജാതിയെയോ ജാതിപ്പേരുകളെയോ കുറിച്ച് പ്രത്യക്ഷ പരാമർശങ്ങളൊന്നുമില്ല. കഥാപാത്രമായി ഒരു നമ്പൂതിരി ഉണ്ടെന്നതൊഴിച്ചാൽ. എന്നാൽ കറുപ്പായതിന്റെ പേരിൽ കളിയാക്കലുകൾ നേരിടുന്ന ദാസൻ എന്ന കഥാപാത്രം ജാതീയമായ വേർതിരിവിന് ഇരയാകുന്നതായി നമുക്ക് മനസ്സിലാകും. കറുപ്പ് ഒരു ജാതിയാണ്, അല്ലെങ്കിൽ കറുത്തവരെല്ലാം ഒരു ജാതിയിൽ പെടുന്നവരാണ് എന്ന ഉറച്ചുപോയ പൊതുബോധം കറുത്ത നിറമുള്ള നമ്പൂതിരിയെ കണ്ടാൽ അയ്യേ എന്ന് നമ്മെക്കൊണ്ട് പറയിക്കും. കണ്ടാൽ കറുത്തതാണെങ്കിലും ഞാനൊരു നമ്പൂതിരിയാണ് എന്ന് ഒരു സലിം കുമാർ കഥാപാത്രം പറയുന്നുണ്ടല്ലോ.
ഒഴിവു ദിവസത്തെ കളിയിലെ ദാസൻ, കറുത്തവനും തൊട്ടുകൂടായ്മയുള്ളവനും താഴ്ന്ന ജാതിയിൽ പെട്ടവനുമാണ്. കോഴിയെ കൊല്ലാനും ചക്ക പറിക്കുവാനും വരെ അയാൾ ആജ്ഞാപിക്കപ്പെടുന്നത് അതുകൊണ്ടാണ്. ഇത് ഞങ്ങൾ ചെയ്യേണ്ട പണിയല്ലടാ, നിങ്ങൾ ചെയ്യേണ്ടത് എന്ന വേർതിരിവ് ദാസനോട് പ്രകടിപ്പിക്കപ്പെടുന്നുണ്ട്. കളിയുടെ ഒടുവിൽ ഇരയാകേണ്ടിവരുന്നവനും ദാസൻ തന്നെ. ചിലർ ചില ജോലികൾ ചെയ്യേണ്ടവരാണ്, ചിലതു മറ്റു ചിലർ മാത്രമേ ചെയ്യാവൂ എന്ന ജാതിവിവേചനം മനുസ്മൃതിയിൽ തുടങ്ങിയതാണ്. വേദം കേൾക്കുന്നവന്റെ കാതിൽ ഈയം ഉരുക്കിയൊഴിക്കേണ്ടിവന്ന കാലഘട്ടം മറ്റൊരു തരത്തിൽ, മറ്റൊരു രൂപത്തിൽ പുനരാനയിക്കപ്പെടുന്നത് നടുക്കത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല.
വളരെ ബുദ്ധിമുട്ടുള്ള, കഠിനാധ്വാനം കൊണ്ടു മാത്രം നേടാൻ കഴിയുന്ന ഐ.ഐ.ടി പ്രവേശന പരീക്ഷ ഒന്നാം റാങ്കോടെ കൈപ്പിടിയിലൊതുക്കിയത് ആദ്യത്തെ തെറ്റ്. തങ്ങൾക്ക് മാത്രം എന്ന് ചില സവർണ തമ്പുരാക്കന്മാർ മനസ്സിൽ സംവരണം ചെയ്തുവെച്ചിരിക്കുന്ന കോഴ്‌സിന്, പ്രസിദ്ധമായ കലാലയത്തിൽ ചേർന്നത് രണ്ടാമത്തെ തെറ്റ്. അവിടെ പഠനം ആരംഭിച്ചപ്പോൾ മുതൽ എല്ലാ വിഷയങ്ങൾക്കും എപ്പോഴും ഒന്നാമതെത്തിയ പഠന സാമർഥ്യം മറ്റൊരു തെറ്റ്. എല്ലാ തെറ്റുകൾക്കും പരിഹാരമായി ഫാത്തിമ ലത്തീഫ് എന്ന മിടുമിടുക്കി കണ്ടെത്തിയ പരിഹാരം വിവേചനങ്ങളുടെ ലോകത്ത് നിന്ന് എന്നെന്നേക്കുമായുള്ള യാത്ര പറച്ചിലാണ്.
പ്രാതികൂല്യങ്ങളോട് പടപൊരുതാനും അതിജീവിക്കാനുമുള്ള നമ്മുടെ കുട്ടികളുടെ ശേഷിയില്ലായ്മയെ ഫാത്തിമയുടെ കഥ മുന്നിൽ വെച്ച് നമുക്ക് വിശകലനം ചെയ്യാം. എന്നാൽ ജാതി, മത വിവേചനം അനുഭവിക്കുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു പ്രത്യേക പേരുണ്ടെങ്കിൽ ചില സ്ഥലങ്ങളിൽ നമുക്ക് അതിജീവിക്കാനാകും എന്ന് വരുന്നത് നമ്മുടെ സാമൂഹിക വ്യവസ്ഥ ഇപ്പോഴും നൂറ്റാണ്ടുകൾ പിന്നിലാണ് എന്ന ഞെട്ടിക്കുന്ന യാഥാർഥ്യമാണ് മുന്നോട്ടു വെക്കുന്നത്. 
പത്രപ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ ദൽഹിയിലേക്ക് ചേക്കേറാനുള്ള ശ്രമം നടത്തവേ, ഹിന്ദുവായ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞു: ദൽഹിയിൽ ജോലി ചെയ്യാനാണെങ്കിൽ ഹിന്ദുക്കളെ ആരെയെങ്കിലും അയക്കുകയാണ് നല്ലത്. മുസ്‌ലിംകൾക്ക് അവിടെ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാണ്. പിന്നെ, താങ്കളുടെ പേരിൽ വലിയ പ്രശ്‌നമില്ലാത്തതിനാൽ ചിലപ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാകില്ല- ഒരു പേരിൽ പലതുമുണ്ട് എന്ന് മനസ്സിലാക്കുന്ന ആദ്യത്തെ സന്ദർഭമല്ലായിരുന്നു അതെന്നതാണ് സത്യം. മാധ്യമ പ്രവർത്തനം പോലെയുള്ള ഒരു മേഖല പോലും മതപരമായ ഉച്ചനീചത്വങ്ങളിൽനിന്ന് മുക്തമല്ല എന്ന് ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു.


ഫാത്തിമയുടെ ഉമ്മ പറയുന്നത് അവളുടെ പേര് മാറ്റാൻ പോലും ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നുവെന്നാണ്. പേരു മാറ്റിയാൽ മാത്രം മാറുന്നതല്ല ഈ പ്രശ്‌നമെന്നത് അവർക്ക് ഇന്ത്യയുടെ ജാതി, മത വിവേചനത്തെക്കുറിച്ച് ഗൗരവമായ ധാരണകളില്ലാത്തതുകൊണ്ടാകാം. പുതിയ ഇന്ത്യയാകട്ടെ, ഈ വിവേചനങ്ങളെ അരക്കിട്ടുറപ്പിക്കുന്നതുമാണ്.
ഇന്ത്യയിലേക്ക് വരുന്ന അഭയാർഥികളിൽ ഏതൊക്കെ മതക്കാരെ നമ്മൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നല്ലോ. പച്ചയായ മതവിവേചനത്തിന്റെ ഈ ഭാഷ്യത്തെ കാര്യമായി വിമർശിക്കാൻ പോലും നമ്മുടെ സെക്യുലർ സമൂഹം തയാറായില്ല. ഭൂരിപക്ഷ മതക്കാരുടെ സജീവ പങ്കാളിത്തമില്ലാത്ത മതേതര സമൂഹത്തിന് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നതാണ് സത്യം. മോഡി യുഗത്തിൽ ഈ മതേതര മനസ്സുകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. 
ഇടതുപക്ഷക്കാരായ പല സുഹൃത്തുക്കളും പറഞ്ഞുകേൾക്കാറുണ്ട്, തനിക്ക് ബി.ജെ.പിയെ ഇഷ്ടമല്ല, എന്നാൽ മോഡിയെ ഇഷ്ടമാണ് എന്ന്. എത്ര അനായാസമാണ് ഒരു ബിംബം അവരുടെ മനസ്സിൽ കടന്നുകൂടുന്നത് എന്നോർത്താൽ അമ്പരപ്പ് തോന്നും. രാജ്യം കടന്നുപോകുന്ന വലിയൊരു പരിണാമത്തിന്റെ ആന്തരാർഥങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ബാഹ്യപ്രകടനങ്ങളിൽ അവർ ആകൃഷ്ടരാകുന്നത്. പ്രത്യക്ഷ മതവിവേചനമുള്ള രണ്ട് സുപ്രധാന നടപടികൾക്ക് ശേഷവും നമ്മുടെ സർക്കാർ കാര്യമായ ഉലച്ചിലുകളൊന്നുമില്ലാതെ മുന്നോട്ടു പോകുമ്പോൾ, വരാനിരിക്കുന്ന വലിയ വിവേചനങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ ഭീതിയോടെ മാത്രമേ ഓർക്കാനാവൂ. കശ്മീരിനും അയോധ്യക്കും വിജയകരമായ പരിസമാപ്തി കുറിക്കാൻ സാധിച്ച ഭരണകൂടത്തിന് ഏക സിവിൽ കോഡിലേക്കും മറ്റും ഇനി വേഗത്തിൽ പ്രയാണം നടത്താം. രാജ്യത്തെ പ്രധാനപ്പെട്ട മതന്യൂനപക്ഷത്തെ രണ്ടാം ക്ലാസ് പൗരന്മാരാക്കി മാറ്റാനുള്ള ശ്രമങ്ങൾ പല തലത്തിലും തകൃതിയായി നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് അവരുടെ സാന്നിധ്യം കുറക്കുക എന്നതാണ്.
മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിയിരുന്ന പല ആനുകൂല്യങ്ങളും സ്‌കോളർഷിപ്പുകളും റദ്ദാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ, വിവേചനത്തിന്റെ സ്‌കാനറിലൂടെ കടത്തിവിടാനുള്ള ശ്രമങ്ങൾക്ക് പലേടത്തും തുടക്കമിട്ടിരിക്കുന്നു എന്ന് വേണം കരുതാൻ. മുസ്‌ലിംകൾ മാത്രമല്ല, ദളിതുകളും ക്രൂരമായ വിവേചനത്തിന്റെ ഇരകളാകുന്നുണ്ട് പലേടത്തും. ഭരണമേഖലയിൽ ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും സാന്നിധ്യം ഇപ്പോൾ തന്നെ തുലോം കുറവാണ്. സൈന്യത്തിലും പോലീസിലും നിർണായക പദവികളിലും മുസ്‌ലിംകളോ ദളിതുകളോ പേരിനു മാത്രമാണ്. അപ്പോഴാണ് ഇത്തരം പ്രത്യക്ഷ വിവേചനങ്ങൾ കൂടി.
ഫാത്തിമയുടെ അനുഭവം ഉന്നത വിദ്യാഭ്യാസം നേടാനും ഉയരങ്ങളിലേക്ക് പറക്കാനും ആഗ്രഹിക്കുന്ന ന്യൂനപക്ഷ, ദളിത് വിദ്യാർഥികൾക്കിടയിൽ ഭയാശങ്കകൾ സൃഷ്ടിക്കാനിടയുണ്ട്. അത് മാറ്റേണ്ടത് ആ സമുദായങ്ങളുടെ മാത്രം ജോലിയല്ല എന്ന് ഓർമിപ്പിക്കട്ടെ. മതേതര പൊതുസമൂഹത്തിന്റെ കടമയാണത്. പ്രതികരിക്കാൻ പോലും ശേഷിയില്ലാത്ത ഒരു അടിമ സമൂഹമായി നമ്മെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ അനവരതം തുടരുകയാണ്. അയോധ്യയെക്കുറിച്ച് വാർത്തയെഴുതുമ്പോൾ തർക്ക മന്ദിരം എന്ന വാക്കു വെട്ടി, ബാബ്‌രി മസ്ജിദ് എന്നെഴുതിയ ചുല്യാട്ടിനെപ്പോലെയുള്ള പത്രാധിപന്മാർ ഇനിയുണ്ടാകില്ല. (എൻ.എസ്. മാധവന്റെ തിരുത്ത് എന്ന ചെറുകഥ).
ഒഴിവു ദിവസത്തെ കളിയുടെ ക്ലൈമാക്‌സിൽ ദാസൻ എന്ന താഴ്ന്ന ജാതിക്കാരനെ മറ്റു നാലു കളിക്കാർ ചേർന്ന് കഴുത്തിൽ തുണിമുറുക്കി തൂക്കുകയാണ്. ഇത് ഒരു കളിയാണെന്ന് അപ്പോഴും അവർ ഓർമിപ്പിക്കുന്നുണ്ട്. ജാതിബോധത്തിന്റെ പേരിൽ ഉറ്റ സുഹൃത്തുക്കളാൽ തൂക്കിലേറ്റപ്പെടുന്ന ദാസൻ കേവല ഭാവനയിലെ ഒരു കഥാപാത്രമല്ല, നമ്മുടെ ചുറ്റുപാടിന്റെ പ്രതീകമാണെന്ന് വ്യക്തമാണ്. സമകാലീന സാമൂഹികാവസ്ഥയിൽ അതിജീവിക്കുവാൻ കഴിയാത്ത ഏതൊരു മനുഷ്യന്റെയും പ്രതീകമാണയാൾ, ഇരുണ്ട ലോകത്തിന്റെ നിർദയ പ്രതികരണങ്ങൾ താങ്ങാനാകാതെ കടന്നുപോയ ഫാത്തിമയെപ്പോലെ.
 

Latest News