Sorry, you need to enable JavaScript to visit this website.

അയോധ്യ - ശബരിമല വിധികൾ അത്രമേൽ ആശാവഹമോ?  

അയോധ്യാ വിഷയത്തിൽ വിശ്വാസമാണ് പ്രധാനമെന്ന് വ്യക്തമായി പ്രഖ്യാപിച്ച കോടതി ശബരിമല വിഷയത്തിലും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിച്ചത്. തീർച്ചയായും ഈ പ്രവണത ഗുണകരമാണെന്നു പറയാനാകില്ല -പ്രത്യേകിച്ച് ഭരണകൂടം തന്നെ രാജ്യത്തെ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പൂർവകാലത്തേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായ കാലഘട്ടത്തിൽ. 
ശബരിമലയിൽ യുവതി പ്രവേശനമനുവദിച്ച മുൻ സുപ്രീം കോടതി വിധിക്കെതിരായ റിവ്യൂ ഹരജികൾ പരിഗണിക്കാൻ തന്നെയാണല്ലോ ഉത്തരവ്. അതിനാണ് കേസ് വിപുലമായ ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടത്. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്സി സമുദായത്തിൽ നിലനിൽക്കുന്ന സമാനമായ ചില വിഷയങ്ങളും ഇതോടൊപ്പം പുതിയ ബെഞ്ച് പരിഗണിക്കും. അതിൽ തന്നെ ആസൂത്രിതമായ ഒരു നീക്കമുണ്ടെന്ന് സംശയിക്കുന്നത് കുറ്റമാകില്ല. വിശ്വാസത്തിന്റെ വിഷയത്തിൽ ഭരണഘടന പ്രകാരം കോടതികൾക്ക് ഇടപെടാമോ, എങ്കിൽ എത്രമാത്രം എന്നതായിരിക്കും പുതിയ ബെഞ്ച് പ്രധാനമായും പരിഗണിക്കുക എന്ന് കോടതി വ്യക്തമായി തന്നെ പറയുന്നു. അതാണ് ആശങ്കക്ക് കാരണമാകുന്നത്. 
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സുപ്രീം കോടതി വിധിയുടെ അന്തഃസത്ത  ഇന്ത്യൻ ഭരണഘടന ലിംഗഭേദമില്ലാതെ എല്ലാവർക്കും ഉറപ്പു നൽകുന്ന തുല്യനീതി റദ്ദ് ചെയ്യരുത് എന്നായിരുന്നു. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വിവേചനമില്ലാതെ ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യനീതിയും സമത്വവും ഉറപ്പു നൽകുന്നു. അതാണ് ഈ വിധിയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭരണകൂട മൂല്യങ്ങൾക്കും അതു വാഗ്ദാനം ചെയ്യുന്ന ലിംഗ നീതിയടക്കമുള്ള സങ്കൽപങ്ങൾക്കും പകരം വിശ്വാസത്തെയാണ് പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്. എന്നാൽ വിശ്വാസികളെന്നു പറയുന്നവർക്കായി പ്രത്യേക പരിഗണന നൽകി, അവരുടെ വിശ്വാസത്തിൽ ഇടപെടാമോ എന്നു പരിശോധിക്കുന്നത് ജനാധിപത്യത്തെയും നീതിവാഴ്ചയെയും ഭരണഘടനാമൂല്യങ്ങളെയും തകർക്കാനേ സഹായിക്കൂ. വ്യാജമായ വിശ്വാസത്തിന് കീഴ്‌പെടുന്നത് അപകടകരമായ പ്രവണതയാണ്. ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. അതിലുണ്ടായിന്നിരുന്ന അനീതികളെയും നീതിനിഷേധങ്ങളെയും ഇല്ലാതാക്കാനാണ് ഭരണഘടന നിലവിൽ വന്നതുതന്നെ. സ്ത്രീകളുടെ തുല്യത തന്നെ ഉദാഹരണം. ഭരണഘടന നിലവിൽ വന്ന ശേഷമാണ് അത് അംഗീകരിക്കപ്പെട്ടത്. ഇപ്പോഴും സമൂഹത്തിലുയരുന്ന വിഷയങ്ങൾ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനിക്കാമെങ്കിൽ ഭരണഘടനക്ക് എന്തു പ്രസക്തിയാണ്? തീർച്ചയായും മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കാത്ത വിശ്വാസം ആർക്കും കാത്തുസൂക്ഷിക്കാം. പക്ഷേ ഇതങ്ങനെയല്ലല്ലോ. കോടതി പരിശോധിക്കേണ്ടത് ഓരോ വിഷയവും ഭരണഘടനാ തത്വങ്ങൾക്ക് അനുസൃതമാണോ അല്ലയോ എന്നാണ്. അല്ലെങ്കിൽ അങ്ങനെയാക്കാനാണ് കോടതികൾ ശ്രമിക്കേണ്ടത്. ഇവിടെ പക്ഷേ നടക്കുന്നത് പിറകോട്ടു നടത്തമാണ് എന്നു പറയാതെ വയ്യ -കോടതിയടക്കം.
അയോധ്യയിലേക്കു വരുമ്പോഴോ? 134 വർഷത്തെ നിയമ യുദ്ധത്തിനും നിരവധി അക്രമങ്ങൾക്കും ദുരന്തങ്ങൾക്കും ശേഷം അയോധ്യയിലെ ബാബ്‌രി മസ്ജിദ്  രാമക്ഷേത്ര പ്രശ്നത്തിന് അന്തിമ പരിഹാരമെന്ന പ്രഖ്യാപനത്തോടെയാണല്ലോ സുപ്രീം കോടതി വിധി പറഞ്ഞത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്നാണ് കോടതി ആദ്യം പറഞ്ഞത്. എന്നാലതിനു കടക വിരുദ്ധമായ സമീപനമാണ് പിന്നാലെ വന്നത്. തർക്ക ഭൂമിയുടെ അവകാശം സർക്കാറിന് നൽകുകയും ട്രസ്റ്റ് രൂപീകരിക്കണമെന്നു നിർദേശിക്കുകയും ചെയ്തെങ്കിലും അനുമതി നൽകിയത് ക്ഷേത്ര നിർമാണത്തിനാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല എന്നു പറയുമ്പോൾ തന്നെ രാമന്റെ ജന്മസ്ഥലമാണ് ഇവിടമെന്ന വിശ്വാസത്തെ, പള്ളിയുണ്ടായിരുന്നു എന്ന തെളിവിനേക്കാൾ  അംഗീകരിക്കുകയാണ് കോടതി ചെയ്തത്. 
ഒത്തുതീർപ്പായി തന്നെയാണ് തർക്ക ഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്‌ലിംകൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്ന ്ഉത്തരവിട്ടത്. പള്ളിയിൽ വിഗ്രഹം വെച്ചതും പിന്നീട് പൊളിച്ചതും സുപ്രീം കോടതി വിധിയുടെ ലംഘനമെന്നു പറഞ്ഞെങ്കിലും അതേ കുറിച്ച് കൂടുതൽ പറഞ്ഞില്ല. 
ബാബ്‌രി മസ്ജിദ് ഒഴിഞ്ഞ സ്ഥലത്ത് നിർമിച്ചതല്ല, അതിന് താഴെ ഒരു നിർമിതിയുണ്ടായിരുന്നു എന്നു പറയുമ്പോഴും അത് ക്ഷേത്രമാണെന്നു പറയാനാകില്ല എന്നു പറയുന്ന കോടതി രാമജന്മ ഭൂമി എന്ന വിശ്വാസത്തിന് തർക്കമില്ലെന്നും ചൂണ്ടിക്കാട്ടി.  
വിഗ്രഹം കൊണ്ടുവെച്ചത് ശരിയായ നടപടിയല്ലെങ്കിലും വിഗ്രഹത്തിന് നിയമ പരിരക്ഷയുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരത്തിൽ നിരവധി അവ്യക്തതകളുണ്ടായിട്ടും തെളിവിനേക്കാൾ വിശ്വാസത്തിനു തന്നെയാണ് കോടതി പ്രാധാന്യം കൊടുത്തത്. കോടതികൾ പരിശോധിക്കേണ്ടത് ഏതൊരു വിഷയവും ഭരണഘടനാനുസൃതമാണോ അല്ലയോ എന്നാണ്. അതിനാൽ തന്നെ സമകാലിക അവസ്ഥയിൽ ഈ വിധികൾ ആശങ്കാകുലം തന്നെയാണ്.

Latest News