Sorry, you need to enable JavaScript to visit this website.

ദാരിദ്ര്യ സൂചന? രാജ്യത്ത് ആളുകള്‍ പണം ചെലവിടുന്നത് കുറച്ചു; ഇടിവ് 40 വര്‍ഷത്തിനിടെ ആദ്യം

ന്യൂദല്‍ഹി- മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായി ഇന്ത്യയില്‍ പൗരന്മാരുടെ ഉപഭോക്തൃ ചെലവുകളില്‍ വന്‍ ഇടിവ്. 40 വര്‍ഷത്തിനിടെ ആദ്യമായി ഉപഭോക്തൃ ചെലവ് (കണ്‍സ്യൂമര്‍ സ്‌പെന്‍ഡിങ്) 3.7 ശതമാനം ഇടിഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ (എന്‍.എസ്.ഒ) നിന്ന് ചോര്‍ന്ന കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ട് ചെയ്തു. ഒരു മാസം ഒരു ഇന്ത്യക്കാരന്‍ ചെലവിടുന്ന ശരാശരി തുക 2012-12 വര്‍ഷം 1,501 രൂപ ആയിരുന്നുവെങ്കില്‍ 2017-18 വര്‍ഷത്തില്‍ 1,446 രൂപയായി കുറഞ്ഞിരിക്കുന്നു. എന്‍.എസ്.ഒയുടെ എക്‌സ്‌പെന്‍ഡിചര്‍ സര്‍വേയിലെ ഈ കണക്കുകള്‍ പറയുന്ന ഈ ഉപഭോക്തൃ ചെലവിലെ ഇടിവ് സൂചിപ്പിക്കുന്നത് ദാരിദ്ര്യം ബാധിച്ച ആളുകളുടെ എണ്ണം വര്‍ധിച്ചുവെന്നാണ്.

വിപണിയില്‍ ഡിമാന്‍ഡ് അപര്യാപ്തമാണ്. ഇത് ഗ്രാമീണ വിപണിയിലാണ് കൂടുതലായി ഉള്ളതെന്നും എന്‍.എസ്.ഒ സര്‍വെ പറയുന്നു. 2019 ജൂണില്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന ഈ റിപോര്‍ട്ട് കണക്കുകള്‍ എതിരായതോടെ സര്‍ക്കാര്‍ പുറത്തുവിടാതെ വച്ചതായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. 

നോട്ടുനിരോധന കാലയളവും ഈ കണക്കില്‍ ഉള്‍പ്പെടും. ജിഎസ്ടി നടപ്പാക്കിയതും ഇതില്‍ പ്രതിഫലിക്കുന്നു. 1972-73 കാലത്തെ ആഗോള എണ്ണ പ്രതിസന്ധിക്കു ശേഷം ഇതുവരെ ഉപഭോക്തൃ ചെലവകള്‍ ഒരിക്കലും താഴോട്ടു പോയിട്ടില്ലെന്ന് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇക്കണൊമിക് സ്റ്റഡീസ് അസോസിയേറ്റ് പ്രഫസര്‍ ഹിമാന്‍ഷു പറയുന്നു.
 

Latest News