'ഭാര്യ വീട്ടിലില്ല, നീ വരൂ'; അര്‍ധരാത്രി വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്കു വിളിച്ച പ്രൊഫസര്‍ വെട്ടില്‍

രുദ്രാപൂര്‍- ഉത്തരാഖണ്ഡിലെ ജിപി പന്ത് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള പ്രൊഫസര്‍ അസമയത്ത് വീട്ടിലേക്കു ക്ഷണിച്ചതിനെ ചൊല്ലി വിവാദം. ഭാര്യ വീട്ടിലില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ യുണിവേഴ്‌സിറ്റി വിസിയോട് പരാതിപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റിയുടെ അച്ചടക്ക സമിതി യോഗത്തിലാണ് ഇക്കാര്യം വിസിയുടെ പരിഗണനയില്‍ വന്നതെന്നും പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി എടുത്തിട്ടില്ലെന്നും സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ ഡോ. സലില്‍ തെവാരി പറഞ്ഞു. 

പല ദിവസങ്ങളിലും അര്‍ധ രാത്രി ഫോണ്‍ വിളിക്കാറുണ്ടെന്നും കട്ട് ചെയ്താലും ആവര്‍ത്തിച്ച് വിളിച്ചു കൊണ്ടിരുന്നെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. ഒരു ദിവസം ജന്മദിന ആശംസ നേര്‍ന്ന് ആദ്യം മെസേജ് ചെയ്തു. അല്‍പ്പം കഴിഞ്ഞ് ഫോണില്‍ വിളിച്ച് 'വീട്ടില്‍ ഭാര്യയില്ല, ആരു ഭക്ഷണമുണ്ടാക്കും? നീ വരൂ' എന്നു പറഞ്ഞതായി പെണ്‍കുട്ടി ആരോപിച്ചു. പ്രൊഫസറുടെ മെസേജ് തെളിവായി പെണ്‍കുട്ടി അച്ചടക്ക സമിതിക്കു നല്‍കി. എങ്കിലും അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടില്ല.

ഒക്ടോബറിലാണ് സംഭവം. ഇതു നടക്കുമ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല കുറ്റാരോപിതനായ അധ്യാപകനായിരുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നു മാറ്റിയതായും യൂണിവേഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണര്‍ കുറ്റക്കാരനായ പ്രൊഫസര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വിസിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

Latest News