Sorry, you need to enable JavaScript to visit this website.

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം ഇ.ഡി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി

കൊച്ചി- മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെതിരായ അനധികൃത പണമിടപാട് ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി. നോട്ടു നിരോധന കാലയളവില്‍ ഇബ്രാഹിം കുഞ്ഞിനു ചുമതലയുള്ള പാര്‍ട്ടിയുടെ പത്ര സ്ഥാപനത്തിലേക്ക് പത്ത് കോടി രൂപ നിക്ഷേപിച്ചെന്നാണ് ആരോപണം. ഇതു കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ ഇ.ഡിയെ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. വിജിലന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാന്‍ അനുമതി തേടി എന്നു പറയുന്നതല്ലാതെ തെളിവുണ്ടായിട്ടും അനധികൃത പണമിടപാടിനെകുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഉറവിളം വെളിപ്പെടുത്താത്ത ഈ പണ കൈമാറ്റത്തിന് ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വിജിലന്‍സിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇഡി അന്വേഷിക്കട്ടെയെന്ന് വ്യക്തമാക്കായത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജിക്കാരന്‍. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് കള്ളപ്പണം നിക്ഷേപിച്ചു വെളുപ്പിച്ചെടുത്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചന്ദ്രിക എംഡി കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല വരിക്കാരുടേതായി സമാഹരിച്ച തുക ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിനെ തെറ്റായി ചിത്രീകരിച്ചതാണെന്നും വിശദീകരിച്ചിരുന്നു.
 

Latest News