Sorry, you need to enable JavaScript to visit this website.

ചിദംബരത്തിനെതിരായ ഹരജി അതുപോലെ പകർത്തി ശിവകുമാറിന്റെ കേസിൽ സമർപ്പിച്ചു; ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂദൽഹി- കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹരജിയിൽ ഗുരുതരമായ ക്രമക്കേട്. ഐ.എൻ.എക്‌സ് മീഡിയ കേസിൽ പി. ചിദംബരത്തിന് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി അതേപടി പകർത്തിയാണ് ഈ കേസിലും ഇ.ഡി ഹാജരാക്കിയത്. മാത്രമല്ല, പി.ചിദംബരത്തെ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന് വിശേഷിപ്പിച്ച പോലെ ഡി.കെ ശിവകുമാറിനെയും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നാണ് വിശേഷിപ്പിച്ചത്. ഹരജി പരിഗണിക്കുന്നതിനിടെ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ആർ. നരിമാൻ രംഗത്തെത്തി.

പി. ചിദംബരത്തിന് ജാമ്യം നൽകിയതിനെതിരെ സമർപ്പിച്ച അതേ ഹരജി പകർത്തിക്കൊണ്ടുവന്നിരിക്കുകയാണ് എൻഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് എന്നും ഹരജിയിൽ ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും നരിമാൻ ചൂണ്ടിക്കാട്ടി. ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത് എന്നായിരുന്നു ഹരജിയിലെ തെറ്റ് ചൂണ്ടിക്കാട്ടി ജസ്റ്റിസ് നരിമാൻ പറഞ്ഞത്.

' ഐ.എൻ.എക്‌സ് മീഡിയ കേസിൽ ചിദംബരത്തിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് സമർപ്പിച്ച ഹരജി അതേ പോലെ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുകയാണ് എൻഫോഴ്‌സമെന്റ്. ശിവകുമാറിന്റെ പേരിന് മുൻപിൽ മുൻ ആഭ്യന്തരമന്ത്രിയെന്നാണ് കിടക്കുന്നത്. അത് പോലും മാറ്റിയില്ല. ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത്' എന്നായിരുന്നു ജസ്റ്റിസ് നരിമാൻ പറഞ്ഞത്.
ശിവകുമാറിന് എതിരായ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് വേണ്ടി തുഷാർമേത്തയായിരുന്നു ഹാജരായത്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ശിവകുമാറിന്റെ ഹരജി പരിഗണിച്ചത്. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 

Latest News