Sorry, you need to enable JavaScript to visit this website.

കഴിച്ചത് മൂന്ന് മുട്ട, കിട്ടിയ ബില്ല് 1672 രൂപ! സംഗീതജ്ഞന്‍ ശേഖര്‍ രാവ്ജിയാനി ഞെട്ടി

അഹമദാബാദ്- രണ്ടു പഴം കഴിച്ചതിന് ബോളിവൂഡ് താരം രാഹുല്‍ ബോസിന് ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ 442 രൂപയുടെ ബില്ലിട്ടത് മാസങ്ങള്‍ക്കു മുമ്പ് ട്വിറ്ററില്‍ വലിയ കോലാഹലമായിരുന്നു. ഇതിലും വലിയ കഴുത്തറുപ്പന്‍ ബില്ല് കിട്ടിയ അനുഭവമാണ് ഇപ്പോള്‍ സംഗീതജ്ഞന്‍ ശേഖര്‍ രാവ്ജിയാനി ട്വിറ്ററില്‍ പങ്കുവെച്ചത്. അഹമബദാബാദിലെ ഹയാത് റീജന്‍സി ഹോട്ടലില്‍ കഴിഞ്ഞ ദിവസം മൂന്ന് മുട്ടയുടെ വെള്ള മാത്രം കഴിച്ച താരത്തിന് ലഭിച്ച ബില്ല് 1672 രൂപ!!! ഭീമമായ ഈ ബില്ലിന്റെ ഭീകരത പ്രകടിപ്പിക്കാന്‍ പുതിയ ഇംഗ്ലീഷ് വാക്കും താരം കണ്ടുപിടിച്ചു. 'Eggxorbitant'. അമിതമായ എന്നര്‍ത്ഥം വരുന്ന exorbitant എന്ന വാക്കില്‍ മുട്ട ചേര്‍ത്താണ് താരം ഈ പ്രയോഗം നടത്തിയത്. ട്വീറ്റിനൊപ്പം ആ ബില്ലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈയില്‍ രാഹുല്‍ ബോസിന് രണ്ടു പഴത്തിന് 442 രൂപ വിലയിട്ട സംഭവം ട്വിറ്ററില്‍ കത്തിപ്പടര്‍ന്നതോടെ നികുതി വകുപ്പ് ഹോട്ടലിന് 25,000 രൂപ പിഴയിട്ടിരുന്നു. അമിത വില ഈടാക്കി എന്നായിരുന്നു കുറ്റം. മൂന്ന് മുട്ടയ്ക്ക് 1672 രൂപ വിലയിട്ടതിന്  അഹമദാബാദിലെ ഹോട്ടലിനും പിഴ വരുമോ എന്നാണ് ഇനി  അറിയാനുള്ളത്.
 

Latest News