കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മാണത്തിന്റെ ആദ്യഘട്ട പ്രവൃത്തികൾ പുരോഗമിക്കുന്നു.വിമാനത്താവളത്തിന് കിഴക്ക് ഭാഗത്ത് നിലവിലെ ടെർമിനലിനോട് ചേർന്നാണ് രാജ്യത്തെ മികച്ച വിമാനത്താവള ടെർമിനൽ ഒരുക്കുന്നത്.വിമാനത്താവള വികസനത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായാണ് ടെർമിനൽ നിർമ്മിക്കുന്നത്.17000 ചതുരശ്ര മീറ്ററിൽ രണ്ട് നിലയായാണ് ടെർമിനൽ. 85.5 കോടി ചിലവിൽ ഹരിത ടെർമിനലായാണ് നിർമ്മാണം. യു.ആർ.സി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. രാജ്യത്തെ ഏറ്റവും നീളം കൂടിയ ടെർമിനലെന്ന ഖ്യാതി ഇതോടെ കരിപ്പൂരിനായിരിക്കും. നിർമ്മാണത്തിന്റെ 27 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായി. അടുത്ത വർഷം സെപ്തംബറോടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കും.
നിലം കുഴിച്ച് കൂറ്റൻ ഫില്ലർ നിർമ്മിച്ചുളള പ്രവൃത്തികൾ പൂർത്തിയായിയിട്ടുണ്ട്. ഒന്നാം നിലയുടെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. പ്രകൃതിയിലെ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്താനായി സ്റ്റീലും ഗ്ലാസുമാണ് തുടർന്നുളള പ്രവൃത്തികൾക്ക് ഉപയോഗിക്കുക. ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞാൽ പിന്നീടുളള പ്രവൃത്തികൾ എളുപ്പത്തിൽ പൂർത്തിയാക്കും.
പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും ടെർമിനൽ. 20 കസ്റ്റംസ് കൗണ്ടറുകൾ, 44 എമിഗ്രേഷൻ കൗണ്ടറുകൾ ഇൻലൈൻ ബാഗേജ് സംവിധാനം, എസ്‌കെലേറ്ററുകൾ, രണ്ട് അത്യാധുനിക എയറോബ്രിഡ്ജുകൾ, വാഹനപാർക്കിംഗ് സൗകര്യം എന്നിവ ടെർമിനലിൽ ഒരുക്കിയിരിക്കും. 5,000 പേർക്ക് ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതോടൊപ്പം പോലീസ് സ്റ്റേഷൻ, പോലീസ് ഔട്ട് പോസ്റ്റ് എന്നിവക്കും സൗകര്യമൊരുക്കും. എയർട്രാഫിക് കൺട്രോൾ ടവർ ടെക്‌നിക്കൽ ബ്ലോക്ക് മാറ്റിസ്ഥാപിക്കും. റൺവേയിൽ മൃഗങ്ങൾ കയറുന്നത് തടയാൻ റൺവേക്കു ചുററും വേലി സ്ഥാപിക്കാനും എയർപോർട്ട് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്
കരിപ്പൂരിൽ നിലവിലുളള ടെർമിനലിൽ കൂടുതൽ യാത്രക്കാർക്കുളള സൗകര്യമില്ല. കൂടുതൽ വിമാനങ്ങൾ ഒന്നിച്ചെത്തുമ്പോൾ ടെർമിനലിൽ ഇരിക്കാൻ പോലും കഴിയാതെ യാത്രക്കാർ വലയുകയാണ്. അതേസമയം, പിൻവലിച്ച വലിയ വിമാനങ്ങളുടെ തിരിച്ചു വരവിൽ അനിശ്ചിത്വം തുടരുകയാണ്. റൺവെ നവീകരണത്തിന്റെ ഭാഗമായി പിൻവലിച്ച വിമാനങ്ങൾ റൺവെ പ്രവൃത്തികൾ പൂർത്തിയായിട്ടും തിരിച്ചുവരാനുളള അനുമതിക്കായി കാത്തിരിക്കുകയാണ്. റൺവെ നീളം വർധിപ്പിക്കാതെ അനുമതി നൽകേണ്ടെന്ന നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.