Sorry, you need to enable JavaScript to visit this website.

പ്രമേഹ ദിനത്തിൽ പഞ്ചസാര ഹർത്താലുമായി ആലക്കോട് ഗ്രാമം

കണ്ണൂർ - വടക്കെ മലബാറിലെ മലയോര ഗ്രാമമായ ആലക്കോട്ടെ ഹോട്ടലുകളിൽ ചായ കുടിക്കാനെത്തിയവർ ഒരു നിമിഷം പകച്ചു. എല്ലാവർക്കും കിട്ടിയത് മധുരമില്ലാത്ത ചായ. കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, മലയോരത്തെ ആലക്കോട് പഞ്ചായത്തിൽ പഞ്ചസാര ഹർത്താലാണെന്ന്!
പ്രായഭേദമന്യേ മലയാളികളെ കാർന്നു തിന്നുന്ന പ്രമേഹത്തിനെതിരെ ലോക പ്രമേഹ ദിനത്തിൽ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയായിരുന്നു ഈ ഗ്രാമത്തിൽ. ഇതിന് മുന്നിട്ടിറങ്ങിയതാകട്ടെ ഹോട്ടലുകാരും. ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വ്യാപാരികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ മുഴുവൻ ഹോട്ടലുകളിലും കൂൾബാറുകളിലും പഞ്ചസാര ബഹിഷ്‌കരിച്ചു. ചായ, കാപ്പി, നാരങ്ങ വെള്ളം തുടങ്ങിയ എല്ലാ പാനീയങ്ങളിലും പഞ്ചസാര ഒഴിവാക്കി. പ്രമേഹ രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഒരു ദിവസത്തെ പഞ്ചസാര ഹർത്താൽ. പഞ്ചസാര ബഹിഷ്‌കരണ സന്ദേശങ്ങൾ അടങ്ങിയ ബാനറുകളും ഹോട്ടലുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്നു.

 

Latest News