Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് മുൻകൂർ ജാമ്യമില്ല

കൊച്ചി - നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി  തള്ളി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ്  സുനിൽതോമസ് ഉത്തരവിൽ വ്യക്തമാക്കി. അപ്പുണ്ണിയെ പ്രതി ചേർത്തിട്ടില്ലെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി അറിയിച്ചു. 
അതിനിടെ ജയിലിൽനിന്ന് പൾസർ സുനിക്ക് വേണ്ടി ദിലീപിന് കത്തെഴുതിയ വിപിൻലാലിനെ അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങി. പൾസർ സുനിയെഴുതിയ കത്ത് വിപിൻലാലിന്റേതാണെന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കത്തെഴുതിയതിന്റെ പശ്ചാത്തലം കൂടുതൽ വ്യക്തമാകുന്നതിനും ദിലീപും സുനിയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
ഗൂഢാലോചനയിൽ അപ്പുണ്ണി ഉൾപ്പെട്ടതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഏലൂർ ടാക്‌സി സ്റ്റാൻഡിൽ അപ്പുണ്ണി സുനിയുടെ സഹതടവുകാരൻ വിഷ്ണുവുമായി സംസാരിച്ചതിന് തെളിവുണ്ട്. ഇവിടെവെച്ചാണ് സുനിയുടെ കത്ത് കൈമാറിയത്. സുനിയുടെ കത്ത് അപ്പുണ്ണിയുടെ ഫോണിലേക്ക് വാട്‌സ്ആപ് മുഖാന്തിരം അയച്ചതിനും തെളിവുണ്ട്. ജയിലിൽ നിന്നും സുനി മൊബൈൽ   ഫോണിൽ അപ്പുണ്ണിയെ ബന്ധപ്പെട്ടതിനും തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
കേസിൽ അന്വേഷണ സംഘം ആദ്യം അപ്പുണ്ണിയെ ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തശേഷം രണ്ടാമത് ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഇയാൾ എത്തിയില്ല. തുടർന്ന് ഏലൂരിലെ വീട്ടിൽ പോലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയുടെ അഞ്ച് മൊബൈൽ ഫോൺ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒളിവിൽ നിന്നാണ് അപ്പുണ്ണി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത്. അതിനിടെ പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ അങ്കമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത് ശനിയാഴ്ചത്തേയ്ക്ക് മാറ്റി.


 

Latest News