അയോധ്യാ വിധിയില്‍ ചീഫ് ജസ്റ്റിസിന് മോഡിയുടെ അഭിനന്ദനം; ബംഗ്ലാദേശില്‍ വ്യാജ കത്ത് പ്രചരിക്കുന്നു

ന്യൂദല്‍ഹി- ബാബരി മസ്ജിദ് തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത അയോധ്യ കേസ് വിധിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങളില്‍ തുടരുന്ന പ്രചാരണത്തെ ഇന്ത്യ അപലപിച്ചു.  വിദ്വേഷം സൃഷ്ടിക്കുന്ന വ്യാജപ്രചാരണമാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ മനപ്പൂര്‍വ്വം പ്രചരിപ്പിക്കുകയാണെന്നും ഇത്  അപലപനീയമാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു.
ഇത്തരം വ്യാജവാര്‍ത്ത സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അപസ്വരം സൃഷ്ടിക്കുകയും ചെയ്യും. ഈ നീക്കത്തിനു പിന്നിലുള്ളവരെ ശക്തിയായ് അപലിപിക്കുന്നു- രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോഡി അയച്ചെന്ന് പറയുന്ന കത്ത് പൂര്‍ണ്ണമായും വ്യാജമാണെന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും അറിയിച്ചു. ഇത്തരത്തിലൊരു കത്ത് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഹൈക്കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും വ്യജമായ കത്ത് ബംഗ്ലാദേശിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത് വളരെ മോശമായ കാര്യമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

 

Latest News