Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയിതര സര്‍ക്കാരിന് പൊതുമിനിമം പരിപാടി

മുംബൈ- രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ പുരോഗതി. എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പൊതുമിനിമം പരിപാടി തയ്യാറായി. 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപമായത്.  
ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളുടെ സംയുക്ത സമിതി മുംബൈയില്‍ യോഗം ചേര്‍ന്നാണ് പൊതുമിനിമം പരിപാടിയുടെ കരട് തയാറാക്കിയത്. കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, വിള ഇന്‍ഷൂറന്‍സ് പദ്ധതി, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
പൊതുമിനിമം പരിപാടിയുടെ കരട് ഇനി അംഗീകാരത്തിനായി ഇനി മൂന്ന് പാര്‍ട്ടികളുടേയും അധ്യക്ഷന്മാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. മൂന്ന് പാര്‍ട്ടി അധ്യക്ഷന്‍മാരും ഇത് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിക്കാനാണ് തീരുമാനം.
കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. നേതാക്കളെ അങ്ങോട്ടുപോയി കാണുന്ന പതിവില്ലാത്ത ഉദ്ധവ് താക്കറെ നേരിട്ടു ചര്‍ച്ചക്കെത്തുകയായിരുന്നു.
നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നതിനാല്‍ അംഗബലം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നവരെ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍  ക്ഷണിക്കാം. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബി.ജെ.പി.യും ശിവസേനയും മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ഇടഞ്ഞതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്. ഇതിനു പിന്നാലെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കുന്ന ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴികള്‍ തുറന്നുകിടക്കുകയാണെന്ന് ബി.ജെ.പി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
പൊതുമിനിമം പരിപാടി തയാറാക്കിയതോടൊപ്പം മന്ത്രിസ്ഥാനങ്ങള്‍ പങ്കിടുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് സൂചന.  മുഖ്യമന്ത്രിസ്ഥാനം എന്‍.സി.പിയും ശിവസേനയും രണ്ടരവര്‍ഷം വീതം പങ്കിടുന്ന കാര്യത്തിലും സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ബി.ജെ.പിയും ശിവസേനയും തെറ്റിയതാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയത്. 105 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 56 സീറ്റുമായി ശിവസേന രണ്ടാമതെത്തിയിരുന്നു. ശിവസേനയുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെ ശിവസേന മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ബി.ജെ.പി ഇതിന് വിസമ്മതിച്ചതോടെ സഖ്യം പിളര്‍ന്നു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പി പരാജയപ്പെട്ടതോടെ ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചിരുന്നു. പിന്നീട് തങ്ങള്‍ക്ക് സമയം കൂട്ടിത്തരണമെന്ന ശിവസേനയുടെ അപേക്ഷ ഗവര്‍ണര്‍ തള്ളി. എന്‍.സി.പിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടതോടെയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. എന്നാല്‍ ബി.ജെ.പിയ്ക്ക് അനുവദിച്ചത്രയും സമയം മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

 

 

Latest News