Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

രാഘവേട്ടാ, നമ്മുടെ മെമു എവിടെ? 

ആലപ്പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം ഒരു വാർത്തയുണ്ടായിരുന്നു. കേരളം ഇത്തവണ ലോക്‌സഭയിലേക്ക് അയച്ച 'ഏക കനൽത്തരി', യാത്രക്കാരുടെ ദുരിതമറിയാൻ തിരക്കേറിയ ട്രെയിനിൽ യാത്ര ചെയ്യുന്നു. എ.എം. ആരിഫ് ആലപ്പുഴ എം.പിയായിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാർലമെന്റിൽ തുടക്കക്കാരൻ. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന മെമു ട്രെയിനിലെ കഷ്ടപ്പാട് നേരിട്ടറിയാനായിരുന്നു ജനപ്രതിനിധിയുടെ യാത്ര. 
മാധ്യമ പ്രവർത്തകരും ദുരിതം അനുഭവിക്കാൻ കൂടെയുണ്ടായിരുന്നു. ദക്ഷിണ കേരളത്തിൽ ആലപ്പുഴ-കായംകുളം പാത നിലവിൽ വന്നിട്ട് ഏറെക്കാലമായിട്ടില്ല. കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കളുടെ അത്യുത്സാഹം ഇതിനു വേണ്ടിയുണ്ടായിരുന്നുവെന്നത് ചരിത്രം. ഇവരിൽ ജീവിച്ചിരിപ്പുള്ളവരുമുണ്ട്. കേന്ദ്ര മന്ത്രിയായപ്പോൾ വേണ്ടത്ര ശോഭിക്കാതിരുന്ന വയലാർ രവി, നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ വി.എം. സുധീരൻ, ദീർഘകാലം എറണാകുളം എം.പിയായിരുന്ന പ്രൊഫ. കെ.വി. തോമസ്, എ.കെ ആന്റണി എന്നിങ്ങനെ പോകുന്നു നേതാക്കളുടെ പട്ടിക. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ശിൽപി കെ. കരുണാകരന്റെ സംഭാവനയും വിസ്മരിക്കാനാവില്ല. 
കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരു ശിലാഫലകമുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരളത്തിലെത്തി തിരുവനന്തപുരം-എറണാകുളം പാതയുടെ ഗേജ് മാറ്റം നടത്തിയതിന്റെ പ്രഖ്യാപനം. ഇതിനും അത്രയ്‌ക്കൊന്നും പഴക്കമില്ല. അര നൂറ്റാണ്ടിൽ താഴെ. അതിന് മുമ്പ് മലബാറിൽ നിന്ന് തലസ്ഥാന നഗരയിലേക്ക്  പോകുന്ന യാത്രക്കാർ എറണാകുളത്തെത്തി മീറ്റർ ഗേജ് പെട്ടി വണ്ടിയിലേക്ക് മാറിക്കയറണമായിരുന്നു. അതേ സമയം ഇപ്പോഴത്തെ കേരളത്തിന്റെ വടക്കൻ പ്രദേശമായ മലബാർ മേഖലയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ട്രെയിൻ സർവീസ് തുടങ്ങിയ കാലത്തേ ബ്രോഡ് ഗേജ് തീവണ്ടി സർവീസുണ്ടായിരുന്നു. 
തിരൂരിനും ബേപ്പൂരിനുമിടയിലെ  കേരളത്തിലെ ആദ്യ റെയിൽ പാതയ്ക്ക് ഒന്നര നൂറ്റാണ്ടിന്റെ പ്രായമായി. പിന്നീടിങ്ങോട്ട് കാര്യശേഷിയുള്ള ജനപ്രതിനിധികളുടെ  ശ്രമഫലമായി പുതിയ ട്രെയിനുകളും പാതകളുമെല്ലാം അനുവദിക്കുമ്പോൾ തെക്കൻ മേഖലയ്ക്കാണ് കാര്യമായ പരിഗണന ലഭിച്ചത്. തിരുവനന്തപുരത്ത് ദീർഘ ദൂര ട്രെയിനുകൾക്ക് വന്നു നിൽക്കാൻ സ്ഥലം തികയാതെ വന്നപ്പോൾ കൊച്ചുവേളി ഉപഗ്രഹ സ്റ്റേഷനാക്കി. 
മുംബൈയ്ക്കും ദൽഹിക്കും പോകുന്ന വണ്ടികൾ ആലപ്പുഴ വഴിയും കോട്ടയം വഴിയുമാക്കി മാറ്റി. ബ്രിട്ടീഷുകാരുടെ കാലത്ത് ഉഗ്ര പ്രതാപിയായി വിരാജിച്ച ഷൊർണൂർ ജംഗ്ഷനെപ്പറ്റി പറയാൻ ആരുമില്ലാതായി. തുടക്കത്തിൽ പറഞ്ഞ കന്നി എം.പി ആരിഫിന്റെ മെമു യാത്രയിലേക്ക് തിരിച്ചുവരാം. ആലപ്പുഴ വഴി ഓടിയിരുന്ന പാസഞ്ചർ ട്രെയിനിന് പകരമാണ് മെമു സർവീസ് ഏർപ്പെടുത്തിയത്. 
ഇതിലെ വീർപ്പുമുട്ടലിൽ അസ്വസ്ഥരായ യാത്രക്കാരുടെ താൽപര്യം കൂടുതൽ ബോഗികളുള്ള പാസഞ്ചർ തിരികെ ലഭിക്കണമെന്നാണ്. മൂന്ന് നാല് ദശകങ്ങൾക്കിടെ നിലവിൽ വന്ന റെയിൽ പാതയിൽ ട്രെയിൻ കൂടിയതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ആ മേഖലയിലെ യാത്രക്കാർ. 
മലബാർ പ്രദേശത്ത് മാത്രമാണ് മെമു സർവീസ് ആരംഭിക്കാത്തത്. മംഗലാപുരം വരെയുള്ള പാത ഇരട്ടിപ്പിച്ചിട്ട് കുറച്ചു കാലമായി. ഈ പാത പൂർണമായും വൈദ്യുതീകരിച്ചിട്ടും മൂന്ന് വർഷത്തിലേറെയായി. മെമു സർവീസ് തുടങ്ങാതിരിക്കാനുള്ള കാരണങ്ങൾ അപ്രസക്തമായെന്ന് ചുരുക്കം. എന്താണ് മെമു തുടങ്ങാത്തതെന്ന് ചോദിച്ചാൽ പാലക്കാട്ടെ മെമു ഷെഡ് വിപുലീകരണം പൂർത്തിയായിക്കോട്ടെ എന്നൊക്കെ മറുപടി പറയുന്നവരുണ്ട്.  
ഏറ്റവും ചുരുങ്ങിയത് കൊച്ചി-ആലപ്പുഴ റൂട്ടുകാർക്ക് വേണ്ടാത്ത മെമുവിനെ ഇങ്ങോട്ട് മാറ്റാനെങ്കിലും മലബാർ മേഖലയിൽ നിന്നുള്ള ഒരു ഡസൻ എം.പിമാർ ഉത്സാഹിച്ചിരുന്നുവെങ്കിലെന്ന് ആരും കൊതിച്ചു പോകും. ഇവരിലാരെങ്കിലും ചെന്നൈ സോണിൽ ഫോൺ വിളിച്ചു പറഞ്ഞാൽ തന്നെ നടക്കുന്ന കാര്യമാണിത്. റോഡ് വാഹനങ്ങൾ പെരുകിയതോടെ പലരും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. മംഗലാപരും-കണ്ണൂർ-കോഴിക്കോട്-തിരൂർ-പാലക്കാട് സെക്ഷനുകളിൽ മെമമു സർവീസ് തുടങ്ങുന്നത് പകൽ സമയത്ത് ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഇല്ലാതാക്കാൻ വഴിയൊരുക്കും. 
ഇതൊക്കെ നടക്കണമെങ്കിൽ എം.പിമാർ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണം. കരഞ്ഞതുകൊണ്ടും പാട്ട് പാടിയതുകൊണ്ടും വോട്ടുകൾ നേടാം. പത്രങ്ങളിൽ തലവാചകങ്ങൾ വരുത്തുമ്പോൾ അത് യാഥാർഥ്യമാക്കാൻ ഉത്സാഹിക്കേണ്ട ബാധ്യത കൂടിയുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കേരളത്തിൽ തെരഞ്ഞെടുത്ത ഏക സ്റ്റേഷൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനാണെന്ന് വാർത്തയുണ്ടായിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നായിരുന്നു തള്ള്. സതേൺ സോണിൽ കോഴിക്കോടിന് പുറമെ ചെന്നൈ മാത്രമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇപ്പോൾ വന്ന് വന്ന് കോഴിക്കോട് ഈ പട്ടികയിലേ ഇല്ലാതായി. പകരം എറണാകുളം ജംഗ്ഷൻ ഇതിൽ സ്ഥാനം പിടിക്കുകയും ചെയ്തു. 
കോഴിക്കോടിന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളായി വെസ്റ്റ്ഹിൽ, ഫറോക്ക് എന്നിവ വികസിപ്പിക്കാമായിരുന്നു. വെസ്റ്റ്ഹില്ലിൽ റെയിൽവേയുടെ പക്കൽ ധാരാളം ഭൂമിയുണ്ട്. ഭാവിയിൽ കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകൾക്ക് സൗകര്യപ്രദമാവും വിധം പിറ്റ് ലൈൻ ഇവിടെ സ്ഥാപിക്കുകയുമാവാം. കാലിക്കറ്റ് എയർപോർട്ട്, കാലിക്കറ്റ് സർവകലാശാല എന്നിവയുടെ സാമീപ്യം കൂടിയുണ്ട് ഫറോക്കിന്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള റോഡ് വാഹനങ്ങൾ ഒന്നാം പ്ലാറ്റുഫോമിന്റെ പ്രവേശന കവാടത്തിൽ കൂടി മാത്രം പുറത്ത് വരുന്നത് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാവുന്നു. നാലാം പ്ലാറ്റ്‌ഫോമിന്റെ കവാടത്തെ തൊട്ടടുത്ത ഫ്രാൻസിസ് റോഡുമായി ബന്ധിപ്പിക്കാൻ സ്ഥലമേറ്റെടുക്കേണ്ട കാര്യമൊന്നുമില്ല. റെയിൽവേ ഭൂമിയിലെ  നിലവിലെ റോഡിന് വീതി കൂട്ടിയാൽ മാത്രം മതി. ഇത്തരം ഐഡിയകൾ നടപ്പാക്കാൻ ജനപ്രതിനിധികളുടെ ഉത്സാഹം കാട്ടണം. 
2014-19 കാലത്തെ വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലാ തലസ്ഥാനം പോലുമല്ലാത്ത സ്വന്തം മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ആരുടേയും കണ്ണു തുറപ്പിക്കുന്നതാണ്. വടകരയിൽ മൂന്ന് പ്ലാറ്റ്‌ഫോമുകൾ, ലിഫ്റ്റ്, എസ്‌കലേറ്റർ, റിട്ടയറിംഗ് റൂം എന്നിങ്ങനെ പലതും യാഥാർഥ്യമായത് മുല്ലപ്പള്ളിയുടെ ശ്രമഫലമായാണ്. മലബാറിൽ കലക്ഷന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന തലശ്ശേരിയെ കൂടി അദ്ദേഹം കാര്യമായി പരിഗണിച്ചിരുന്നു.  
കോഴിക്കോട്ട് നിന്ന് ബംഗളൂരുവിലേക്ക് ഇന്റർ  സിറ്റി ട്രെയിൻ വരുന്നുവെന്ന വാർത്ത കണ്ട് ആഹ്ലാദിച്ചിട്ട് കാര്യമില്ല. റെയിൽവേ ഉദ്യാഗസ്ഥനെ എം.പി കണ്ടപ്പോൾ ഇതു സംബന്ധിച്ച് വാക്ക് കിട്ടിയെേത്ര. ഫോളോ അപ്പ് യഥാസമയം നടത്തിയില്ലെങ്കിൽ ഇതും യാഥാർഥ്യമാവില്ലെന്നതാണ് കാര്യം.  

Latest News