ടിക് ടോക്കിന് വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം റീൽസ് 

ആഗോള വ്യാപകമായിതന്നെ വൻ സ്വീകാര്യത നേടിയ ജനപ്രിയ ആപ്പായ ടിക് ടോക്കിനെ നേരിടാൻ ഇൻസ്റ്റഗ്രാം പുതിയ വീഡിയോ മ്യൂസിക് റീമിക്‌സ് ഫീച്ചർ അവതരിപ്പിച്ചു. 
ഫേസ് ബുക്കിനും ഇൻസ്റ്റഗ്രാമിനും സ്‌നാപ്ചാറ്റിനുമെല്ലാം കനത്ത വെല്ലുവിളി ഉയർത്തിയുള്ള മുന്നേറ്റമാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് കാഴ്ചവെക്കുന്നത്. 
ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും യുവാക്കൾക്കിടയിൽ ജനപ്രീതിയാർജിക്കാൻ ടിക് ടോക്കിന് കഴിഞ്ഞു. 
ടിക് ടോക്കിന് സമാനമായി ഇൻസ്റ്റഗ്രാം റീൽസ് എന്ന പേരിലാണ് പുതിയ വീഡിയോ മ്യൂസിക് റീമിക്‌സ് ഫീച്ചർ. ഇതുവഴി ഉപയോക്താക്കൾക്ക് 15 സെക്കന്റ് ദൈർഘ്യമുള്ള ലഘുവീഡിയോകൾ ഇൻസ്റ്റഗ്രാം സ്‌റ്റോറീസ് ആയി പങ്കുവെക്കാൻ സാധിക്കും. 
ഇതിനായി ഇൻസ്റ്റഗ്രാം ഒരു പുതിയ ടോപ്പ് റീൽ വിഭാഗം എക്‌സ്‌പ്ലോർ ടാബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാട്ടുകളുടെ വലിയൊരു കാറ്റലോഗും തയ്യാറാക്കിയിരിക്കുന്നു.  മറ്റൊരാളുടെ വീഡിയോയിലുള്ള ശബ്ദവും ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. 
നിലവിൽ ബ്രസീലിൽ മാത്രമാണ് റീൽസ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലിൽ ഇതിന്റെ പേര്. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭിക്കും. 
ടിക് ടോക്കിനെ നേരിടാൻ ലാസോ എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഫേസ് ബുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. നിലവിലുള്ള ശക്തമായ അടിത്തറ പ്രയോജനപ്പെടുത്തി പുതിയ ഫീച്ചർ ആളുകളിലേക്കെത്തിക്കാനാണ് ഇൻസ്റ്റഗ്രാമിന്റെ നീക്കം. 
ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറി പോസ്റ്റ് ചെയ്യാനുള്ള കാമറ ഐക്കൺ തുറന്നാൽ ബൂമറാങ്, സൂപ്പർസൂം എന്നീ ക്യാമറ ഓപ്ഷനുകൾക്കൊപ്പമാണ് റീൽസ് എന്ന ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ക്ലിക്ക് ചെയ്താൽ പശ്ചാത്തല ശബ്ദത്തിനൊപ്പം വീഡിയോ റെക്കോഡ് ചെയ്യാനാവും.

 

Latest News