Sorry, you need to enable JavaScript to visit this website.

ലോബിയിംഗ് ശക്തമാക്കി ടിക് ടോക്ക്‌

ചൈനീസ് ഉടമസ്ഥാവകാശത്തെച്ചൊല്ലി  അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സമ്മർദം ചെറുക്കുന്നതിന് ജനപ്രിയ മ്യൂസിക് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് വാഷിംഗ്ടണിൽ ലോബിയിംഗ് ശക്തമാക്കി. ഫേസ്ബുക്കുമായുള്ള മത്സരവും ടിക് ടോക്ക് ശക്തമാക്കിയിരിക്കയാണ്. 
കഴിഞ്ഞ ജൂണിൽ ആദ്യത്തെ ലോബിയിസ്റ്റിനെ രജിസ്റ്റർ ചെയ്ത കമ്പനി ഒരു യു.എസ് പോളിസി മേധാവിയെ കൂടി ചേർക്കാനുള്ള ശ്രമത്തിലാണ്. ആഭ്യന്തര പോളിസി ജീവനക്കാരെ കൂടുതൽ വിപുലീകരിക്കാനും പദ്ധതിയിടുന്നു. 
മുൻഗണനകൾ രൂപപ്പെടുത്തുന്നതിനും വർധിച്ചുവരുന്ന ലോബിയിംഗ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും പോളിസി മേധാവിയുടെ നിയമനം സഹായിക്കുമെന്ന് കമ്പനി കരുതുന്നു.
സാങ്കേതിക പോളിസി രംഗത്ത് പേരുകേട്ട മോണുമെന്റ് അഡ്വക്കസി എന്ന പബ്ലിക് അഫയേഴ്‌സ് ലോബിയിംഗ് സ്ഥാപനവുമായി ടിക് ടോക്ക് ഉടമസ്ഥരായ ബെയ്ജിംഗ് ആസ്ഥാനമായുള്ള ബൈറ്റ് ഡാൻസ് കരാറിലെത്തിയിട്ടുണ്ട്. 
നേരത്തെ നിയമിച്ചിരുന്ന കോവിംഗ്ടൺ ആന്റ് ബർലിംഗ് എന്ന നിയമ സ്ഥാപനത്തിലെ ലോബികളുമായുള്ള ബന്ധം ടിക് ടോക്ക് അവസാനിപ്പിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഫേസ്ബുക്കുമായി കോവിംഗ്ടണ് അടുത്ത ബന്ധമുണ്ടെന്നതാണ് കാരണം.  
ഫേസ്ബുക്ക് ചീഫ് പ്രൈവസി ഓഫീസർ എറിൻ ഈഗൻ നേരത്തെ കോവിംഗ്ടണിന്റെ ഡാറ്റ സ്വകാര്യതയും സുരക്ഷാ പരിശീലനവും കൈകാര്യം ചെയ്തിരുന്നു. യു.എസ് റെഗുലേറ്റർമാരെയും നിയമ നിർമാതാക്കളെയും അനുനയിപ്പിക്കാനും  ടിക് ടോക്ക് ശരിക്കും ഒരു യുഎസ് കമ്പനി തന്നെയാണെന്ന് അവരെ ബോധ്യപ്പെടുത്താനുമുള്ള ടിക് ടോക്കിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ലോബിയിംഗ് ശക്തമാക്കുന്നത്. 
ചൈനീസ് ഉടമസ്ഥാവകാശവും ചൈനീസ് സർക്കാരിന് ആപ്ലിക്കേഷൻ വഴി സ്വകാര്യ ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കാനുള്ള സാധ്യതയും ടിക് ടോക്ക് അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അപകടമാണെന്ന പ്രചാരണം ശക്തമാണ്.  
നിലവിൽ ഫേസ് ബുക്ക് നിയമനിർമാതാക്കളുടെ പരിശോധന നേരിടുന്നതിനാൽ ടിക് ടോക്കിനെ കുറിച്ചുള്ള ആശങ്കയും തള്ളിക്കളയുന്നില്ല. 
ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, ചിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിച്ച് യു.എസിലുടനീളം ബൈറ്റ്ഡാൻസ് അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ്. ഈ വർഷം 564 ദശലക്ഷത്തിലധികം പേർ ആഗോള തലത്തിൽ ടിക് ടോക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തുവെന്നാണ് ആപ്പ് വിപണി നിരീക്ഷിക്കുന്ന സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിൽ നിന്നുള്ള കണക്ക്.  ടിക് ടോക്ക് ആരംഭിച്ചതിനു ശേഷം 1.45 ബില്യൺ തവണ ഡൗൺലോഡ് ചെയ്തു.
ടിക് ടോക്കുമായി ലയിപ്പിക്കുന്നതിന് രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പായ മ്യൂസിക്കൽലി ബൈറ്റ്ഡാൻസ് ഒരു ബില്യൺ ഡോളറിന് വാങ്ങിയ ഇടപാട് യുഎസ് ഉദ്യോഗസ്ഥർ അവലോകനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 
അമേരിക്കയിലെ  ഉപയോക്താക്കളുടെയും റെഗുലേറ്റർമാരുടെയും വിശ്വാസം നേടുന്നതിനേക്കാൾ ഉയർന്ന മുൻഗണന മറ്റൊന്നിനും ഇല്ലെന്ന്  ടിക് ടോക്ക് പ്രതിനിധി വ്യക്തമാക്കിയിരുന്നു.

 

Latest News