Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന് ആശ്വാസമായി റഫാൽ കേസിൽ പുനഃപരിശോധനാ ഹരജി തള്ളി

ന്യൂദൽഹി - കേന്ദ്ര സർക്കാരിന് ആശ്വാസമായി റഫാൽ കേസിൽ സുപ്രീം കോടതി വിധി. റഫാൽ ഇടപാടിൽ മോഡി സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ വിധിക്കെതിരായ എല്ലാ പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളി.

റഫാൽ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്  മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്.

റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൌൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു ഹരജി. 

ഫ്രാൻസിലെ ദസോ ഏവിയേഷൻ കമ്പനിയിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ടെന്നായിരുന്നു പരാതി.കഴിഞ്ഞ മെയ് 10ന് വാദം പൂർത്തിയായ ഹരജികളിലാണ് ഇന്ന് സുപ്രീം കോടതി വിധി പറഞ്ഞത്.റഫാൽ യുദ്ധവിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നുവെന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം 2018 ഡിസംബർ 14നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു. കേന്ദ്ര സർക്കാർ തെറ്റായ വിവരങ്ങൾ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവിൽ ഗുരുതരമായ തെറ്റുണ്ടെന്നും ആരോപണങ്ങളുയർന്നിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരും ഹരജിക്കാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരുമാണ് പുനഃപരിശോധനാ ഹരജി നൽകിയത്. 
ഇതിനു പിന്നാലെ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതും അതിനെ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യൻ നെഗോസ്യേഷൻ ടീമും എതിർത്തതുമായുള്ള രേഖകൾ ചൂണ്ടിക്കാട്ടി ദ ഹിന്ദു പുറത്തുവിട്ട വാർത്തകൾ നിർണായക തെളിവുകളാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി കഴിഞ്ഞ ഏപ്രിൽ 10ന് പുനഃപരിശോധന ഹരജികൾ അംഗീകരിച്ചത്. രേഖകൾക്ക് ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിരക്ഷയുള്ളതാണെന്നും ഹരജിക്കാരും ദ ഹിന്ദു അടക്കമുള്ള മാധ്യമങ്ങളും ഗൂഢാലോചന നടത്തി രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്നു മോഷ്ടിച്ചതാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചിരുന്നില്ല. 
126 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി യുപിഎ സർക്കാർ ഫ്രാൻസുമായി ചേർന്ന് കൊണ്ടുവന്ന കരാർ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പുതുക്കി 36 വിമാനങ്ങൾ മാത്രമുള്ള കരാറാക്കിയതും അതിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡിനു പകരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയെ ഉൾപ്പെടുത്തിയതുമാണ് ആദ്യം വിഷയമായത്. ഇതിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ നെഗോസ്യേഷൻ ടീം നടത്തിയിരുന്ന ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെടുകയും സമാന്തര ചർച്ചകൾ നടത്തിയെന്നുമാണ് ദ ഹിന്ദു പുറത്തുവിട്ട രേഖകൾ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെതിരേ നെഗോസ്യേഷൻ ടീം അംഗങ്ങൾ വിയോജിപ്പ് അറിയിച്ചതും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വിയോജന കുറിപ്പെഴുതിയതും രേഖകളിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ, കോടതിയിൽ പോലും പറയാതിരുന്ന റഫാൽ വിമാന ഇടപാട് തുകയും നേരത്തെ യുപിഎ നിശ്ചയിച്ചിരുന്നതും മാധ്യമങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.   
 

Latest News