Sorry, you need to enable JavaScript to visit this website.

സൗദിയിൽ വർക്ക്‌ഷോപ്പുകളിൽ നാളെ മുതൽ ഇ-പെയ്‌മെന്റ് നിർബന്ധം

റിയാദ് - സൗദിയിലെ മുഴുവൻ കാർ വർക്ക്‌ഷോപ്പുകളിലും നാളെ മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി. വീൽബാലൻസിംഗ്, പഞ്ചർ, സ്‌പെയർ പാർട്‌സ്, കാർ മെക്കാനിക്ക് തുടങ്ങി കാർ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണ്. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗാമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം നേരത്തെ പ്രഖ്യാപിച്ചത്.  


ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുന്നതിന് രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും പടിപടിയായി നിർബന്ധിക്കുന്ന പദ്ധതി നടപ്പാക്കാൻ തുടങ്ങിയതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നാലു മാസം മുമ്പ് അറിയിച്ചിരുന്നു.

പതിമൂന്നു മാസത്തിനകം പ്രത്യേക സമയക്രമം നിശ്ചയിച്ച് ആറു ഘട്ടങ്ങളായി രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാനാണ് തീരുമാനമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. അടുത്ത വർഷം ഓഗസ്റ്റ് 25 ന് മുമ്പായി മുഴുവൻ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണ്.

ഹുക്ക പുകയില വിൽപന സ്ഥാപനങ്ങൾ, രണ്ടു റിയാൽ കടകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കോഫി ഷോപ്പുകൾ, ബഖാലകൾ, തുണിക്കടകൾ, മൊത്ത വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് പറഞ്ഞു.


പണത്തിനു പുറമെ വ്യത്യസ്ത പെയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇ-പെയ്‌മെന്റ് ഏർപ്പെടുത്തൽ നിർബന്ധമാക്കുന്നത്. വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവുമായും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുമായും ഏകോപനം നടത്തി പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പറഞ്ഞു. 


ആദ്യ ഘട്ടത്തിൽ പെട്രോൾ ബങ്കുകളെയും സർവീസ് സെന്ററുകളെയുമാണ് ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താൻ നിർബന്ധിച്ചത്. ജൂലൈ മധ്യം മുതൽ പെട്രോൾ ബങ്കുകളിലും സർവീസ് സെന്ററുകളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കി.

വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം നിരീക്ഷിച്ച് ഉറപ്പുവരുത്തും. ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്തതിനെയും ഈ സേവനം ഉപയോഗപ്പെടുത്താൻ അനുവദിക്കാത്തതിനെയും കുറിച്ച പരാതികൾ മന്ത്രാലയം സ്വീകരിക്കുകയും പരാതികളിൽ അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കുകയും ചെയ്യും.

ബഖാലകളും മിനിമാർക്കറ്റുകളും അടക്കമുള്ള സ്ഥാപനങ്ങൾ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഉറപ്പുവരുത്തുകയും ഇത്തരം സ്ഥാപനങ്ങൾക്കുള്ള പുതിയ ലൈസൻസ് അപേക്ഷാ വ്യവസ്ഥകളിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്യും. 


പെട്രോൾ ബങ്കുകളിലും ബങ്കുകളോട് ചേർന്ന സർവീസ് സെന്ററുകളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാനുള്ള തീരുമാനം ആറു മാസം മുമ്പ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് പാലിക്കുന്നതിന് ജൂലൈ 14 വരെ സ്ഥാപനങ്ങൾക്ക് സാവകാശവും നൽകി. ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത പെട്രോൾ ബങ്കുകൾക്കും സർവീസ് സെന്ററുകൾക്കുമെതിരെ ജൂലൈ 14 മുതൽ ശിക്ഷാ നടപടികൾ സ്വീകരിക്കാനും തുടങ്ങി.


ബിനാമി ബിസിനസ് വിരുദ്ധ മേഖലയിൽ വിവിധ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കുന്നതിനും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന് രൂപംനൽകുന്നതിനും നേരത്തെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. ബിനാമി ബിസിനസുകളിലൂടെ സമ്പാദിക്കുന്ന പണം നിയമ വിരുദ്ധ മാർഗങ്ങളിൽ രാജ്യത്തുനിന്ന് പുറത്തേക്കൊഴുകുന്നത് തടയാൻ ധന ഇടപാടുകൾ ക്രമീകരിക്കൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമാണ്. 

Latest News