പാക്കിസ്ഥാന്‍ തലസ്ഥാനത്തെ പ്രക്ഷോഭം പിന്‍വലിച്ചു


മൗലാനാ ഫസ്‌ലുറഹ്മാനും അനുയായികളും രണ്ടാംഘട്ട സമരത്തിലേക്ക്, റോഡുകള്‍ ഉപരോധിക്കും


ഇസ്ലാമാബാദ്- പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് തലസ്ഥാനത്തേക്ക് ആയിരക്കണക്കിന് അനുയായികളെ നയിച്ച ഇസ്ലാമിസ്റ്റ് നേതാവ് മൗലാന ഫസ്‌ലുറഹ്്മാന്‍ പ്രക്ഷോഭത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിച്ചു. പ്രധാനമന്ത്രിയെ താഴെയിറക്കാന്‍ പ്ലാന്‍ ബിയിലേക്ക് നീങ്ങുകയാണെന്നും ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം രണ്ടാംഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ തുടരുമെന്നും   ഇസ്‌ലാമിസ്റ്റ് തീപ്പൊരി നേതാവ്  മൗലാന ഫസ്‌ലുറഹ്്മാന്‍ പറഞ്ഞു.
ഒക്ടോബര്‍ 31 മുതല്‍ തലസ്ഥാനത്തെ ക്യാമ്പില്‍ കഴിയുന്ന അനുയായികളോട് പിരിഞ്ഞു പോകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ വിവിധ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രധാനമായും സമരവുമായി തലസ്ഥാനത്ത് തമ്പടിച്ചിരുന്നത്. പ്രക്ഷോഭകര്‍ ഇനി രാജ്യത്തുടനീളമുള്ള മറ്റു റോഡുകളിലേക്കും ഹൈവേകളിലേക്കും നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍നിന്ന് ചമനിലേക്ക് നാറ്റോ ട്രക്കുകള്‍ നീങ്ങാറുള്ള റോഡ് ഫസ്‌ലുറഹ്മാന്റെ 200 ഓളം അനുയായികള്‍ ഇന്നലെ തടഞ്ഞു. 150 ഓളം പ്രകടനക്കാര്‍ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ ഒരു ഹൈവേ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2019/11/13/pakmarch.png
രണ്ടാംഘട്ട സമരം വിജയം കണ്ടില്ലെങ്കില്‍ വീണ്ടും തലസ്ഥാനത്തേക്ക് വരുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ പറഞ്ഞു. ഏതൊക്കെ റോഡുകള്‍ എത്രകാലത്തേക്കാണ് തടയുകയെന്ന് വ്യക്തമല്ല. ആവശ്യമാണെങ്കില്‍ ഇംറാന്‍ ഖാന്റെ ബനീ ഗാലയിലുള്ള സ്വകാര്യ വസതി ഉപരോധിക്കുമെന്നും സമരക്കാര്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ ചരിത്രത്തിന്റെ പകുതിയോളം ഭരിച്ച സൈന്യത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ വര്‍ഷം ഇംറാന്‍ ഖാന്‍ അധികാരമേറ്റതെന്ന് ഫസ്‌ലുറഹ്്മാന്‍ ആരോപിച്ചു.
2018 ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്ന ആരോപണങ്ങള്‍ ഇംറാന്‍ ഖാനും സൈന്യവും നിഷേധിച്ചിരുന്നു. അനുയായികളെ തലസ്ഥാനത്ത് എത്തിച്ച് പ്രധാനമന്ത്രി സ്ഥാനമൊഴിയാന്‍ 48 മണിക്കൂര്‍ സമയം നല്‍കിക്കൊണ്ടായിരുന്നു ഫസ്‌ലുറഹ്്മാന്റെ സമരം.
തുടക്കത്തില്‍ പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റഹ്്മാന് പിന്തുണ വാഗ്ദാനം ചെയ്തുവെങ്കിലും പിന്നീട് പിന്മാറി. ഇസ്ലാമാബാദിലെ  പ്രതിഷേധം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാവുകയും അക്രമാസക്തമാകുകയും ചെയ്തിരുന്നു.

 

Latest News