Sorry, you need to enable JavaScript to visit this website.

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീ വര്‍ധന ഭാഗികമായി പിന്‍വലിച്ചു; സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍

ന്യൂദല്‍ഹി- ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) അധികൃതര്‍ വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് ഭാഗികമായി പിന്‍വലിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഉള്‍പ്പെടെയുള്ളവര്‍ ആറു മണിക്കൂര്‍ കുടുങ്ങിക്കിടന്ന സമരത്തിനൊടുവിലാണ് നടപടി. ഫീസ് നിരക്കിലെ വര്‍ധന  ഭാഗികമായി പിന്‍വലിക്കാന്‍  സര്‍വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിലാണു തീരുമാനമെടുത്തത്. വിദ്യാര്‍ഥികളുടെ പ്രതിഷേധം ഭയന്നു കാമ്പസിനു പുറത്താണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറി ആര്‍. സുബ്രഹ്മണ്യന്‍ ഫീസ് വര്‍ധന പിന്‍വലിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചു.
ജെഎന്‍യു എക്‌സിക്യുട്ടീവ് കമ്മിറ്റി ഹോസ്റ്റല്‍ ഫീസ് വര്‍ധന ഉള്‍പ്പടെയുള്ള ഹോസ്റ്റല്‍ മാന്വല്‍ നിബന്ധനകള്‍ പിന്‍വലിച്ചു. അതോടൊപ്പം തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്ന ശുപാര്‍ശയും മുന്നോട്ട് വെച്ചു. വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ച് ക്ലാസ് മുറികളിലേക്ക് മടങ്ങണം- സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നത് വരെയും വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ ചര്‍ച്ചക്കു വരാതെയും സമരം അവസാനിപ്പിക്കില്ലെന്നാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് സാകേത് മൂണ്‍ വൈസ് ചാന്‍സലറോട്് സംസാരിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പദ്ധതി നിര്‍ദേശിക്കുന്നുവെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ കൂടി വെളിപ്പെടുത്താന്‍ തയാറാകണമെന്നും സാകേത് ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ ഫീസ് വര്‍ധന, വസ്ത്രധാരണ നിയന്ത്രണം, കര്‍ശന സമയക്രമം എന്നിവക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നത്.
എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പുതിയ ശുപാര്‍ശയില്‍ വര്‍ധിപ്പിച്ച ഫീസ് നിരക്ക് പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല. പത്തു രൂപ പ്രതിമാസ വാടകയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് താമസിക്കാവുന്ന മുറിയുടെ വാടക 200 രൂപയാക്കി വര്‍ധിപ്പിച്ചത് ഇപ്പോള്‍ 100 രൂപയിലേക്ക് താഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. മുമ്പ് 20 രൂപ പ്രതിമാസ വാടക ഉണ്ടായിരുന്ന ഒരാള്‍ക്ക് താമസിക്കാവുന്ന മുറിയുടെ വാടക 600 രൂപയാക്കി വര്‍ധിപ്പിച്ചത് ഇപ്പോള്‍ 200 രൂപയാക്കി താഴ്ത്തിയിരിക്കുന്നു. മെസ് സെക്യൂരിറ്റി ഫീസ് 5,500 രൂപയായിരുന്നത് ഒറ്റയടിക്ക് 12,000 രൂപയായാണു വര്‍ധിപ്പിച്ചത്.  ആദ്യമായി ഏര്‍പ്പെടുത്തിയ 1,700 രൂപയുടെ യൂട്ടിലിറ്റി ചാര്‍ജ് കുറയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല.
 നിരക്കുകളില്‍ കുറവ് വരുത്തിയിരിക്കുന്നത് തങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സുപ്രധാന ആവശ്യങ്ങള്‍ കണക്കിലെടുത്തിട്ടില്ല. നിലവിലെ അധികൃതരുടെ നീക്കം നുണയും കുരുക്കുമാണെന്നാണ് മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് എന്‍. സായി ബാലാജി പറഞ്ഞത്. ഹോസ്റ്റല്‍ മാന്വല്‍ പരിഷ്‌കരണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തങ്ങളുമായി ചര്‍ച്ച ചെയ്തു തീര്‍പ്പുണ്ടാക്കുന്നത് വരെ സമരം തുടരുമെന്നാണു വിദ്യാര്‍ഥികളുടെ നിലപാട്. വിദ്യാര്‍ഥി സമരത്തിന് ജെഎന്‍യു അധ്യാപക യൂണിയനും പിന്തുണ നല്‍കിയിട്ടുണ്ട്.  
    

 

Latest News