Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരം താക്കീതുമായി സുപ്രീം കോടതി

ന്യൂദല്‍ഹി-ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും അത്യാഹിത നിലയിലേക്ക് കടന്നു. കാലാവസ്ഥ അപകടകരവും അത്യാഹിതവുമായ നിലയിലേക്ക് കടന്നുവെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ, ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വീണ്ടും കേന്ദ്ര സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ ദിവസങ്ങളിലെ വായു മലിനീകരണ തോത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി ദല്‍ഹി സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒക്ടോബര്‍ മുതല്‍ നവംബര്‍ 14 വരെയുള്ള അന്തരീക്ഷ മലിനീകരണ തോതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ ദല്‍ഹിയിലെ താപനില 11.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ശൈത്യകാല ആരംഭത്തിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് പലയിടത്തും അപകടകരമായ നിലയില്‍ 400നും മുകളിലാണ് കേന്ദ്ര മലിനീകര നിയന്ത്രണ ബോര്‍ഡ് രേഖപ്പെടുത്തിയത്. ദല്‍ഹിയില്‍ നിലവിലുണ്ടായിരുന്ന ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം രണ്ടു ദിവസത്തേക്കു പിന്‍വലിച്ചതിന് പിന്നാലെയാണ് അന്തരീക്ഷ മലിനീകരണം പെട്ടെന്ന് കുറഞ്ഞത്. വാഹന നിയന്ത്രണം കുറച്ച് അധികം ദിവസത്തേക്കു കൂടി തുടരണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ആവശ്യമെന്നു തോന്നിയാല്‍ വാഹന നിയന്ത്രണ കാലാവധി വീണ്ടും നീട്ടുമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.
വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, എസ്.എ ബോബ്‌ഡേ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യ മുഴുവനും പ്രത്യേകിച്ച് ദല്‍ഹി വായു മലിനീകരണം കൊണ്ട് കടുത്ത ബുദ്ധിമുട്ടിലാണെന്ന് കോടതി പറഞ്ഞു.
വടക്കേ ഇന്ത്യയിലെയും ദല്‍ഹിയിലെയും വായു മലിനീകരണത്തെക്കുറിച്ച് ജപ്പാനിലെ ഒരു സര്‍വകലാശാല ഗവേഷണം നടത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഇവിടുത്തെയും മലിനീകരണ പ്രശ്‌നം പരിഹരിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ജപ്പാന്‍ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകന്‍ വിശ്വനാഥ് ജോഷിയേയും സോളിസിറ്റര്‍ ജനറല്‍ കോടതിക്കു പരിചയപ്പെടുത്തി. ഹൈഡ്രജന്‍ അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യയിലൂടെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്ന വിദ്യയാണ് ഇവരുടെ ഗവേഷണത്തിന്റെ ഭാഗമായുള്ളത്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളിലെ തീയിടല്‍ വര്‍ധിച്ചതും കാറ്റിന്റെ വേഗം കുറഞ്ഞതുമാണ് അന്തരീക്ഷ മലിനീകരണം പെട്ടെന്നു വര്‍ധിക്കാനിടയാക്കിയത്. പാടശേഖരങ്ങളിലെ തീയിടല്‍ മൂലം ഇന്നലെ മാത്രം ദല്‍ഹിയിലെ മലീനീകരണ തോത് 25 ശതമാനം വര്‍ധിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. അടുത്ത രണ്ടു ദിവസത്തേക്ക് കാലാവസ്ഥ ഇതേ രീതിയില്‍ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അന്തരീക്ഷ മലനീകരണം വീണ്ടും രൂക്ഷമായതോടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് താക്കീത് നല്‍കി. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധന സംവിധാനം ഏര്‍പ്പെടുത്തിക്കൂടെ എന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. വായു മലിനീകരണം തടയുന്നതിനായി ജപ്പാനില്‍ നിന്നുള്ള സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും ഇതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ മൂന്നിന് സമര്‍പ്പിക്കാമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

 

Latest News