Sorry, you need to enable JavaScript to visit this website.

മരണമണി മുഴക്കുന്ന ബി.എസ്.എൻ.എൽ 

മുപ്പതു വർഷമായി ബി.എസ്.എൻ.എല്ലിൽ കരാർ ജീവനക്കാരനായിരുന്ന, അൻപത്തിരണ്ടുകാരനും ഭിന്നശേഷിക്കാരനുമായിരുന്ന നിലമ്പൂർ സ്വദേശി രാമകൃഷ്ണന്റെ ആത്മഹത്യ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയുടെ സൂചനയാണ്. രാജ്യത്തിന്റെ അഭിമാനമായിരുന്ന, ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ബി.എസ്.എൻ.എല്ലിലെ താൽക്കാലിക ജീവനക്കാരനാണ് 10 മാസമായി തുഛവേതനം പോലും ലഭിക്കാതെ ഓഫീസിൽ തന്നെ ജീവനൊടുക്കിയത്. രാമകൃഷ്ണനെ പിരിച്ചുവിടുമെന്ന സൂചനയും മരണത്തിന് കാരണമായി. മറുവശത്ത് നിരവധി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനും സ്ഥിരക്കാരെ നിർബന്ധിത പെൻഷൻ നൽകി വിടാനുമാണ് നീക്കം. അതിന്റെ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ കെ.എസ്.ആർ.ടി.സിക്കു സമാനമാണ് രാജ്യത്ത് ബി.എസ്.എൻ.എല്ലിന്റെ അവസ്ഥയെന്നർത്ഥം. സംഭവത്തെ തുടർന്ന് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. എന്നാലദ്ദേഹത്തിന്റെ കൈപ്പിടിയിലൊന്നും ഒതുങ്ങാത്ത സംഭവങ്ങളാണ് ബി.എസ്.എൻ.എല്ലിൽ അരങ്ങേറുന്നത്. 
ടെലികോം മേഖലയിലെ സ്വകാര്യവൽക്കരണമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന ജീവനക്കാരുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും സ്ഥിരം പല്ലവിയോട് ഈ ലേഖകൻ യോജിക്കുന്നില്ല. ഇന്ത്യയുടേത് ഒരു മിശ്ര സമ്പദ്ഘടന തന്നെയാണ്. സ്വകാര്യ മേഖലകൾ തമ്മിലും അവയും 
പൊതുമേഖലകളും തമ്മിലും ആരോഗ്യകരമായ മത്സരമാണ് നമുക്കാവശ്യം. എങ്കിലേ അവ ജനങ്ങൾക്ക് ഉപകാരപ്രദമാകൂ. കുത്തക, അത് സ്വകാര്യ മേഖലയായാലും പൊതുമേഖലയായാലും ജനവിരുദ്ധമായേ മാറൂ.  മൊബൈൽ കമ്പനികൾ തമ്മിൽ നടന്ന ആരോഗ്യകരമായ മത്സരത്തന്റെ ഫലമാണല്ലോ നിരക്കുകൾ കുത്തനെയിടിഞ്ഞത്. പകരം ഒരു കമ്പനി മാത്രമായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. പ്രശ്‌നം സ്വതന്ത്രവും ആരോഗ്യകരവുമായ മത്സരത്തിനു പകരം ഭരണകൂടം തന്നെ ചില സ്വകാര്യ കുത്തകകൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകുകയും പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നതുമാണ്. മുതലാളിത്തം ചൂഷണത്തിലധിഷ്ഠിതമായ സമ്പദ്ഘടന തന്നെ. എന്നാലവിടെയും ചില അലിഖിത നിയമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ടാറ്റയും ബിർളയും തമ്മിൽ നടന്നിരുന്ന മത്സരത്തിലൊക്കെ മിനിമം മര്യാദയൊക്കെ ഉണ്ടായിരുന്നല്ലോ. എന്നാൽ 'മാന്യമായ' മുതലാളിത്ത സംവിധാനത്തിന് അനുയോജ്യമല്ലാത്ത നടപടിയാണ് സമീപകാലത്ത് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് ബി.എസ്.എൻ.എൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. രാജ്യത്തെ മിക്കവാറും മുഴുവൻ ജനങ്ങളും ഫോൺ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് ബി.എസ്.എൻ.എൽ ഈ പ്രതിസന്ധി നേരിടുന്നതെന്നതാണ് വൈരുധ്യം. അതിനാൽ തന്നെ രാമകൃഷ്ണന്റെ മരണം, ആത്മഹത്യയല്ല, ഇൻസ്റ്റിട്യൂഷണൽ കൊലപാതകമെന്നു തന്നെ പറയണം.  
സർക്കാർ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ അവസാന കാരണം ബി.എസ്.എൻ.എല്ലിനു 4 ജി അടക്കം നിഷേധിച്ചതും ജിയോക്ക് അനർഹമായ രീതിയിൽ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതുമാണെന്നത് പകൽ പോലെ വ്യക്തം. ുൃലളലൃലിശേമഹ യമശെ െൽ ഫോർ ജി അനുവദിക്കാൻ പാടില്ലെന്ന വിചിത്ര വാദമാണ് ഇതിനു കാരണമായി പറയുന്നത്.  സ്വാഭാവികമായും ജനങ്ങൾ ബി.എസ്.എൻ.എല്ലിൽ നിന്ന് ജിയോയിലേക്ക് ഒഴുകും. സേവന മേന്മയും സൗകര്യങ്ങളും നിരക്കു കുറവുമാണ് ജനങ്ങൾക്കാവശ്യം. തൊഴിലാളി സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പറയുന്ന പോലെ നഷ്ടം സഹിച്ച് പൊതുമേഖല സംരക്ഷിക്കലല്ല. അംബാനിക്ക് ഏകപക്ഷീയമായി ടെലികോം മേഖലയെ തീറെഴുതിക്കൊടുക്കുമ്പോൾ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്. എയർടെൽ, വോഡഫോൺ സ്ഥാപനങ്ങളും സജീവമായി മത്സര രംഗത്തുണ്ട്. ഇതിന്റെ ഫലമായി കേരള സർക്കിളിൽ തന്നെ  2018-'19 കാലത്തുണ്ടാക്കിയ നഷ്ടം 261 കോടി രൂപയാണ്. 2017-'18 ൽ 634 കോടിയാണ് കേരളമുണ്ടാക്കിയിരുന്ന ലാഭം എന്നതും കൂട്ടിവായിക്കണം. 
ഇത്തരമൊരു സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടികളുമായി ബി.എസ്.എൻ.എൽ ഡയറക്ടർ ബോർഡ് മുന്നോട്ടു പോകുന്നത്. അമ്പത്തിനാലായിരം ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. ഒരു ലക്ഷത്തോളം പേർക്ക് വോളണ്ടറി റിട്ടയർമെന്റ് നൽകാനും.  കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി. സാമ്പത്തിക നഷ്ടം നികത്താനായി ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാനും നീക്കമുണ്ട്. 
അതേസമയം 1.76 ലക്ഷത്തോളം ജീവനക്കാരുള്ള ബി.എസ്.എൻ.എല്ലിൽ 50 ശതമാനത്തോളം ജീവനക്കാരും അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ വിരമിക്കുന്നവരാണ്. ഇനി കൂടുതൽ നിയമനങ്ങൾ ഉണ്ടാകാനുമിടയില്ല. വലിയൊരു തൊഴിൽ മേഖലയാണ് അതിലൂടെ യുവജനങ്ങൾക്ക് നഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തിൽ ബി.എസ്.എൻ.എൽ അതിന്റെ അന്ത്യനാളുകളിലേക്ക് നീങ്ങുകയാണെന്നു പറയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. 

Latest News