Sorry, you need to enable JavaScript to visit this website.

സെക്യൂരിറ്റി ഗാര്‍ഡ് നാല് കൗമാരക്കാരികളെ പീഡിപ്പിച്ചു 

ലണ്ടന്‍-സൗത്ത് വെസ്റ്റ് ലണ്ടനില്‍ ഷോപ്പില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചു പ്രിമാര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് നാല് കൗമാരക്കാരികളെ ലൈംഗിക പീഡനത്തിരയാക്കി. കിഴക്കന്‍ ലണ്ടനില്‍ നിന്നുള്ള 27 കാരനായ സിയഉദ്ദീന്‍ ആണ് കിംഗ്സ്റ്റണ്‍ സ്‌റ്റോറില്‍ ജോലി ചെയ്യുന്നതിനിടെ 15 വയസുള്ള നാല് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തത്. പ്രതി കുറ്റക്കാരനാണെന്നു കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി കണ്ടെത്തി. 
2017 ല്‍ ആയിരുന്നു കേസിനു ആസ്പദമായ സംഭവം. ഒരു ബലാത്സംഗ കുറ്റം, കുട്ടികളെ ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുത്തുകയോ ഭീഷണിപ്പെടുത്തി പ്രേരിപ്പിക്കുകയോ ചെയ്തതിന് നാല് കുറ്റം എന്നിവയാണ് ചുമത്തപ്പെട്ടത്. കുട്ടികളില്‍ മോഷണം ആരോപിച്ച പ്രതി സ്‌റ്റോറിലെ കണ്‍ട്രോള്‍ റൂമില്‍ തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പോലീസിനെയും മാതാപിതാക്കളെയും വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സിയഉദ്ദീന്റെ സഹപ്രവര്‍ത്തകര്‍ അയാളുടെ വിചിത്രമായ പെരുമാറ്റം ശ്രദ്ധിച്ചതായി കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ബോധ്യപ്പെട്ടു. സിസിടിവി ഓഫാക്കാന്‍ അഭ്യര്‍ത്ഥന നടത്തുക, ഷോപ്പ് കൊള്ളയടി സംബന്ധിച്ച പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാതിരിക്കുക എന്നിവ സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, കണ്‍ട്രോള്‍ റൂമില്‍ കോണ്ടം സൂക്ഷിക്കുന്നതായും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി.പി.എസ്) കോടതിയില്‍ പറഞ്ഞു.
ചില ഇരകള്‍ തങ്ങള്‍ മോഷ്ടിച്ച സാധനങ്ങള്‍ക്ക് പണം നല്‍കാമെന്ന് പറഞ്ഞിരുന്നു, അല്ലെങ്കില്‍ സ്‌റ്റോറില്‍ ജോലിചെയ്യാമെന്ന് പറഞ്ഞു, ഇനി ഒരിക്കലും കടയില്‍ പ്രവേശിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവരെ ബ്‌ളാക്‌മെയില്‍ ചെയ്തു പീഡിപ്പിക്കാനായിരുന്നു സിയഉദ്ദീന്റെ ലക്ഷ്യം. തനിക്കു മുന്നില്‍ വേറെ വഴിയില്ലായിരുന്നു എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. തനിക്കു വഴങ്ങിയാല്‍ മാതാപിതാക്കളെ വിളിക്കുകയോ പോലീസിനെ അറിയിക്കുകയോ ചെയ്യാതെ വിട്ടയക്കാം എന്നായിരുന്നു പ്രതിയുടെ വാഗ്ദാനം.ഇരകള്‍ കള്ളം പറയുകയാണ് എന്നാണ് കോടതിയില്‍ ഉദ്ദിന്‍ പറഞ്ഞത്. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരിടേണ്ടിവന്നത് ഭയാനകമായ അവസ്ഥയാണ്. അവര്‍ക്കുണ്ടായ തിക്താനുഭവത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് പ്രിമാര്‍ക്കിന്റെ വക്താവ് പറഞ്ഞു.

Latest News