Sorry, you need to enable JavaScript to visit this website.

കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്ക് പറയാന്‍ വിദ്യാര്‍ത്ഥി;  തകര്‍പ്പന്‍  ഉത്തരവുമായി ശശിതരൂര്‍

തിരുവനന്തപുരം- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇംഗ്ലീഷ് ഇത്രയും ഉപകാരപ്രദമായി എടുത്ത് ഉപയോഗിക്കുന്ന മറ്റൊരു നേതാവ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തറപ്പിച്ച് പറയാന്‍ സാധിക്കും. തിരുവനന്തപുരം എംപി ശശി തരൂരാണ് ഇംഗ്ലീഷിലെ ആ പണ്ഡിതന്‍. തന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി മനഃപ്പൂര്‍വ്വമാണ് കടിച്ചാല്‍ പൊട്ടാത്ത ഇത്തരം വാക്പ്രയോഗങ്ങളെന്ന് തരൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂര്‍ ഓരോ ട്വീറ്റ് ചെയ്യുമ്പോഴും കുറിയ്ക്കുന്ന വാക്കുകള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയമായി മാറാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായി മാറിയ ഒരു വീഡിയോ മറ്റ് ചില കാര്യങ്ങള്‍ കൊണ്ടാണ് ഹിറ്റായത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തരൂര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'വിചിത്രമായ എന്റെ പദാവലി പ്രയോഗം കണ്ടിട്ടാകണം ഒരു വിദ്യാര്‍ത്ഥി പുതിയൊരു വാക്ക് പറയാന്‍ ആവശ്യപ്പെട്ടത്, മറുപടി ഇത്', എന്നാണ് തരൂര്‍ കുറിച്ചത്.
ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തനിക്ക് പുതിയൊരു വാക്ക് പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. 'ആഗോളതലത്തില്‍ തന്നെ താങ്കള്‍ പദാവലിയുടെ ആളായി അറിയപ്പെടുന്നു, ഈ അവസരങ്ങളില്‍ എനിക്കും സദസ്സിലുള്ള മറ്റുള്ളവര്‍ക്കുമായി പുതിയൊരു വാക്ക് പഠിക്കാനായി നല്‍കാമോ?', വിദ്യാര്‍ത്ഥി ചോദിച്ചു.
ഇതിന് തരൂര്‍ നല്‍കിയ മറുപടി എല്ലാവരെയും അതിശയിപ്പിച്ചു. 'റീഡ്' അഥവാ വായന എന്നാണ് അദ്ദേഹം പറഞ്ഞ വാക്ക്, ഇതിന്റെ കാരണവും തരൂര്‍ ഒപ്പം ചേര്‍ത്തു. 'ഒരു പഴയ വാക്കാണിത്, റീഡ്. ഇതുവഴിയാണ് പദാവലി എന്നിലേക്ക് വന്നത്. എല്ലാ സമയവും ഡിക്ഷണറിയുമായി നടക്കുന്ന വട്ടുകേസാണ് ഞാനെന്ന് ആളുകള്‍ ചിന്തിക്കും. പക്ഷെ ഡിക്ഷണറിയല്ല, വിപുലമായ വായനയാണ് ഇതിന് കാരണം. ടെലിവിഷനും, കമ്പ്യൂട്ടറും, മൊബൈലും ഇല്ലാതിരുന്ന കാലത്താണ് ഇന്ത്യയില്‍ ജീവിച്ചത്. എനിക്ക് ആകെ ഉണ്ടായിരുന്നത് പുസ്തകങ്ങളാണ്', തരൂര്‍ വ്യക്തമാക്കി. ഈ വാക്കുകള്‍ പ്രചോദനമായി ഇന്റര്‍നെറ്റ് ലോകം ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു.

Latest News