Sorry, you need to enable JavaScript to visit this website.

കശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് നൂറു ദിവസം; മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

ശ്രീനഗര്‍- ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ശേഷം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നൂറു ദിവസം പിന്നിട്ടു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നൂറാം ദിവസം മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. താഴ്‌വരയില്‍  പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ച് മുതല്‍ സംഘര്‍ഷം തുടരുകയാണ്.
വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നില്ല.
ഇന്റര്‍നെറ്റ് നിരോധനത്തിനെതിരെ ഇന്നലെ നടന്ന നിശബ്ദ പ്രകടനത്തില്‍ ഡസന്‍ കണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.  ലാപ്‌ടോപ്പിലെ ശൂന്യമായ സ്‌ക്രീനുകള്‍  തുറന്ന് പിടിച്ചായിരുന്നു പ്രകടനം. 100 ദിവസം ഇന്റര്‍നെറ്റ് ഇല്ല, കശ്മീരിലെ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി.  
അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെയും പ്രശ്‌നമുണ്ടാക്കുന്നവരായി കണക്കാക്കിയാണ്  പത്രപ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നതെന്ന്  പ്രകടനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന് ഇക്കാലത്ത് ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവിടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനു പകരം ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.  
അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത് താഴ്‌വരയില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് തടയാനാണെന്നാണ് ഇന്റര്‍നെറ്റ് നിരോധനത്തെ അധികൃതര്‍ ന്യായീകരിക്കുന്നത്.
200 ഓളം വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍ക്കായി 10 ഇന്റര്‍നെറ്റുള്ള കേന്ദ്രം അധികൃതര്‍ ഒരുക്കിയിരുന്നു. ഇവിടെ 15 മിനിറ്റ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്യൂ നില്‍ക്കണം.
ഈയാഴ്ച സൈന്യവുമായുള്ള വെടിവെപ്പില്‍  മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest News