Sorry, you need to enable JavaScript to visit this website.

റിയാദില്‍ സ്റ്റേജില്‍ കയറി വനിതയടക്കം മൂന്ന് പേരെ കുത്തി പരിക്കേല്‍പിച്ചു; വിദേശി അറസ്റ്റില്‍

റിയാദ് - കിംഗ് അബ്ദുല്ല പാർക്കിൽ വെച്ച് നാടക സംഘത്തെ ആക്രമിച്ച വിദേശിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേജിൽ കയറി നാടക സംഘത്തിലെ രണ്ടു പുരുഷന്മാരെയും സ്ത്രീയെയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ച യെമനിയാണ് അറസ്റ്റിലായത്.

കുത്തേറ്റ നാടക സംഘാംഗങ്ങളുടെ ആരോഗ്യനില ഭദ്രമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മലസ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുല്ല പാർക്കിലെ തിയേറ്ററിൽ ലൈവ് പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് നാടക സംഘത്തെ സ്റ്റേജിൽ കയറി യെമനി ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണ് സംഭവമെന്ന് റിയാദ് പ്രവിശ്യാ പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി പറഞ്ഞു. 
ഉടൻ തന്നെ പ്രതിയെ കീഴടക്കി അറസ്റ്റ് ചെയ്തു. 33 വയസ്സ് പ്രായമുള്ള യെമനി യുവാവാണ് അറസ്റ്റിലായത്.

ആക്രമണത്തിന് ഉപയോഗിച്ച കത്തി പ്രതിയുടെ പക്കൽനിന്ന് പിടിച്ചെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ നാടക സംഘാംഗങ്ങൾക്ക് ആവശ്യമായ ചികിത്സകളും പരിചരണങ്ങളും നൽകി. ഇവർ ചികിത്സയിൽ തുടരുകയാണ്. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും പോലീസ് വക്താവ് അറിയിച്ചു. 

 

Latest News