Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

മായാതെ കണ്ണിൽ ഇന്ദ്രപ്രസ്ഥം

ചരിത്രവും വർത്തമാനവും ഇടകലരുന്ന ദൽഹിയുടെ രാജവീഥികളിലൂടെ, അവിടത്തെ മതിവരാത്ത കാഴ്ചകളുടെ സമൃദ്ധിയിലൂടെ ഒരു എട്ടാം ക്ലാസ്സുകാരിയുടെ കൗതുകക്കണ്ണുകൾ 


ദൽഹിയിലേക്കുള്ള വിമാനം കാത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ ഇരിക്കുമ്പോൾ, മനസ്സ് നിറയെ ആകാശമായിരുന്നു. നീലാകാശ കടലിൽ വെളുത്ത പഞ്ഞിക്കെട്ടുകൾ സൃഷ്ടിക്കുന്ന  വ്യത്യസ്ത രൂപങ്ങൾ നോക്കി, വിമാനത്തിന്റെ വിൻഡോ സീറ്റിലിരിക്കുമ്പോൾ മനം നിറയെ ആഹ്ലാദം. ഇന്ദ്രപ്രസ്ഥത്തിലെ കാഴ്ചകളേക്കാളുപരി, വിമാനയാത്രയെക്കുറിച്ച സ്വപ്‌നമാണ് എന്നെ ഹരം പിടിപ്പിച്ചത്. ടേക്കോഫ് സമയത്ത് കുത്തനെ പറന്നുയരുന്ന വിമാനത്തിന്റെ കാഴ്ച മനസ്സിൽ അൽപം ഭീതി സൃഷ്ടിച്ചെങ്കിലും വിമാനത്തിൽ കയറിയപ്പോൾ അതെല്ലാം മാറി.
വിമാനത്തിൽ അച്ഛന് കിട്ടിയ വിൻഡോ സീറ്റ് എനിക്ക് തന്നു. അടുത്തിരുന്ന സർദാർജി ആ സീറ്റ് അച്ഛന് ഒഴിഞ്ഞുകൊടുത്തതോടെ ഞങ്ങൾ രണ്ടും ഒരു സീറ്റിലായി. വിമാനം പതുക്കെ റൺവേയിലൂടെ നീങ്ങി, പിന്നെ പതുക്കെപ്പതുക്കെ വേഗം കൂട്ടി, അതിവേഗത്തിൽ ആകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ ആദ്യമായി കര വിട്ട് യാത്ര ചെയ്യുന്നതിന്റെ ആഹ്ലാദത്തിലായി ഞാൻ. ആകാശത്ത് മേഘരൂപികളായ മൃഗങ്ങളും മനുഷ്യരുമെല്ലാം ഒന്നിച്ചുജീവിക്കുന്നതുപോലെ തോന്നി. 
നാലുമണിയോടെ ഇന്ദ്രപ്രസ്ഥത്തിന്റെ ആദ്യ ദൃശ്യങ്ങൾ താഴെ കണ്ടുതുടങ്ങി. കുന്നോളം ഉയരത്തിലെന്ന് കരുതുന്ന വലിയ കെട്ടിടങ്ങളൊക്കെ പൊട്ടുപോലെ. ഭൂമിയെ പല ചതുരങ്ങളായി വിഭജിച്ച് പല നിറങ്ങൾ നൽകിയതുപോലെ. ദൽഹിയുടെ മണ്ണിൽ കാൽ കുത്തിയപ്പോൾ ചാറ്റൽ മഴയുടെ അകമ്പടി. ഞങ്ങളെ കാത്ത് കൊച്ചച്ഛൻ വിമാനത്താവളത്തിലെത്തിയിരുന്നു. താമസസൗകര്യമൊരുക്കിയിരിക്കുന്ന സൈനിക ക്വാർട്ടേഴ്‌സിലേക്കുള്ള യാത്ര ഭീകരമായിരുന്നു. ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു റോഡിൽ. മാലിന്യം കലർന്ന കലക്കവെള്ളത്തിലൂടെ യാത്ര.

 

ദൽഹിയിലെ കാഴ്ചകൾ
പിറ്റേന്ന് രാവിലെ എട്ടരയോടെ ദൽഹി ചുറ്റിക്കാണാൻ ടാക്‌സിയിൽ പുറപ്പെട്ടു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച, ഇഷ്ടികമിനാരത്തിന്റെ ഭംഗിയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന കുത്തബ് മിനാറിലേക്കായിരുന്നു ആദ്യം. കുത്തബുദ്ദീൻ ഐബക് തുടങ്ങിവെച്ച് ഫിറോസ് ഷാ തുഗ്ലക് പൂർത്തീകരിച്ച, 73 മീറ്റർ ഉയരമുള്ള ഈ നിർമിതിക്ക് പിന്നിലായി ഹരിത സൗന്ദര്യം മുഴുവൻ ആവാഹിച്ച മുഗൾ ഗാർഡനുണ്ട്. പച്ചപ്പുൽമൈതാനവും വെളള അരളിപ്പൂക്കളും ഒപ്പം പൊളിയാറായ കെട്ടിടങ്ങളും. നൂറ്റാണ്ടുകൾക്ക് മുമ്പ് പണിത കുത്തബ് മിനാറിലെ കൊത്തുപണികൾ മനുഷ്യരുടെ കരകൗശലമാണെന്ന് വിശ്വസിക്കാനാവില്ല. അത്രയേറെ മനോഹരവും അത്ഭുതകരവുമാണവ. 
ദൽഹിയിലൂടെ പ്രതീകങ്ങളിലൊന്നായ ലോട്ടസ് ടെമ്പിളിലേക്കായിരുന്നു അടുത്ത യാത്ര. ഏഷ്യയിലെ ഏക ബഹായി ക്ഷേത്രമാണത്. വെള്ളത്താമരയിതളുകളിൽ തിളങ്ങുന്ന ക്ഷേത്രത്തിന് ചുറ്റുമായി നീലജലക്കുമ്പിളുകൾ.  താമരയുടെ ഇതളുകൾ ഏകാന്ത ഗുഹകളിലേക്ക് നമ്മെ വലിച്ചെടുത്തതായി തോന്നും. ഏകാന്തതയെ ധ്യാനിച്ച്, നിശബ്ദമായി ആ വലിയ ഹാളിലിരിക്കാം. 
ഗുജറാത്തി ഹോട്ടലിലെ റൊട്ടിയും ചോറും സബ്ജിയും മോരുമായിരുന്നു ആദ്യ ദിനത്തിലെ ഞങ്ങളുടെ ഭക്ഷണം. പുറത്തെ പെരുമഴ കണ്ട് ഇതെല്ലാം രുചിയോടെ ആസ്വദിക്കാൻ നല്ല രസം. മഹാനായ ചക്രവർത്തി അക്ബറിന്റെ മകൻ ഹുമയൂണിന്റെ ശവകുടീരം കാണാനായിരുന്നു തുടർന്നുള്ള യാത്ര. ഇന്ത്യയിലെ ആദ്യ ഗോൾഡൻ ടോംബ്. മുഗൾ ശിൽപകലയുടെ സൗന്ദര്യം മുഴുവൻ അതിൽ തുടിക്കുന്നു. 


രാഷ്ട്രപതി ഭവൻ, സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക് എന്നിങ്ങനെ ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണസിരാകേന്ദ്രങ്ങൾ പഴമയും പുതുമയും ഇടകലർന്ന പ്രൗഢനിർമിതികളായി തലയുയർത്തി നിൽക്കുന്നു. അസ്തമയ സൂര്യന്റെ പൊൻപ്രഭയിൽ തിളങ്ങിനിൽക്കുന്ന രാഷ്ട്രപതി ഭവൻ. ഒന്നാം ലോക മഹായുദ്ധത്തിൽ ജീവൻ നഷ്ടമായ തൊണ്ണൂറായിരത്തോളം പട്ടാളക്കാരുടെ ഓർമക്കായി നിർമിച്ച ഇന്ത്യാ ഗേറ്റ് വീരസ്മരണകൂടി ഉയർത്തുന്നു. ഇന്ത്യൻ കര, വ്യോമ, നാവിക സേനകളുടെ പതാകകൾ ഇന്ത്യാഗേറ്റിൽ പാറുന്നു. ഇന്ത്യ-പാക് യുദ്ധത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ രക്തസാക്ഷികളുടെ ഓർമയിൽ ജ്വലിക്കുന്ന ഇന്ത്യഗേറ്റ് ആർച്ചിന് താഴെ അണയാതെ കത്തുന്ന നാല് തീജ്വാലകൾ- അമർ ജവാൻ ജ്യോതി. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഭരണനേതാക്കൾ ആദരാഞ്ജലികളുമായി ഇവിടെ എത്തുന്നു.

ചെങ്കോട്ടയിലെ കാഴ്ചകൾ
രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ചെങ്കോട്ടയായിരുന്നു അടുത്ത ദിവസത്തെ പ്രധാന കാഴ്ച. റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന സ്ഥലം. ഞായറാഴ്ചയായതിനാൽ, ലാൽ കിലാ എന്നറിയപ്പെടുന്ന ചെങ്കോട്ടയിൽ പൂരത്തിനുള്ള തിരക്ക്. മുഗൾ രാജാക്കന്മാരുടെ വസതിയായിരുന്നു ചെങ്കോട്ട. അനേകം മുറികളിൽ മുഗൾ ജീവിതത്തിന്റെ സ്മരണകൾ തുടിച്ചുനിൽക്കുന്നു. ഓരോ ഇന്ത്യക്കാരന്റേയും മനസ്സിൽ അഭിമാനത്തിന്റെ തുടിപ്പുകൾ ഉയർത്തുന്ന മനോഹര സൗധം കണ്ടാലും കണ്ടാലും മതിവരില്ല. അവിടെനിന്ന് ചോരച്ചുവപ്പുള്ള ഓർമകളുടെ മറ്റൊരു സങ്കേതത്തിലേക്ക്, രാജ്ഘട്ട്. 
മഹാത്മജി അവിടെ ഉറങ്ങുന്നു. മരതകപ്പച്ചയിൽ ശാന്തസുന്ദരമായ രാജ്ഘട്ട്. മഹാത്മജിയുടെ ഇഷ്ടഭജനുകൾ എപ്പോഴും അവിടെ സാന്ദ്രമായി ഒഴുകിപ്പരക്കുന്നു. സവിശേഷമായ ആത്മീയ നിർവൃതിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും രാജ്ഘട്ട്. നിരവധി വിദേശികളേയും അവിടെ കണ്ടു. ദൽഹിയുടെ തെരുവുകളിൽ കണ്ട വൃത്തിഹീനത എന്തായാലും ഇവിടെ മാറിനിൽക്കുന്നു. അങ്ങേയറ്റം ശുചിത്വത്തോടെയാണ് ഇത് സംരക്ഷിച്ചിരിക്കുന്നത്. ധീരനായ രാഷ്ട്രപിതാവിന്റെ സ്മരണക്കുമുന്നിൽ പ്രണാമങ്ങളർപ്പിച്ച് ഞങ്ങൾ അവിടെനിന്ന് മടങ്ങി.
ഓർമകളുടെ ചെഞ്ചായമണിഞ്ഞ് ഇന്ദിരാജിയുടെ ജീവിതം തുടിച്ചുനിൽക്കുന്ന സഫ്ദർജംഗ് റോഡിലെ ഇന്ദിരാഗാന്ധി മെമ്മോറിയലിലേക്കാണ് പിന്നീട് പോയത്. രാജ്യത്തെ ഏറ്റവും കരുത്തയായ ഭരണാധികാരി എന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധി അവസാനം താമസിച്ചിരുന്ന വസതി തന്നെയാണ് പിന്നീട് അവരുടെ സ്മാരക മ്യൂസിയമായി മാറിയത്. 


അംഗരക്ഷകരുടെ വെടിയേറ്റുവീഴുമ്പോൾ ധരിച്ചിരുന്ന സാരിയും കണ്ണടയും മറ്റും അവിടെ സൂക്ഷിച്ചിട്ടുണ്ട്. പുസ്തകങ്ങൾ നിറഞ്ഞ വായനാമുറി. പ്രിയദർശിനിയുടെ ബാല്യംമുതലുള്ള അപൂർവ ചിത്രങ്ങൾ. പിതാവ് ജവാഹർലാൽ നെഹ്‌റു, മകൻ രാജീവ് ഗാന്ധി എന്നിവരോടൊത്തുള്ള ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. വാസ്തവത്തിൽ ഒരു കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെയാണ് ഈ മ്യൂസിയം നമ്മോട് പറയുന്നത്.  
ഇന്ദിരാ പ്രിയദർശിനി വെടിയേറ്റു വീണ സ്ഥലം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. മനസ്സ് പിടയാതെ നമുക്ക് അവിടെനിന്ന് ഇറങ്ങാനാവില്ല.

ആഗ്രയുടെ ഭംഗിയിൽ
ഏതൊരു ഇന്ത്യക്കാരനും കാണാൻ ആഗ്രഹിക്കുന്ന താജ്മഹൽ എന്ന മനോഹര ശിൽപത്തിന്റെ നാടായ ആഗ്രയിലേക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. ദൽഹിയിൽനിന്ന് ആറുമണിക്കൂർ. പോകുന്ന വഴിയിൽ ക്ഷേത്രനഗരമായ മഥുരയും സന്ദർശിച്ചു. നട്ടുച്ചക്കാണ് ആഗ്രയിലെത്തുന്നത്. ജഹാംഗീറിന്റെ മകനായ ഷാജഹാൻ ഇന്ത്യയുടെ അഞ്ചാമത്തെ മുഗൾ ചക്രവർത്തിയാണ്. ഭരണം പിടിച്ചെടുക്കാൻ മകൻ ഔറംഗസീബ്, ഷാജഹാനെ തടവിലാക്കിയെന്നാണ് ചരിത്രം. പ്രിയപത്‌നി മുംതസിന്റെ സ്മരണയിൽ ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണ് താജ്മഹൽ എന്ന ലോകാത്ഭുതം. വെണ്ണക്കൽ ശിൽപം പോലെ അത് യമുനാതീരത്ത് തലയുയർത്തി നിൽക്കുന്നു. താജ്മഹൽ പണിയാൻ 22 വർഷങ്ങൾ വേണ്ടിവന്നു. സൂര്യനും ചന്ദ്രനും താജ്മഹൽ കണ്ട് കണ്ണീർ പൊഴിക്കുന്നു എന്ന് ഷാജഹാൻ ചക്രവർത്തി പറഞ്ഞിട്ടുണ്ട്. 


താജ്മഹലിലേക്ക് സഞ്ചാരികളെ ആനയിക്കുന്ന മനോഹരമായ ഉദ്യാനവും കൺകുളിർക്കുന്ന കാഴ്ചയാണ്. മരങ്ങളും പൂക്കളും കിളികളും പിന്നെ മനോഹരമായ ഫൗണ്ടനുമൊക്കെ ചേർന്ന് സ്വർഗീയ പൂന്തോട്ടം പോലെയുണ്ട് അത്. ആഗ്ര വിട്ടാലും താജ്മഹലിന്റെ വശ്യസൗന്ദര്യം കണ്ണുകളിൽ തങ്ങിനിൽക്കും.
മൂന്നു ദിവസത്തെ അലച്ചിലും ദൽഹിയിലെ ചൂടും കാരണം നാലാം ദിവസം വിശ്രമമായിരുന്നു. അഞ്ചാം ദിവസം ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഹരിദ്വാറിലേക്ക്. ഹിമാലയത്തിൽനിന്ന് കുതിച്ചൊഴുകിവരുന്ന ഗംഗയുടെ സൗന്ദര്യം. ഹരിദ്വാറിലെ മാനസ ദേവീക്ഷേത്രവും കണ്ട് ഗംഗാനദിയുടെ തീരത്ത് നിൽക്കുമ്പോൾ കുളിർമയുള്ള തണുപ്പ് ശരീരത്തെ പൊതിഞ്ഞു. മനസ്സിനേയും. ക്ഷേത്രത്തിനകത്ത് പക്ഷെ ഈ ശാന്തതയില്ല. തിക്കും തിരക്കും. സന്ദർശകരിൽനിന്ന് പണം ചോദിക്കുന്ന സന്ന്യാസിമാർ. ഇതിന്റെയെല്ലാം ഇടയിൽപെട്ട് ഒന്നും ചെയ്യാനാകാതെ പെട്ടെന്ന് തിരിച്ചിറങ്ങി.
ആറ് ദിവസത്തെ ദൽഹി യാത്രക്ക് അവസാനമാകുകയാണ്. ഒരുപാട് നാളത്തെ ആഗ്രഹം സഫലമായ സന്തോഷം. പാഠപുസ്തകത്തിൽ വായിച്ച, ക്ലാസ്സ് മുറികളിൽ കേട്ട ചരിത്രപാഠങ്ങളിലൂടെ നടത്തിയ യാത്ര. ഇരുവശത്തും മരങ്ങൾ നിറഞ്ഞ നഗരവീഥികളും ചരിത്രസ്മാരകങ്ങളിലെ ഉദ്യാനങ്ങളും നഗരത്തിനകത്തെ ഇടുങ്ങിയ തെരുവുകളും അവിടെ നിറയുന്ന ജീവിതങ്ങളുമൊക്കെ കണ്ട് മടക്കയാത്ര. കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച കൊച്ചച്ഛനും കുടുംബവും ഞങ്ങളോടൊപ്പം വിമാനത്തിലുണ്ടായിരുന്നു. സന്ധ്യ മയങ്ങിയതോടെ വിമാനത്തിന് പുറത്തെ കാഴ്ചകളും ഇരുട്ടിൽ മുങ്ങി. മണിക്കൂറുകൾ പിന്നിടവേ, ആകാശത്തെ നക്ഷത്രങ്ങൾ പോലെ പുറത്ത് വിളക്കുകൾ തെളിഞ്ഞുവന്നു. ഞങ്ങൾ മലയാള മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു. ആനന്ദകരമായ ഏതാനും ദിവസങ്ങളുടെ പരിസമാപ്തിയെന്നോണം വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ തൊട്ടു. ഇനി മറ്റൊരു യാത്രയുടെ സ്വപ്‌നങ്ങളെ കൂട്ടുപിടിക്കാം.

(പുനലൂർ ഗവ. എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക)

 

 

Latest News