Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

കീഴടങ്ങില്ല; ജനാധിപത്യ കേരളം വാളയാറിലേക്ക്


വാളയാറിലെ ക്രൂരമായ ബാലപീഡനത്തിലും കൊലപാതകത്തിലും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയിൽ പ്രതികൾ രക്ഷപ്പെട്ടെങ്കിലും കീഴടങ്ങാൻ തയാറല്ലെന്ന് പ്രഖ്യാപിച്ച് ജനാധിപത്യ കേരളം. 
വിവിധ ദളിത് - സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരാനാണ് എം ഗീതാനന്ദന്റെയും സലീനാ പ്രക്കാനത്തിന്റെയും നേതൃത്വത്തിൽ വിവിധ സംഘടനകളുടെ തീരുമാനം. അതിന്റെ ഭാഗമായി നവംബർ 16 ന് നീതിക്കായി പൊരുതുന്ന കുടുംബത്തിനുള്ള ഐക്യദാർഢ്യമായി ജനാധിപത്യ കേരളം വാളയാറിലേക്ക് മാർച്ച് ചെയ്യുകയാണ്. 
ദളിത് ബാലികമാരെയും യുവതികളെയും ക്രൂരമായി ബലാൽസംഗം ചെയ്തതിന് ശേഷം കെട്ടിത്തൂക്കി കൊല ചെയ്യുക എന്നത് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ജാതിഭ്രാന്തന്മാർ ചെയ്യുന്നത് ഒരു പതിവാണ്.  ഇതേ ജാതിഭ്രാന്തിന്റെയും കാമഭ്രാന്തിന്റെയും ഇരകൾ തന്നെയാണ് വാളയാർ, അട്ടപ്പള്ളത്ത് കൊല ചെയ്യപ്പെട്ട 11 ഉം 9 ഉം വയസ്സുള്ള രണ്ട് ബാലികമാരും. എന്നാൽ വാളയാർ കേസിൽ വന്ന വിധി, നമ്മുടെ കുരുന്ന് ബാല്യങ്ങളുടെയും സ്ത്രീകളുടെയും ദളിത്-ആദിവാസി വിഭാഗങ്ങളുടെയും ജീവന് യാതൊരു സംരക്ഷണവും ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഭരണകൂടം നൽകിയിരിക്കുന്നത്. പ്രതികൾക്ക് വേണ്ടി കേസ് അട്ടിമറിക്കുന്നതിൽ പോലീസും പ്രോസിക്യൂഷനും ഒരു പരിധി വരെ കോടതിയും പങ്കുവഹിച്ചു എന്ന് കാണാം. 
അച്ഛനന്മമാർ പ്രതീക്ഷയോടെ പോറ്റി വളർത്തിയ രണ്ട് കുരുന്നുകളെ കാമഭ്രാന്ത് തീർക്കാൻ രതിവൈകൃതത്തിന് ഇരയാക്കിയ ശേഷം, തൂക്കിക്കൊന്നതാണെന്ന് അനുമാനിക്കാൻ മതിയായ തെളിവുകളും മൊഴികളും ഉണ്ട്; കുറ്റവാളികൾ കൺമുന്നിൽ തന്നെയുണ്ട്. എന്നിട്ടും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ല. കേവലം ഒരു മീറ്ററിലധികം മാത്രം പൊക്കമുള്ള 9 വയസ്സുകാരി ബാലിക അതിന്റെ പതിന്മടങ്ങ് ഉയരത്തിലുള്ള ഉത്തരത്തിൽ തൂങ്ങി മരിക്കാൻ പ്രേരിപ്പിച്ചു എന്ന കേസാണ് പ്രതികളെ സംരക്ഷിക്കാൻ പോലീസ് കെട്ടിച്ചമച്ചത്. കൊലക്കുറ്റത്തിന് പകരം (302 ാം വകുപ്പ്) ആത്മഹത്യപ്രേരണ (305) ചുമത്തി അന്വേഷണം വഴിതിരിച്ചുവിട്ടാണ് ഒരു കുറ്റപത്രമുണ്ടാക്കിയത്. മതിയായ തെളിവുകൾ ഹാജരാക്കാതെ ബലാൽസംഗവും (376 ാം വകുപ്പ്) കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ചില വകുപ്പുകളും ഉൾപ്പെടുത്തി. കൊലപാതകത്തിനുള്ള വകുപ്പ് ഒഴിവാക്കിയതു പോലെ, മറ്റു വകുപ്പുകളിലൊന്നും മതിയായ തെളിവുകൾ ഹാജരാക്കിയുമില്ല. 
കൊല്ലപ്പെട്ട 9 വയസ്സുകാരി ബാലികയ്ക്ക് തൂങ്ങിമരിക്കാനുള്ള ഉയരമില്ല എന്ന പ്രതിഭാഗത്തിന്റെ വാദം കൂടി കണക്കിലെടുത്താണ് ആത്മഹത്യാപ്രേരണ (305) കോടതി തള്ളിയത്. എങ്കിലും തികച്ചും യുക്തിരഹിതമായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയും പരസ്പരം കണ്ണിറുക്കി മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർത്തു. ഈ വാദം തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ആവർത്തിക്കുന്നത്. 
നിലവിലുള്ള കുറ്റപത്രത്തെ ആസ്പദമാക്കി അപ്പീൽ പോയാൽ ഇരകൾക്ക് നീതി കിട്ടില്ല എന്നുറപ്പാണ്. അതുകൊണ്ട് അപ്പീലിൽ നീതി കിട്ടുമെന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനാണ്. വ്യാജമായി കെട്ടിച്ചമച്ച കുറ്റപത്രം തള്ളി, കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സി.ബി.ഐയ്ക്ക് വിടണം. ഈ നാട്ടിൽ നിയമ വാഴ്ച ഉറപ്പു വരുത്താൻ ജനാധിപത്യ കേരളവും പൗരലോകവും ആവശ്യപ്പെടുന്നത് ഇത് മാത്രമാണ്. പ്രസ്തുത ആവശ്യം മുൻനിർത്തിയാണ്  ജനാധിപത്യ കേരളം വാളയാറിലേക്ക് യാത്ര ചെയ്യുന്നത്.
ദളിത് - ആദിവാസി - സ്ത്രീകൾക്കെതിരെ ആയിരക്കണക്കിന് അതിക്രമങ്ങൾ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കേരളത്തിൽ നടന്നിട്ടുണ്ട്. എന്നാൽ കൊലക്കുറ്റമുൾപ്പെടെയുള്ള സംഭവങ്ങളിൽ കേസെടുക്കാറില്ല; കേസുകളിലേറെയും പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളയും. 
രജിസ്റ്റർ ചെയ്ത് വിചാരണക്കെടുത്ത 10,000 ത്തോളം കേസുകളിൽ ഒന്നു പോലും ശിക്ഷിച്ചിട്ടുമില്ല. കേസുകൾ പോലീസും പ്രോസിക്യൂഷനും പൊളിച്ചുകളയുന്നു. 
ജാതിവിവേചനം നേരിടുന്ന ദളിത് സമൂഹത്തിന്റെ പൗരാവകാശം സംരക്ഷിക്കാനുള്ള എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമം സുപ്രീം കോടതി ദുർബലപ്പെടുത്തിയപ്പോൾ, ദേശീയ തലത്തിൽ പ്രക്ഷോഭമുണ്ടാകുകയും നിരവധി പേർ ജീവത്യാഗം ചെയ്തപ്പോൾ സുപ്രീം കോടതി നിലപാട് തിരുത്തുകയും ചെയ്തു. ഇതിന്റെ പ്രാധാന്യം കേരള പോലീസും ഭരണാധികാരികളും അംഗീകരിക്കാൻ തയാറായിട്ടില്ല. ആയതിനാൽ വാളയാറിലെ കുരുന്നുകൾക്കു വേണ്ടിയുള്ള ജനാധിപത്യ പ്രക്ഷോഭം പാർശ്വവൽക്കൃതരുടെ പൗരാവകാശം അംഗീകരിക്കാനുള്ള പോരാട്ടം കൂടിയാണ്.  
യാത്രയ്ക്ക് ശേഷം ഹർത്താൽ ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിക്കും. ഇതിനായി ദളിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ എന്ന പേരിൽ വളരെ വിപുലമായ സമിതിക്കാണ് രൂപം കൊടുത്തത്. ജിഷയുടെ വധത്തിനു ശേഷം പൊതുസമൂഹത്തിലുടലെടുത്ത ജാഗ്രതക്ക് ഇടിവു വന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും അതിനാൽ തന്നെ ഈ സംഭവത്തിൽ വിജയം നേടും വരെ ദീർഘകാല പോരാട്ടത്തിനാണ് തങ്ങൾ രൂപം കൊടുക്കുന്നതെന്നും സംഘാടകർ പറയുന്നു. അതിനാൽ തന്നെ കേരളത്തിന്റെ ശരിയായ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി തന്നെ ഈ പോരാട്ടത്തെയും കാണണം.

 

Latest News