അവര്‍ മാവോവാദികള്‍; സി.പി.എം വിശദീകരണം ആരംഭിച്ചു

കോഴിക്കോട്- യുഎപിഎ കേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം. ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിവാദം തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടിയന്തരമായി ലോക്കല്‍  കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്താണ് വിശദീകരണം നല്‍കുന്നത്. അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം തിങ്കളാഴ്ച ചേര്‍ന്നിരുന്നു.

അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി.

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. ജാമ്യത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രാസിക്യൂഷന്റെ നീക്കം. ഡിജിറ്റല്‍ തെളിവുകളടക്കം കോടതിയില്‍ ഹാജരാക്കും.

 

Latest News