പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു

തിരുവനന്തപുരം- ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. തിരുവനന്തപുരം പാല്‍കുളങ്ങരയില്‍ ക്ലബ്ബ് ആയി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കിയത്. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

മദ്യപാനവും ചീട്ടുകളിയും നടക്കുന്ന ക്ലബ്ബില്‍ കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ പൂച്ചയെ കണ്ണില്‍ ചോരയില്ലാത്ത വിധം കൊന്നത്.  മൃഗാവകാശ പ്രവര്‍ത്തകയായ പാര്‍വതി മോഹന്‍ ആണ് സംഭവം പുറംലോകത്തെ അറിയിച്ചത്. വിഷയത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ലെന്നും അവര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

തെരുവുനായകളും പൂച്ചകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പറയുന്നവര്‍ ഇതു കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രം സഹിതമാണ് പാര്‍വതി ഫേസ് ബുക്കില്‍ വിഷയം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മൃഗാവകാശപ്രവര്‍ത്തകരായ പാര്‍വതി, ഇന്ദിര, ലത എന്നിവരുടെ പരാതിയില്‍ കേസെടുത്തതായി വഞ്ചിയൂര്‍ പോലീസ് അറിയിച്ചു. സെക് ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തതിനും സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

 

Latest News