Sorry, you need to enable JavaScript to visit this website.

സ്ഥിരം ഇഖാമ വിതരണം തുടങ്ങി; ആദ്യ ബാച്ചിൽ ഇന്ത്യയടക്കം 19 രാജ്യങ്ങളിൽനിന്നുള്ള 73 പേർ

റിയാദ് - സൗദിയിൽ നിയമാനുസൃതം ബിസിനസ്, നിക്ഷേപ മേഖലകളിൽ പ്രവർത്തിക്കാൻ വിദേശികൾക്ക് അവസരമൊരുക്കുന്ന, ഗ്രീൻകാർഡിന് സമാനമായ സ്ഥിരം ഇഖാമകൾ (പ്രീമിയം റെസിഡൻസി) വിതരണം തുടങ്ങി. പ്രീമിയം റെസിഡൻസി സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ബാച്ച് ഗുണഭോക്താക്കൾക്കാണ് ഇന്നലെ മുതൽ സ്ഥിരം ഇഖാമ വിതരണം തുടങ്ങിയത്. ഇന്ത്യയടക്കം 19 രാജ്യങ്ങളിൽ നിന്നുള്ള 73 പേർക്കാണ് സ്ഥിരം ഇഖാമകൾ അനുവദിച്ചത്. സൗദി അറേബ്യയിൽ നിയമാനുസൃതം കഴിയുന്ന വിദേശികളും വിദേശങ്ങളിൽ കഴിയുന്നവരും സ്ഥിരം ഇഖാമ ലഭിച്ചവരിലുണ്ട്. 
മാസങ്ങൾ നീണ്ട പഠനങ്ങളിലൂടെയും സൂക്ഷ്മ പരിശോധകളിലൂടെയുമാണ് അർഹരായവരെ കണ്ടെത്തിയത്. അവശേഷിക്കുന്ന അപേക്ഷകളിൽ സൂക്ഷ്മ പരിശോധന തുടരുകയാണ്. വ്യവസ്ഥകൾ പൂർണമായ അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥിരം ഇഖാമകൾ അനുവദിക്കാൻ ശ്രമം തുടരുകയാണെന്ന് പ്രീമിയം റെസിഡൻസി സെന്റർ സി.ഇ.ഒ ബന്ദർ അൽആയിദ് പറഞ്ഞു. 27 രാജ്യക്കാരിൽനിന്ന് സ്ഥിരം ഇഖാമക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവർ 50 രാജ്യങ്ങളിൽ കഴിയുന്നവരാണ്. സൗദിയിൽ കുടുംബ സമേതം കഴിയുന്നവരും സ്ഥിരം ഇഖാമക്ക് അപേക്ഷകൾ നൽകിയിട്ടുണ്ട്. സ്ഥിരം ഇഖാമ നേടുന്നവർക്ക് സൗദി പൗരത്വത്തിന് അവകാശമുണ്ടായിരിക്കില്ല. 
സ്‌പോൺസർ ഇല്ലാതെ തന്നെ സൗദിയിൽ ജോലി ചെയ്യുന്നതിനും നിക്ഷേപങ്ങൾ നടത്താനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും സ്ഥിരം ഇഖാമ ലഭിക്കുന്നവർക്കാകും. ഇവർക്ക് സ്വദേശികളെ പോലെ യഥേഷ്ടം സൗദിയിൽനിന്ന് പുറത്തുപോകാനും തിരികെയെത്താനുമാകും. സ്ഥിരം ഇഖാമ ലഭിക്കുന്നവർ സൗദിയിൽ നിശ്ചിത കാലം നിർബന്ധമായും കഴിയണമെന്ന് വ്യവസ്ഥയില്ല. ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നവർക്ക് സ്ഥിരം ഇഖാമക്ക് അപേക്ഷിക്കാം.
രണ്ടിനം സ്ഥിരം ഇഖാമകളാണ് വിദേശികൾക്ക് അനുവദിക്കുന്നത്. ആജീവനാന്ത കാലത്തേക്ക് ഒറ്റത്തവണ ഫീസ് അടക്കുന്ന സ്ഥിരം ഇഖാമയും വർഷാവർഷം ഫീസ് അടക്കേണ്ട പരിമിതമായ കാലത്തേക്കുള്ള പ്രീമിയം ഇഖാമയുമാണ് അനുവദിക്കുക. ആജീവനാന്ത കാലത്തേക്കുള്ള സ്ഥിരം ഇഖാമക്ക് ഒറ്റത്തവണയായി എട്ടു ലക്ഷം റിയാൽ (2,13,028 ഡോളർ) ആണ് ഫീസ്. ഒരു വർഷ കാലാവധിയുള്ള പ്രീമിയം ഇഖാമക്ക് ഒരു ലക്ഷം റിയാലാണ് (26,600 ഡോളർ) ഫീസ്. ഈ ഇഖാമ വർഷാവർഷം പുതുക്കണം.  ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പ്രീമിയം ഇഖാമ ആവശ്യമുള്ളവർ മുൻകൂട്ടി ഫീസ് അടക്കുമ്പോൾ ഫീസിൽ രണ്ടു ശതമാനം പ്രത്യേക ഇളവ് ലഭിക്കും. 
കുടുംബ സമേതം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ, മക്കയും മദീനയും അതിർത്തി പ്രദേശങ്ങളും ഒഴികെയുള്ള പ്രദേശങ്ങളിൽ പാർപ്പിട, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് സ്വന്തം പേരിൽ റിയൽ എസ്റ്റേറ്റുകൾ വാങ്ങാൻ അനുമതി, മക്കയിലെയും മദീനയിലെയും റിയൽ എസ്റ്റേറ്റുകൾ 99 വർഷത്തിൽ കവിയാത്ത കാലത്തേക്ക് ലീസിനെടുക്കുന്നതിനുള്ള അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം ജോലിയിൽ പ്രവേശിക്കുന്നതിനും തൊഴിൽ മാറുന്നതിനുമുള്ള അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം ജോലിയിൽ പ്രവേശിക്കുന്നതിനും തൊഴിൽ മാറുന്നതിനും ആശ്രിതർക്ക് അനുമതി, സൗദിയിൽനിന്ന് പുറത്തേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കാനുള്ള അനുമതി, വിദേശ നിക്ഷേപ നിയമം അനുസരിച്ച് സൗദിയിൽ ബിസിനസ് ചെയ്യാൻ അനുമതി എന്നിവ സ്ഥിരം ഇഖാമ ഉടമകൾക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളാണ്. പൂർണമായും സൗദിവൽക്കരിച്ച തൊഴിലുകളിൽ സ്ഥിരം ഇഖാമ ഉടമകൾക്കും ആശ്രിതർക്കും വിലക്കുണ്ടാകും. 
സ്ഥിരം ഇഖാമക്ക് അപേക്ഷിക്കുന്നവർ കാലാവധിയുള്ള പാസ്‌പോർട്ട് സമർപ്പിക്കണം. അപേക്ഷകരുടെ പ്രായം 21 ൽ കുറവുള്ളവരും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാകാനും പാടില്ല. മതിയായ സാമ്പത്തിക ശേഷി വ്യക്തമാക്കുന്ന രേഖകളും പകർച്ചവ്യാധികളിൽ മുക്തരാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കണം. സൗദി അറേബ്യക്കകത്തു താമസിക്കുന്നവരാണ് അപേക്ഷകരെങ്കിൽ അവർക്ക് നിയമാനുസൃത ഇഖാമയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
saprc.gov.sa എന്ന പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കഴിഞ്ഞ മേയ് 14 ന് ആണ് പ്രീമിയം ഇഖാമ നിയമം മന്ത്രിസഭ അംഗീകരിച്ചത്. 



 

Latest News