Sorry, you need to enable JavaScript to visit this website.

മാലിയിലെ ആശുപത്രിയിലേക്ക് നോർക്ക വഴി റിക്രൂട്ട്‌മെന്റ്‌

തിരുവനന്തപുരം- മാലിയിലെ പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ്‌വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. 
ഇതാദ്യമായിട്ടാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാറിൽ ഒപ്പുവെച്ചു. ബിരുദം, ഡിപ്ലോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യന്മാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. 
മിഡ്‌വൈഫ് തസ്തികയ്ക്ക് രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തി പരിചയമുള്ള വനിതാ നഴ്‌സുമാർക്കാണ് അവസരമുള്ളത്. നഴ്‌സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1,000 യു.എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യന്മാർക്ക് 1000 -1200 യു.എസ് ഡോളർ വരെയും (ഏകദേശം 70,000 -85,000 രൂപ) ലഭിക്കും. 
താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്പൊർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടൊ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 
വിശദ വിവരങ്ങൾ  www.norkarosto.org  എന്ന വെബ്‌സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽനിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 നവംബർ 23.

 

Latest News