Sorry, you need to enable JavaScript to visit this website.

കർണാടകയിൽ രണ്ട് ബി.ജെ.പി നേതാക്കൾ  കോൺഗ്രസ് സ്ഥാനാർഥികളായേക്കും 

ബംഗളുരു - കർണാടക ഉപ തെരഞ്ഞെടുപ്പിൽ കണക്ക് വീട്ടാനൊരുങ്ങി കോൺഗ്രസ് നേതാവ് ഡി.കെ. അടുത്ത മാസം അഞ്ചിനാണ് കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് ഉപ തെരഞ്ഞെടുപ്പ്. 
ഇന്നലെ മുതൽ പത്രിക സ്വീകരിച്ചു തുടങ്ങി. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ഒക്ടോബർ 21 നായിരുന്നു നേരത്തെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചത്. എന്നാൽ അയോഗ്യതാ നടപടിക്കെതിരെ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ തെരഞ്ഞെടുപ്പ് ഡിസംബർ 5 ലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന 15 ൽ ബഹുഭൂരിപക്ഷവും തങ്ങളുടെ സിറ്റിങ് സീറ്റുകളായതിനാൽ വലിയ തയ്യാറെടുപ്പോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 
കോൺഗ്രസ്, ജെഡിഎസ് സഖ്യസർക്കാറിനുള്ള പിന്തുണ പിൻവലിച്ച 17 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്നാണ് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അയോഗ്യതാ നടപടിക്കെതിരെ വിമതർ സമർപ്പിച്ച ഹരജിയിൽ നാളെ  സുപ്രീംകോടതി വിധി പറയും. വിധി അനുകൂലമായാൽ ഉപതെരഞ്ഞെടുപ്പിൽ വിമതർ ബിജെപി സ്ഥാനാർത്ഥികളാവും. തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുളളതിനാൽ ആർ.ആർ നഗർ, മസ്‌കി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. സുപ്രീംകോടതി വിധിക്കായി ബിജെപിയും വിമതരും കാത്ത് നിൽക്കുമ്പോൾ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഒരുപടി മുന്നിൽ നിൽക്കുകയാണ്. എട്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചത്. സീറ്റിങ് സീറ്റുകൾ നിലനിർത്തണമെന്ന ഉറച്ച വാശിയിലാണ് നേരത്തെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.  ഭീമണ്ണ നായിക് (യെല്ലാപുര), ബിഎച്ച് ബന്നിക്കോട്ട് (ഹിരെക്കേരൂർ), മുൻസ്പീക്കർ കൊളീവാഡ് (റാണിബന്നൂർ), എം. ആഞ്ജനപ്പ (ചിക്കബെല്ലാപ്പൂർ) എം.നാരായണ സാമി(ആർ.കെ പുരം), എം ശിവരാജ് (മഹാലക്ഷ്മി ലേ ഔട്ട്), പത്മാവതി സുരേഷ് (ഹൊസ്‌കോട്ടെ), എച്ച്.പി മഞ്ജുനാഥ് (ഹുൻസൂർ) എന്നിവരുൾപ്പടുന്ന പട്ടികയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ബാക്കി വരുന്ന മണ്ഡലങ്ങളിൽ രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന്  കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ചില അപ്രതീക്ഷിത മുഖങ്ങളും കടന്നുവന്നേക്കാമെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കങ്ങൾ നൽകുന്നത്. ബിജെപിക്ക് വിമത ശല്യമുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ വിമത ശബ്ദമുയർത്തുന്ന ചില ബിജെപി നേതാക്കൾ ഞായറാഴ്ച്ച കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് കാരണമായി.  
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായ രാജുഗകെ, അശോക് പൂജാരി എന്നിവരാണ് സദാശിവ നഗറിലെ ഡി.കെ ശിവകുമാറിന്റെ  വീട്ടിൽ വെച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇപ്പോൾ വിമത പക്ഷത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളോടായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർ പരാജയപ്പെട്ടത്. ഇവരാണ് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത്. 2018 ൽ മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കാനുള്ള താൽപര്യം രണ്ട് നേതാക്കളും ശിവകുമാറിനെ അറിയിച്ചു. 

 

Latest News