Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വേലക്കാരികളെ കൈമാറി വരുമാനമുണ്ടാക്കുന്നവര്‍ക്ക് പിടി വീഴും

റിയാദ് - നിയമ വിരുദ്ധമായി വരുമാനമുണ്ടാക്കുന്നതിന് വേലക്കാരി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തുന്നതായി സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. 


മനുഷ്യക്കടത്ത് കുറ്റത്തിന്റെ ഗണത്തിൽ പെടുന്ന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി നടപടികൾ സ്വീകരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയെന്നോണം, വേലക്കാരികളുടെ വിൽപന, വാടകക്ക് കൈമാറൽ, സ്‌പോൺസർഷിപ്പ് കൈമാറ്റം എന്നിവയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ നിരീക്ഷിച്ച് നിയമ ലംഘകരെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷൻ നടപടികൾ സ്വകീരിച്ചിട്ടുണ്ട്.  


ഇത്തരം കേസുകളിൽ സുതാര്യമായി അന്വേഷണം നടത്തുന്നതിനും കൈമാറ്റ പരസ്യങ്ങളിലെ വേലക്കാരുമായി അഭിമുഖം നടത്തുന്നതിനും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനും നിയമ ലംഘകരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടികൾ കൈക്കൊള്ളുന്നതിനും സുരക്ഷാ വകുപ്പുകളുമായും അന്വേഷണ, സാമൂഹിക ഏജൻസികളുമായും മനുഷ്യാവകാശ കമ്മീഷൻ ഏകോപനം നടത്തുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്.
മനുഷ്യക്കടത്തിനെതിരെ സർക്കാർ നിശ്ചയദാർഢ്യത്തോടെ പോരടിക്കുന്നു. ഏറ്റവും അപകടകരമായ കുറ്റകൃത്യമായാണ് മനുഷ്യക്കടത്തിനെ രാജ്യം കാണുന്നത്. മനുഷ്യന്റെ മാനത്തിന് മനുഷ്യക്കടത്ത് ക്ഷതമേൽപിക്കുകയും ചൂഷണത്തിനും അടിമത്തത്തിനും വിധേയനാക്കുകയും ചെയ്യുന്നു. 


മനുഷ്യക്കടത്ത് വിരുദ്ധ പോരാട്ട മേഖലയിലും കുറ്റവാളികളെ നീതിപീഠത്തിനു മുന്നിൽ ഹാജരാക്കുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായും മറ്റു രാജ്യങ്ങളുമായും സൗദി അറേബ്യ വലിയ തോതിലും സുതാര്യമായും സഹകരിക്കുന്നു. 
പുറത്തു പോകാൻ അനുവദിക്കാതെ പ്രത്യേക പരിധിയിൽ ജോലി ചെയ്യാൻ നിർബന്ധിക്കൽ, പീഡനം, ആക്രമണങ്ങൾ, തുഛമായ വേതനം, വേതനം നൽകാതിരിക്കൽ, വിശ്രമവും അവധികളുമില്ലാതെ ദീർഘനേരം ജോലി ചെയ്യിക്കൽ, പാസ്‌പോർട്ടുകളും രേഖകളും മറ്റുള്ളവർ കസ്റ്റഡിയിൽ സൂക്ഷിക്കൽ, കുടുംബാംഗങ്ങളുമായി മതിയായ നിലക്ക് ബന്ധപ്പെടാൻ അനുവദിക്കാതിരിക്കൽ എന്നിവയെല്ലാം മനുഷ്യക്കടത്ത് കുറ്റത്തിന്റെ പരിധിയിൽ വരും. 


മനുഷ്യക്കടത്ത് വിരുദ്ധ നിയമം പാസാക്കൽ അടക്കം മനുഷ്യക്കടത്ത് ചെറുക്കുന്നതിന് സൗദി അറേബ്യ ശ്ലാഘനീയമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് കേസ് പ്രതികൾക്ക് 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയാണ് മനുഷ്യക്കടത്ത് വിരുദ്ധ നിയമം അനുശാസിക്കുന്നതെന്നും സൗദി മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 

 

Latest News